വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ എന്ന അനുഗ്രഹീത നടിയെ മലയാള സിനിമക്ക് ലഭിച്ചത്. ദിലീപിനെ നായക നിരയിലേക്ക് ഉയര്‍ത്തിയ സല്ലാപം ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് മാത്രമല്ല ജനപ്രിയമായത്, സുന്ദര്‍ ദാസ് എന്ന സംവിധായകന്റെ പ്രതിഭയും ആ ചിത്രത്തെ മികവുറ്റതാക്കി എന്നുള്ളത് വാസ്തവം. എന്നാല്‍ മലയാള സിനിമ ഒരു നവോത്ഥാന യുഗത്തിലൂടെ കുതിക്കുന്ന ഈ കാലഘട്ടത്തില്‍ റബേക്ക ഉതുപ്പുമായി വന്ന സുന്ദര്‍ ദാസ് പ്രേക്ഷകനെ എത്രമാത്രം സംത്രൂപ്തിപ്പെടുത്തി എന്നത് mixed opinions ലഭിക്കുന്ന ഒരു ചോദ്യമാണ്. റബേക്ക ഉതുപ്പ് കിഴക്കേ മല, മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഒരു athlete നെപറ്റിയുള്ള സിനിമയാണെന്ന മുന്‍ധാരണയോടെ ഒരു സ്പോര്‍ട്സ് സിനിമ കാണാമെന്ന വ്യാമോഹത്തോടെ തിയേറ്ററുകളിലേക്ക് കുതിച്ച പ്രേക്ഷകരെ സുന്ദര്‍ദാസ് ട്രാക്കില്‍ കയറ്റി നിര്‍ത്തി തള്ളിയിട്ട അവസ്ഥയിലാക്കി എന്ന് പറയുന്നതായിരിക്കും ഉചിതം. മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം ഉണ്ടാകാറുള്ള കായിക പശ്ചാതലത്തിലുള്ള സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ഒരു പഴഞ്ചന്‍ Family Drama ആണ് ( വേണമെങ്കില്‍ Melodrama എന്നും പറയാം) സുന്ദര്‍ദാസ് സമ്മാനിച്ചത്. Sports Movie-യുടെ ചടുലതയും, ഉദ്വേഗവും, ത്രസിപ്പിക്കുന്ന രംഗങ്ങളും കണ്ട് രസിക്കാനെത്തിയ പ്രേക്ഷകരെ sentiments -ല്‍ കുതിര്‍ത്ത old generation കൂടുംബ കഥ കാണിച്ച് കണ്ണീരില്‍ കുളിപ്പിച്ച് കിടത്തി എന്നു പറയുന്നതായിരിക്കും ശരി. അത് കൊണ്ട് തന്നെ സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ചോടുന്ന ന്യൂജനറേഷന്‍ സിനിമകള്‍ക്കിടയില്‍ റബേക്ക ഉതുപ്പ് കാലം തെറ്റി വന്ന ഒരു ഒച്ചിനെപ്പോലെ ഇഴയുകയാണ് എന്ന് പറയാം.
റബേക്ക ഉതുപ്പ് എന്ന കായിക താരത്തിന്റെ കുടുംബ കഥ കാണിക്കാനാണ് ഉദ്ദേശമെങ്കില്‍ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ട്രാക്ക് സ്യൂട്ടണിഞ്ഞ നായികയുടെയും അവരൂടെ കോച്ചിന്റെയും ചിത്രങ്ങള്‍ കാണിക്കുന്നതിന് പകരം, കച്ചയും മുണ്ടും ഉടുത്ത് നില്‍ക്കുന്ന നായികയെയും കുടുംബത്തെയും ക്രിസ്ത്യന്‍ പള്ളിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിയെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടൊ ആയിരുന്നു പോസ്റ്ററുകളില്‍ വേണ്ടിയിരുന്നത്. എന്നാല്‍ പിന്നെ ഉദ്വേഗം നിറഞ്ഞ ഒരു സ്പോര്‍ട്സ് മൂവി കാണാനെന്ന് കരുതി വന്ന പ്രേക്ഷകരെ കരയിപ്പിക്കാതിരിക്കാനെങ്കിലും സംവിധായകനാവുമായിരുന്നു.
ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്ന റബേക്ക ഉതുപ്പ്, കിഴക്കേമല എന്ന മലയോര ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നം കൊണ്ട് ഏഷ്യന്‍ ഗെയിംസ് വരെ എത്തി സ്വര്‍ണ്ണം നേടി നാട്ടുകാരുടെ ( ഭാരതത്തിന്റെയും) അഭിമാനമായി മാറുന്നതാണ് ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ നാം കാണുന്നത്. visual effects -ഉം compositing-ഉം വിദ്ഗ്ദമായി പ്രയോജനപ്പെടുത്തിയ ഒട്ടേറെ മലയാള സിനിമകള്‍ ഉണ്ടെന്നിരിക്കെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന റബേക്ക ഉതുപ്പിന്റെ പ്രകടനം ടി വി- യില്‍ കാണിച്ചത് വളരെ നിലവാരം കുറഞ്ഞ compositing -ഉംDD Sports ചാനലിലെ ചില ക്ലിപ്പിംഗുകളും കൂട്ടിക്കലര്‍ത്തിയാണെന്നുള്ളത് തന്നെ ചിത്രത്തിന്റെ സാങ്കേത്ക നിലവാരം വ്യകതമാക്കുന്നുണ്ട്.
സ്വര്‍ണ്ണമെഡല്‍ ജേതാവായ റബേക്കയുടെ ഒളിംബിക്സ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ കഥ പറയുന്നതിന് പകരം സംവിധായകന്‍ ക്യാമറയുമായി റബേക്കയുടെ കുടുംബത്തിലേക്കാണ് നേരിട്ട് ചെല്ലുന്നത്. വീട്ടുകാരെ എതിര്‍ത്ത് വിവാഹിതരായ റബേക്കയുടെ മാതാപിതാക്കളുടെ കഥയുമായി പഴഞ്ചന്‍ മട്ടില്‍ നീങ്ങുന്ന ചിത്രത്തിന്റെ മുഷിപ്പില്‍ നിന്നും പ്രേക്ഷകന് രക്ഷ ലഭിക്കുന്നത് റബേക്കയെ പരിശീലിപ്പിക്കാനായെത്തുന്ന പുതിയ കോച്ചിന്റെ ( സിദ്ധാര്‍ഥ് ഭരതന്‍ ) രംഗപ്രവേശത്തോടെയാണ്. അതിനിടയില്‍ ഇടകിടെ തിരുകിക്കയറ്റിയ കോമഡി സ്കിറ്റ് പോലെയുള്ള സുരാജ് വെഞ്ഞാറമ്മൂടിന്റെയും, ഷാജോണിന്റെയും ചില തമാശ രംഗങ്ങളുമുണ്ട് കേട്ടോ. കഥയുമായി കാര്യമായൊരു ബന്ധവുമില്ലാത്ത ഇത്തരം രംഗങ്ങള്‍ നമ്മെ മലയാള സിനിമയുടെ ബ്ലാക്ക് & വൈറ്റ് യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയോ എന്ന് സംശയിച്ച് പോവും (പഴയ സിനിമക്ളിലായിരുന്നല്ലോ അളന്ന് ചിട്ടപ്പെടുത്തിയ ചേരുവ പോലെ അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും മറ്റും തമാശ രംഗങ്ങള്‍ ഇടക്കിടെ കാണിച്ചു കൊണ്ടിരുന്നത്.) വീട്ടുകാരുമായുള്ള റബേക്കയുടെ അമ്മച്ചിയുടെ 22 വര്‍ഷക്കാലത്തെ പിണക്കം മാറ്റാന്‍ മുന്നിട്ടിറങ്ങിയ റബേക്കയുടെ അമ്മാവന്‍ അതിനിടയില്‍ തന്റെ കാഞ്ഞിരപ്പളിക്കാരനായ അളിയനെ( ജിഷ്ണു) റബേക്കക്ക് വിവാഹമാലിചിക്കുന്നു. ഇതിനിടയില്‍ റബേക്കയുടെ അയല്‍വാസിയായ കോളേജ് പയ്യന്‍ റബേക്കയും കോച്ചും തമ്മിലുള്ള ബന്ധത്തെ സംശയിച്ച് ചില ചാപല്യങ്ങള്‍ ചെയ്യുന്നതോടു കൂടി റബേക്ക ഉതുപ്പ് എന്ന കായികതാരത്തിന്റെ കുടുംബ കഥ സങ്കീര്‍ണ്ണമാകുന്നു. പ്രേക്ഷകന്റെ സഹന ശക്തി ഇതിനകം കൂടിയത് കൊണ്ട് കാര്യമായ പ്രശനമുണ്ടാകാതെ അവര്‍ അടങ്ങിയിരിക്കുകയും ചെയ്തോളും. (തൊണ്ണൂറുകളിലെ ഒരു കുടുംബ ചിത്രം കാണാനാണ് തങ്ങള്‍ വന്നതെന്ന് സങ്കല്‍പ്പിച്ചാല്‍ ഏത് പ്രേക്ഷകനും സിനിമ കണ്ടിരുന്നു പോകും)
റബേക്ക ഉതുപ്പ് എന്ന ഓട്ടക്കാരിയാവാനുള്ള കായികക്ഷമതയോ, ശാരീരിക യോഗ്യതയോ ആന്‍ അഗസ്റ്റിനില്ലെങ്കിലും റബേക്ക എന്ന ഉതുപ്പിന്റെ മകളായ ക്രിസ്ത്യന്‍ യുവതിയെ ഭംഗിയായി തന്നെ ഈ നടി അവതരിപ്പിച്ചിട്ടുണ്ട്. ഉതുപ്പായി അഭിനയിച്ച സായി കുമാര്‍ താന്‍ നല്ലൊരു സ്വഭാവ നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സിനിമയില്‍ മൂന്ന് നായകന്മാരുണ്ടെങ്കിലും നായകന്മാര്‍ക്ക് പ്രാധാന്യമില്ലാത്ത ഈ ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ പ്രകടനം തെറ്റില്ല എന്ന് തന്നെ പറയാം. ജിഷ്ണു അഭിനയത്തില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം Voice modulation-ല്‍ തന്റെ അപാകതകള്‍ ഈ സിനിമയിലൂടെ പരിഹരിച്ചു എന്ന് വേണം കരുതാന്‍ . മലയാളികള്‍ക്ക് സുപരിചിതരായ മറ്റു നടീ നടന്മാരുടെ പ്രകടനവും ചിത്രത്തിന് മാറ്റ് കൂട്ടി. കിഴക്കേമല എന്ന മലയോര ഗ്രാമത്തിന്റെ പച്ചപ്പും ശാലീനതയും പകര്‍ത്തിയ ഛായാഗ്രഹണവും മികവ് പുലര്‍ത്തിയിരിക്കുന്നു. V.C അശോകിന്റെ തിരക്കഥയിലെ പഴഞ്ചന്‍ മട്ടിലൂള്ള കഥപറച്ചില്‍ സിനിമക്ക് മുതല്‍കൂട്ടായില്ലെങ്കിലും രതീഷ് വേഗയുടെ സംഗീതവും ദിലീപിന്റെ സ്വരത്തിലുള്ള നരേഷനും ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായി. നല്ലൊരു കുടുംബ ചിത്രം കാണുക എന്ന ഉദ്ദേശത്തോടെ തിയേറ്ററിലേക്കെത്തുന്ന പ്രേക്ഷകരെ റബേക്ക ഉതുപ്പ് മുഷിപ്പിക്കില്ല എന്ന് തന്നെ പറയാവുന്നതാണ്