പരസ്യ നിര്‍മ്മാണ രംഗത്തു നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ച സംവിധായകരെല്ലാം ഒരു പാട് വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പരസ്യ ചിത്ര ലോകത്തു നിന്നും വന്ന V.K പ്രകാശും ആഷിഖ് അബുവുമെല്ലാം മലയാള സിനിമാ പ്രേമികള്‍ക്ക് പ്രമേയപരമായും, ആഖ്യാനപരമായും പുതുമ പുലര്‍ത്തുന്ന സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഇവരെപ്പോലെ പരസ്യലോകത്ത് നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ചു കൊണ്ട് Lucky Star-മായി വാന്ന ദീപു അന്തിക്കാട് എന്ന സംവിധായകന്‍ മലയാള സിനിമാ ലോകത്തിന് ഒരു ഭാഗ്യതാരമാകുമെന്ന പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് തന്റെ സംവിധാനത്തിലെ മികവ് കാണിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജയറാമിന് കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമകള്‍ മുതല്‍ക്കൂട്ടായില്ലെങ്കിലും Lucky Star അദ്ദേഹത്തിന്റെ ജനപ്രിയത നിലനിര്‍ത്താനുള്ള ഒരു ഭാഗ്യ ചിത്രമാകുമെന്നാണ് കരുതേണ്ടത്. ഒരു സിനിമ എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം നേടാനാകൂ എന്നിരിക്കേ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചു കൊണ്ടാണ് ലക്കി സ്റ്റാര്‍ മലയാളികള്‍ക്ക് മുന്നിലവതരിക്കുന്നത്. ഒരു പുതുമുഖ സംവിധായകന്റെ സിനിമ തീര്‍ച്ചയായും ഒരു ന്യൂ ജനറേഷന്‍ ചിത്രമായിരിക്കുമെന്നും, അത് ഏതെങ്കിലും വിദേശ ഭാഷാ ചിത്രത്തിന്റെ മലയാളം version ആയിരിക്കുമെന്നും ഉള്ള മുന്‍ ധാരണയുമായി ആരും Lucky Star കാണാന്‍ പോകേണ്ടതില്ല. Lucky Star പുതുമയുള്ള ഒരു സാധാരണ മലയാള ചിത്രമാണ് എന്നുള്ളതാണ് വാസ്തവം. പക്ഷേ സിനിമയുടെ പ്രമേയം ഏതെങ്കിലും വിദേശ ചിത്രത്തില്‍ നിന്നും അനുവര്‍ത്തിച്ചതല്ലെങ്കിലും, നാം പത്രങ്ങളില്‍ വായിച്ചു മറന്ന ഒരു യാഥാര്‍ഥ സംഭവമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് പറയാതിരിക്കാനാവില്ല.
സിനിമാ മോഹവുമായി ചെന്നൈയിലെത്തി ഒരു സാധാരണ തയ്യല്‍ക്കട നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടേത്തേണ്തി വന്ന രഞ്ജിത്ത് ( ജയറാം)- ജാനകി( രചന) ദമ്പതിമാര്‍ക്ക് പക്ഷേ സമ്പ ന്നരാവുക എന്നുള്ള മോഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. പൊള്ളയായ ആര്‍ഭാടവും പൊങ്ങച്ചവുമായി കഴിയുന്ന ദമ്പതികള്‍ തങ്ങളുടെ പുതിയ വ്യാപാര സംരംഭം തുടങ്ങാന്‍ നെട്ടോട്ടമോടിയെങ്കിലും സാമ്പത്തിക പരിമിതി അവരെ തളര്‍ത്തുന്നു. ഈ അവസരത്തിലാണ് കുട്ടികളില്ലാത്ത ദു:ഖവുമായി അമേരിക്കന്‍ ദമ്പതികള്‍ ‘വാടകക്കൊരു ഗര്‍ഭ പാത്രം’ എന്ന ആവശ്യവുമായി Infertility treatment Specialist- ആയ Dr. ജോണിന്റെ ( മുകേഷ്) ക്ലിനിക്കിലെത്തുന്നത്. സുന്ദരിയായ ഒരു അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ തങ്ങളുടെ കുഞ്ഞ് വളരണമെന്ന അമേരിക്കന്‍ ദമ്പതികളുടെ ആവശ്യം നടത്തിക്കൊടുക്കാനൊരുങ്ങുന്ന ഡോക്ടര്‍ക്ക് മുന്നില്‍ പണത്തിന്റെ അത്യാവശ്യം മൂലം രഞ്ജിത്തിന്റെ ഭാര്യ ജാനകി തന്നെ surrogate mother ആയി മാറുന്നു. അങ്ങനെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് അമേരിക്കന്‍ ദമ്പതികള്‍ വിവാഹ മോചനം നടത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത അവര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ഈ ആണ്‍ കുഞ്ഞിന്റെ ജന്മത്തോടെ രഞ്ജിത്ത് -ജാനകി ദമ്പതിമാരുടെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരക്കപ്പെടുമ്പോള്‍ ‘ ലക്കി ‘ എന്ന് വിളിപ്പേരുള്ള ആ ആണ്‍കുട്ടി അവരുടെ ലക്കി സ്റ്റാര്‍ ആയി മാറുന്നു. ഇതേ തുടര്‍ന്ന് സന്തുഷ്ട ജീവിതം നയിക്കുന്ന ഇവര്‍ക്കിടയിലേക്ക് മകനെ ആവശ്യപ്പെട്ടുകൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയിലുള്ള യഥാര്‍ഥ അമ്മ ( സ്വപ്ന) വരുന്നതോടെ കഥാഗതി പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
ദശരഥം എന്ന ചിത്രത്തിലൂടെ വാടക ഗര്‍ഭപാത്രത്തിന്റെ കഥ മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും അവിശ്വസനീയമായ ഒരു കഥയെ തീര്‍ത്തും ലളിതവും യാഥാര്‍ഥ്യമെന്ന പോലെ തോന്നിപ്പിക്കും വിധം അവതരിപ്പിച്ചു എന്നുള്ളതാണ് Lucky star- ന്‍റെ ഭാഗ്യമായത്. സത്യന്‍ അന്തിക്കാടിന്റെ ശിഷ്യന്‍ കൂടിയായ സംവിധായകന്‍ ചെന്നൈ എന്ന മെട്രോ നഗരത്തില്‍ നടക്കുന്ന കഥയെ മലയാളിത്തവും, നര്‍മ്മവും ചാലിച്ച് അവതരിപ്പിക്കുക വഴി ലളിതവത്കരിക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ ന്യൂ ജനറേഷന്‍ ഭീതിയില്ലാതെ തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി തന്നെ ഈ സിനിമ കാണാം എന്നുള്ളതാണ് ഇതിന്റെ സവിശേഷത. ചിതര്ത്തിന്‍റെ ആദ്യപകുതിയിലെ വളിപ്പല്ലാത്ത നര്‍മ്മ രംഗങ്ങള്‍ തീര്‍ച്ചയായും പ്രേക്ഷകരെ രസിപ്പിക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ നമ്മള്‍ കണ്ട് മറന്ന ചില സിനിമയിലെ ( ടീ വീ സീരിയലിലെയും ) രംഗങ്ങള്‍ ഈ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയും sentiments -ഉം melodrama-യും കൂട്ടിക്കലര്‍ത്തി ഇഴഞ്ഞ് നീങ്ങുന്നത് ചില പ്രേക്ഷകരെയെങ്കിലും മുഷിപ്പിക്കും എന്ന് പറയാതിരിക്കാനാവില്ല.
Lucky star -നെ ഒരു കുടുംബ ചിത്രമാക്കി മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചത് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ബാല കഥാപാത്രങ്ങള്‍ക്കും നായക കഥാപാത്രത്തിന്റെ അത്ര തന്നെ പ്രാധാന്യം നല്‍കി രചിച്ച ലളിതവും പക്വതയുമുള്ള തിരക്കഥയാണ്. സിനിമയിലെ സംഭാഷണങ്ങള്‍ പലതും നാം നിത്യ ജീവിതത്തില്‍ കേള്‍ക്കാനിടയുള്ള രീതിയില്‍ യാഥാര്‍ഥ്യം തുളുമ്പുന്നവയും, നാടകീയത കുറഞ്ഞതുമാണ് എന്നുള്ളതും Lucky Star -ന്റെ മാറ്റ് കൂട്ടുന്നു. ജയറാം എന്ന ജനപ്രിയ നായകന്റെ താരപദവി ഉപയോഗപ്പെടുത്താതെ തന്നെ രന്ജിത് എന്ന സ്വപ്ന സഞ്ചാരിയും, പൊങ്ങച്ചക്കാരനുമായ ഗൃഹ നാഥനെ തികച്ചും നൈസര്‍ഗ്ഗികമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷും-ജയറാമും സുഹൃദ് ജോഡിയൂം ചിത്രത്തിന് തിളക്കം കൂട്ടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ (പ്രത്യേകിച്ച് surrogate mother- നെ അന്വേഷിച്ചു പോകുന്ന രംഗങ്ങള്‍ ) പ്രേക്ഷകര്ക്കിടയില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ജാനകി എന്ന കഥാപ്ത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ആ കഥാപാത്രത്തിന് ജീവന്‍ നല്കിയ രചന എന്ന അഭിനേത്രിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് തന്നെ പറയാം. ലക്കി ആയി അഭിനയിച്ച ബാലതാരത്തിന്റെ കുസൃതിയും നിഷകളങ്കതയും നിറഞ്ഞ അഭിനയവും പ്രേക്ഷകരെ രസിപ്പിച്ചു.
കൃത്യതയും വ്യക്തതയും നിറഞ്ഞ ഷോട്ടുകള്‍ കഥാഖ്യാനത്തിന് സമ്മാനിച്ച വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണം മികവ് പുലര്‍ത്തി (പ്രത്യേകിച്ച് കുട്ടികളുടെ സ്കേറ്റിംഗ് മത്സരം ചിത്രീകരിച്ചത്). ഗാനങ്ങള്‍ അത്ര മനോഹരമായില്ലെങ്കിലും കുട്ടികളെ പ്രീതിപ്പെടുത്തുന്ന രീതിയിലുള്ള ഒരു ഗാന ചിത്രീകരണവും ലളിതമായി ഉപയോഗപ്പെടുത്തിയ Visual effects-ഉം നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ഒരു പരസ്യ ചിത്ര സംവിധായകന്റെ സിനിമയില്‍ പ്രതീക്ഷിക്കാവുന്ന മനോഹാരിതയും കവ്യാത്മകതയും നിറഞ്ഞ രംഗങ്ങള്‍ക്ക് പകരം ടീ വി സീരിയലിലെ രംഗങ്ങളോട് സാമ്യം തോന്നുന്ന സീനുകള്‍ കൂട്ടിച്ചേര്‍ത്തത് ശരിയായില്ല എന്നു വേണം പറയാന്‍ . അമേരിക്കയില്‍ സ്ഥിര താമസമാക്കിയവര്‍ സ്പഷ്ടമായി മലയാളം പറയാറില്ല എന്ന ക്ളീഷേ സ്വപ്ന എന്ന കഥാപാത്രത്തിലൂടെ ഈ സിനിമയും പിന്തുടരുന്നത് ഖേദകരമായിപ്പോയി. ന്യൂ ജനറേഷന്‍ യുഗത്തിലെ നവാഘത സംവിധായകന്‍ അവതരണ രീതിയില്‍ പുതുമയൊന്നും കൊണ്ടു വരാഞ്ഞതും പ്രേക്ഷകരെ നിരാശപ്പെടുത്തുമെങ്കിലും കുടുംബത്തോടൊപ്പം സ്വസ്ഥമായിരുന്ന് കാണാനാവുന്ന എല്ലാ വിഭവങ്ങളും സമ്മാനിക്കുക വഴി ‘ലക്കി സ്റ്റാര്‍’ പ്രേക്ഷകന്റെ വിനോദത്തിനുള്ള സമയം തെളിയിച്ചിരിക്കുകയാണ്.