ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത ( ഗംഭീരമായി ) നടന്‍ മമ്മൂട്ടിയായിരുന്നു.പിന്നീട് തീ പാറും ഡയലോഗുകളുമായി വന്ന് സുരേഷ് ഗോപി ആ ക്രെഡിറ്റ് സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ യുവ നടന്മാരില്‍ ആകാരം കൊണ്ടും പൗരുഷം കൊണ്ടും പോലീസ് വേഷങ്ങള്‍ക്ക് അനുയോജ്യനായ നടനാണ് പ്രിഥ്വിരാജ് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കില്ല തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഓരോ പോലീസ് വേഷങ്ങള്‍ക്കും പ്രിഥ്വിരാജ് എന്ന നടന്‍ നല്‍കുന്ന വ്യത്യസ്തമായ വ്യക്തിത്വം കൊണ്ട് തന്നെയാണ് പ്രിഥ്വിയുടെ പോലീസ് വേഷങ്ങള്‍ ജനങ്ങള്‍ക്ക് മടുപ്പുളവാക്കാത്തത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് മെമ്മൊറീസ് എന്ന ചിത്രത്തിലെ സാം അലക്സ് എന്ന പോലീസ് കഥാപാത്രം. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവനും നിഗൂഢതകള്‍ നിറഞ്ഞ വ്യകിത്വമുള്ളവനുമായ മുംബൈ പോലീസിലെ ആന്റണി മോസസ്ല്‍ നിന്നും, ഒഔറംഗ സേബിലെ ആര്യയില്‍ നിന്നും, മെമ്മറീസിലെ സാം അലക്സിലെത്തുമ്പോള്‍ കഥാപാത്രങ്ങളുടെ പ്രതിഫലനത്തിന് നല്‍കിയ വ്യത്യസ്ത തന്നെ മതി ഈ നടന്റെ അഭിനയ സിദ്ധിയും, സിനിമയോടുള്ള( കഥാപാത്രത്തോടും) അര്‍പ്പണ ബോധവും മനസ്സിലാക്കാന്‍ . അത് കൊണ്ട് തന്നെ ഇനിയെത്രയധികം പോലീസ് വേഷങ്ങള്‍ ഈ നടന്‍ ചെയ്താലും രൂപം കൊണ്ടും ഭാവം കൊണ്ടും വ്യകതിത്വം കൊണ്ടും അവക്ക് പുതിയ മുഖം നല്‍കാന്‍ പ്രിഥ്വിരാജിനാകും എന്ന് നമുക്കുറപ്പിച്ച് പറയാനാകും
ആക്ഷന്‍ രംഗങ്ങളും, തീപ്പൊരി സംഭാഷണങ്ങളുമില്ലാതെ ഒരു പോലീസ് സ്റ്റോറി മലയാളികള്‍ക്ക് ദഹിക്കാതിരുന്ന കാലമൊക്കെ കഴിഞ്ഞു എന്നതിന്റെ പുത്തന്‍ തെളിവാണ് മെമ്മറീസ് എന്ന ചിത്രത്തിന് മലയാളികള്‍ നല്‍കിയ സ്വീകരണം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത് യുവ താരത്തിന്റെ അതിശയിപ്പിക്കുന്ന അഭിനയം കൊണ്ട് മാത്രമല്ല എന്നുള്ളതാണ് വാസ്തവം. തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗജനത നിലനിര്‍ത്തി പ്രേക്ഷകരെ ഒട്ടും ബോറഡിപ്പിക്കാതെ അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ നല്‍കി അവരെ അതിശയിപ്പിച്ച കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് മെമ്മറീസിന്റെ ആകര്‍ഷണം എന്ന് പറയാതിരിക്കാനാവില്ല. അതി വിദഗ്ദമായ തിരക്കഥയെ സൂക്ഷമമായും ഒതുക്കത്തോടുകൂടിയും അവതരിപ്പിച്ച തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ ജിത്തു ജോസഫിന്റെ പ്രതിഭ മെമ്മറിസില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട് എന്നുള്ളത് വിസ്മരിച്ചു കൂട.
തീവ്ര വാദികളെ ആക്രമിച്ചതിന് പ്രതിഫലമായി തന്റെ ഭാര്യയെയും കുഞ്ഞിനെയും നഷ്ടപ്പെട്ട സാം അലക്സിന്( പ്രിഥ്വിരാജ്) എല്ലാറ്റിനോടും വെറുപ്പാണ്. തന്റെ ഭാര്യയുടെയും മകളുടെയും ഓര്‍മ്മകളുമായി കഴിയുന്ന അവന്റെ ഏറ്റവും വലിയ കൂട്ട് മധ്യക്കുപ്പികള്‍ മാത്രമാണ്. ദൈവത്തെ പോലും നിന്ദിക്കുന്ന മാനസികാവസ്ഥയില്‍ കഴിയുന്ന അവനെ മദ്യപാനത്തില്‍ നിന്നും അലസതയില്‍ നിന്നും രക്ഷിക്കാന്‍ സങ്കീര്‍ണ്ണമായ ഒരു സീരിയല്‍ കില്ലിംഗിന്റെ കേസുമായി അവന്റെ ഗോഡ്ഫാദര്‍ കൂടിയായ ഐജി ( വിജയ രാഘവന്‍ ) അവനെ സമീപിക്കുന്നു. ആദ്യം അത് നിരസിക്കുന്ന സാം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ ആ കേസ് ഏറ്റെടുക്കുന്നു. സാം അലക്സ് അന്വേഷണം തുടങ്ങിയതോടെ സീരിയല്‍ കില്ലിംഗ് കേസിന്റെ ദിശ തന്നെ മാറി സിനിമ പുതിയ വഴിത്തിരിവിലെത്തുന്നു. ഒട്ടേറെ സസ്പെന്സും ട്വിസ്റ്റുകളും നല്‍കി സിനിമയുടെ രണ്ടാം ഭാഗം ഉജ്ജ്വലമായി മുന്നേറി ക്ലൈമാക്സിലെത്തുമ്പോള്‍ സീരിയല്‍ കില്ലറുടെ അവസാനത്തെ ഇര അന്വേഷണ ഉദ്യോഗഥനുമായി തന്നെ ബന്ധപ്പെട്ട ആളാണെന്ന് വ്യക്തമാകുമ്പോള്‍ ഏറ്റവും ത്രില്ലിംഗ് ആയ ഒരു ക്ലൈമാക്സായി മാറുന്നു മെമ്മറീസിന്റെത്.
സിനിമയിലുടനീളം സാം അലക്സ് നിറഞ്ഞ് നില്‍ക്കുമ്പോള്‍ മിയ അവത്രിപ്പിച്ച വര്‍ഷ എന്ന ജേണലിസ്റ്റിനോ, പ്രിഥ്വിരാജിന്റെ ഭാര്യയായി അഭിനയിച്ച മേഘ്നാ രാജിന്റെ ടീന എന്ന കഥാപാത്രത്തിനോ ഒട്ടും പ്രാധാന്യമില്ലാത്തത് പോലെ തോന്നും. എങ്കിലും രാഹുല്‍ മാധവ് അവതരിപ്പിച്ച സഹോധര വേഷവൂം വിജയ രാഘവന്‍ അവതരിപ്പിച്ച ഐ ജി യും ശ്രദ്ദിക്കപ്പെട്ടു. ചിത്രാന്ത്യത്തില്‍ മാത്രം നമുക്ക് വ്യക്തമാവുന്ന വില്ലന്റെ പ്രകടനവും മോശമായില്ല. ഗാനങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത ചിത്രത്തിലെ ഗാന ചിത്രീകരണം മനോഹരമായി. പശ്ചാത്തല സംഗീതം ചിലയിടങ്ങളില്‍ അലോസരപ്പെടുത്തി എന്നു വേണം പറയാന്‍ . സിനിമയുടെ വിവിധ രംഗങ്ങള്‍ക്കായി തെരഞ്ഞെടുത്ത ലൊക്കേഷന്‍ പുതുമയുള്ളതായി തോന്നി. ആ ലൊക്കേഷനുകളെ മനോഹരമായി അഭ്രപാളികളിലാക്കാന്‍ ഛായാഗ്രാഹകനായിട്ടുണ്ട് എന്നുള്ളത് ശ്രദ്ദേയമാണ്. കോമഡി എന്ന പേരിലുള്ള കോമാളിത്തരവും പാട്ടും കൂത്തും ഒക്കെയാണ് entertainment എന്ന് പറയുന്നവരെ പോലും ആസ്വദിപ്പിക്കാനാവും വിധം ത്രില്ലിംഗാണ് മെമ്മറീസ് എന്ന് തന്നെ ഏതൊരു പ്രേക്ഷകനും പറഞ്ഞ് പോകും എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
A wonderful feed back. I would like to watch this movie as soon as possible.Vinu