A certificate ലഭിക്കുന്നത് സിനിമയുടെ സാമ്പത്തിക വിജയത്തിന് അനുകൂലമായാണോ, പ്രതികൂലമായാണോ ബാധിക്കുക എന്ന തിരിച്ചറിവുപോലുമില്ലാത്തവരെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലരും Social networking site-ലൂടെ ഒരു സിനിമക്ക് A certificate ലഭിച്ച വിവരം കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ A certificate ലഭിച്ച വിവരം അഭിമാന പൂര്‍വ്വം കൊട്ടിഘോഷിച്ച് രണ്ടാഴ്ച മുമ്പിറങ്ങിയ ഒരു സിനിമയുടെ “കാറ്റു പോയി” എന്നുള്ള വാസ്തവം ആ സിനിമയുടെ പ്രദര്‍ശന ഹാളിലെ ഒഴിഞ്ഞ സീറ്റുകള്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാവുന്നതാണ്. ഈ അവസരത്തിലാണ് A certificate ലഭിച്ചു എന്ന അവകാശവാധവുമായി റിലീസായ പാതിരാമണലിന്റെ വിജയ സാധ്യതയെക്കുറിച്ചുള്ള ആശങ്കക്ക് പ്രസക്തിയാര്‍ജ്ജിക്കുന്നത്. ഇംഗ്ളീഷിലും, പച്ച മലയാളത്തിലുമുള്ള അശ്ളീല പ്രയോഗങ്ങളോ, നായികാ നായകന്മാരുടെ പ്രണയ രംഗങ്ങളില്‍ പോലും സഭ്യതക്കപ്പുറമെന്ന് തോന്നുന്ന ചലനങ്ങളോ, നഗ്നതാ പ്രദര്‍ശനമോ ഇല്ലാഞ്ഞിട്ടും പാതിരാമണല്‍ എങ്ങനെ ഒരു A പടം ആയി എന്നത് ചിലരെങ്കിലും സംശയിച്ചു കാണും. എന്നാല്‍ പ്രതിനായക കഥാ പാത്രത്തിന്റെ കാമ ഭ്രാന്തും, അക്രമവാസനയുമാണ് സിനിമയിലെ കഥാഗതിയെ സ്വാധീനിക്കുന്നത് എന്നുള്ളതാവാം A certificate മുദ്ര ഈ ചിത്രത്തിന് ചാര്‍ത്തിക്കൊടുത്തത്. അത് കൊണ്ട് തന്നെ പാതിരാമണല്‍ കണ്ട ഏതെങ്കിലും പ്രേക്ഷകന് ഇതൊരു ‘പാതിരാപ്പടമെങ്കിലും’ ആയിരുന്നെങ്കില്‍ എന്നാശിച്ചു പോയാല്‍ കുറ്റം പറയാനാവില്ല.
ബാബു ജനാര്‍ദ്ദനന്റെ തൂലികയില്‍ നിന്നും ഉടലെടുത്ത കഥയും, കഥാ പാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതമായത് കൊണ്ട് തന്നെ ഇതിന് പുതുമകളൊന്നും അവകാശപ്പെടാനില്ല എന്ന് തന്നെ പറയാം. കന്മദത്തിലെ നായികയും, താഴ്വാരത്തിലെ പ്രതിനായകനും, ഒട്ടേറെ സിനിമകളില്‍ നാം കണ്ട് മടുത്ത നായകനും സമ്മേളിക്കുന്ന ഒരു സങ്കരയിനം ചലച്ചിത്രമാണിത് എന്നാരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതിനെ തീര്‍ത്തും നിഷേധിക്കാനുമാവില്ല. ഈ അവസരത്തിലാണ് നായികാ നായക പ്രതിനായക കഥാപാത്രങ്ങള്‍ക്ക് കാമ്പും കരുത്തും വ്യക്തിത്വവും ഉണ്ടെന്നുള്ള വസ്തുത ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നത്.നായകന്റെയും നായികയുടെയും കഥയാണ് പാതിരാമണലില്‍ പറയുന്നതെങ്കിലും പ്രതിനായക കഥാപാത്രമാണ് ചിത്രത്തില്‍ ജ്വലിച്ച് നില്‍ക്കുന്നത് എന്നുള്ളതാണ് ഈ സിനിമയുടെ സവിശേഷത. പ്രതിനായക കഥാപാത്രത്തിന്റെ ഈ സ്വാധീനത്തിന് കാരണം ശൗര്യ എന്ന വില്ലനെ അവതരിപ്പിച്ച ഗജനി fame പ്രദീപ് റാവത്തിന്റെ അഭിനയ മികവ് മാത്രമല്ല. മറിച്ച് പാത്ര സൃഷ്ടിയിലും Scene plotting-ലും തിരക്കഥാകൃത്ത് കാണിച്ച മിടുക്കും ഇതിന് സഹായകമായി എന്ന് പറയാം. അത് കൊണ്ട് തന്നെ ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും അതിനെ വേണ്ടരീതിയില്‍ അഭിനയിച്ച് പ്രതിഫ ലിപ്പിക്കാന്‍ നായികാനായകന്മാര്ക്ക് സാധിക്കാതിരുന്നതിന്റെ പോരായ്മ മങ്ങി നില്‍ക്കുകയും ചെയ്യുന്നു.
എല്‍ദോ എന്ന പിഞ്ചുബാലന് തന്റെ മാതാവിനെ rape ചെയ്യുകയും, തന്റെ പിതാവിനെ കുത്തിക്കൊലപ്പെടുത്തുന്നതും ചെയ്ത ശൗര്യ എന്ന പോലീസുകാരനോടുള്ള വൈരാഗ്യവുമായി വളര്‍ന്ന് വലുതായപ്പോള്‍ അയാളെ കൊലപ്പെടുത്താനായി പാതിരാമണല്‍ എന്ന പുഴയോര ഗ്രാമത്തിലെത്തുന്നു. അവിടെ വച്ച് പരിചയപ്പെടുന്ന സാറയുമായി എല്‍ദോ പ്രണയിത്തിലാവുന്നെങ്കിലും സാറ ശൗര്യയുടെ പുത്രിയാണെന്ന തിരിച്ചറിവ് അവനെ ധര്‍മ്മ സങ്കടത്തിലാക്കുന്നു. തൂടര്‍ന്ന് എല്‍ദോ നടത്തുന്ന നീക്കങ്ങളും അതിനെ തടുക്കുന്ന ശൗര്യയുടെ ശൗര്യവും, സാറയുടെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ നാട്യവുമെല്ലാമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. കുറഞ്ഞ രംഗങ്ങളില്‍ മാത്രമൊതുങ്ങിയെങ്കിലും എല്‍ദോയുടെ അമ്മയായി അഭിനയിച്ച ശാലുവിന്റെ പ്രകടനം നന്നായിരുന്നു. എല്‍ദോയുടെ പിതാവായി അഭിനയിച്ച ജയസൂര്യയും തന്റെ രംഗങ്ങള്‍ മികച്ചതാക്കി. ഒരു മുഴുനീള നായക വേശം ലഭിച്ചിട്ടും എല്‍ദോ എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ശക്തിയും വ്യക്തിത്വവും പ്രതിഫലിക്കുന്ന രീതിയില്‍ മികച്ചതാക്കാന്‍ ഉണ്ണി മുകുന്ദനായി എന്ന് തീര്‍ത്ത് പറയാനാവില്ല. എല്‍ദോക്ക് വേണ്ട കാമുകന്റെ നിഷ്കളങ്കതയും, അച്ചന്റെ ഘാതകനോടുള്ള പകയും ആ മുഖത്തും ശരീര ഭാഷയിലും കൊണ്ടുവരാന്‍ ഈ യുവ നടന് കഠിനമായി ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് വിസ്മരിച്ചു കൂടാ. പക്ഷേ കഥാപാത്രത്തിന് സ്വയം ഡബ്ബ് ചെയ്ത് Voice Modulation-ല്‍ തനിക്കുള്ള പോരായ്മ പ്രേക്ഷകരെ അറിയിക്കാനുള്ള സാഹസികത കാണിച്ചത് തികച്ചും ബുദ്ദിമോശമായിപ്പോയി. പലപ്പോഴും നായകന് പറയുന്ന സംഭാഷണങ്ങള്‍ക്ക് കഥാ സാന്ദര്‍ഭികമായ ഒരു സ്വര ഭാവം തന്നെയില്ല എന്നു തോന്നിപ്പോകും
.നായികയായ സാറയെ അവതരിപ്പിച്ച രമ്യാ നമ്പീശന്റെ ഡബ്ബിംഗിലാണ് ഈ പിഴവ് കൂടുതല്‍ മുഴച്ച് നില്‍ക്കുന്നത്. ചിലപ്പോള്‍ നടി എന്താണ് പറയുന്നത് എന്നു പോലും പ്രേക്ഷകന് മനസ്സിലാക്കാന്‍ ബുദ്ദിമുട്ട് നേരിടേണ്ടി വരുമ്പോഴാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഭാവന ഒരു സിനിമയെ മികച്ചതാക്കുന്നതില്‍ എത്രമാത്രം സ്വാധീനം ചൊലുത്തുന്നു എന്ന് നാം മനസ്സിലാക്കുന്നത്. സാറയെ അവതരിപ്പിക്കാന്‍ രമ്യാ നമ്പീശന് കനമദത്തിലെ കഥാപാത്രത്തെ മികച്ചതാക്കിയ മഞ്ജു വാര്യരുടെ ശൈലി അനുകരിച്ചിട്ടുണ്ടോ എന്ന് തോന്നും വിധത്തിലാണ് രമ്യ സാറക്ക് ജീവന് നല്‍കിയത്. എങ്കിലും കഥാപാത്രത്തോട് നിതി പുലര്‍ത്താന്‍ ര്മ്യ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്.
പാതിരാമണലില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്നത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് എന്നുള്ളത് ഒരു അത്ഭുതമായി തോന്നിയേക്കാം. പക്ഷേ ഒരോ രംഗങ്ങള്‍ക്കും അതിന്റേതായ ഭാവവും താളവും നല്കാന് Background Music-ന് ആയി എന്നുള്ളത് വാസ്തവമാണ്. പാതിരാമണല്‍ എന്ന പുഴയോര ഗ്രാമത്തിന്റെ ഭംഗി അഭ്ര പാളിയിലാക്കിയ മനോജ് പിള്ളയുടെ ഛായാഗ്രഹണം മികച്ച് നില്ക്കുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലെ സംഘട്ടന രംഗത്തിന് ദ്രുതവും, രൗദ്രവും, കാവ്യ ഭംഗിയും ഒരു പോലെ നല്കാന് Cinematographer -ക്കും എഡിറ്റര്‍ക്കും സാധിച്ചിരിക്കുന്നു. അഫ്സല് യൂസുഫിന്റെ സംഗീതവും, ശ്രേയാ ഗോസ്വാലിന്റെ സ്വരമാധുരിയും മൂലം ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് മികവ് പുലര്‍ത്താനായിട്ടുണ്ട്. പുതുമയില്ലാത്ത കഥയാണെങ്കിലും ശകതമായ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നടീ നടന്മാരെക്കാളും ഉത്തരവാദിത്വം അത് ദൃശ്യവത്കരിക്കുന്നതില്‍ സംവിധായകന് പത്മകുമാര്‍ കാണിച്ചിരുന്നെങ്കില്‍ പാതിരാമണലിനെ കുറച്ചെങ്കിലും മികച്ചതാക്കാനാവുമായിരുന്നു.
🙁
ഇങ്ങനെയൊരു സിനിമ ഇറങ്ങിയെന്നു ഞാനിപ്പോഴാ അറിഞ്ഞത്