ശൃഗാരവേലന്‍ : സ്ഥിരം ഫോര്‍മുല ചിത്രങ്ങളുടെ ജനപ്രിയത ആവര്‍ത്തിക്കുന്നു ..

ഒട്ടേറെ ക്ലാസ് ചിത്രങ്ങള്‍ തമിഴില്‍ ഇറങ്ങാറുണ്ടെങ്കിലും തമിഴ് മക്കള്‍ക്ക് എന്നും പ്രിയങ്കരം മാസ്സ് ചിത്രങ്ങളോടാണ് എന്നത് പോലെ നിരവധി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോകാറുണ്ടെങ്കിലും ശരാശരി മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് നര്‍മ്മത്തിന്റെ മേമ്പൊ ടിയോടെ പറയുന്ന കുടുംബ ചിത്രങ്ങളാണ്.  ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ ഇത്തരം നര്‍മ്മ ചിത്രങ്ങളുടെ നിലവാരത്തെപ്പറ്റി നല്ല അഭിപ്രായം പറയില്ലെങ്കിലും ഇത്തരം ചിത്രങ്ങളുടെ ബോക്സോഫീസ് വിജയം ന്യൂ ജനറേഷന്റെ കണ്ണ് തള്ളിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മായാമോഹിനിയുടെ വമ്പന്‍ വിജയത്തിനു ശേഷം ദിലീപ്-ജോസ് തോമസ്- സിബി- ഉദയ കൃഷ്ണ്ടീമിന്റെ ശൃഗാരവേലനും ന്യൂ ജനറേഷന്‍ കാഴ്ചപ്പാടില്‍ നിലവാരത്തകര്‍ച്ചയുള്ളതാണെങ്കിലൂം സാധാരണക്കാരായ കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ട യഥാര്‍ഥ വിനോദ ചിത്രമാണ്  ഇത് എന്ന് എല്ലാവരൂം അംഗീകരിക്കും.ഒരു പക്ഷേ ലോകത്ത്  ഏറ്റവുമധികം കുടുംബ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് മലയാള ഭാഷയിലാണെന്ന് തോന്നുന്നു. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ചിത്രങ്ങള്‍ പറയുമ്പോള്‍ സാധാരണ മലയാളി അവയെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നതിന് അത്തരം സിനിമകളുടെ ബോക്സോഫീസ് റെക്കോഡുകള്‍ തന്നെ തെളിവാണ്.

ന്യൂ ജനറേഷന്‍ സിനിമകളുടെ കുത്തൊഴുക്കിലും ആ പഴയ വിജയ ഫോര്‍മ്മുല തന്നെ പിന്തുടരുന്നതാണ് ദിലീപിനെ ഇന്നും ജനപ്രിയ നായകനായി മലയാളികള്‍ കാണുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ സാമ്പത്തിക വിജയം നേടുന്നതിനും കാരണം. മലയാളികള്‍ക്കാവശ്യമായ വിനോദത്തിന്റെ ചേരുവകള്‍ കൃത്യമായി ഉള്‍ക്കൊള്ളിക്കാന്‍ ദിലീപ് ചിത്രങ്ങളുടെ സ്ഥിരം തിരക്കഥാകൃത്തുകള്‍ ശ്രദ്ദിക്കാറുള്ളതൂം ദിലീപ് സിനിമകളെ ജനപ്രിയമാക്കുന്നു. സിനിമ ഒരു വിനോദോപധിയും വ്യവസായവും മാത്രമായി കാണുന്നവര്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടാവാനിടയില്ല. എന്നാല്‍ സിനിമയുടെ കലാമൂല്യവും, നിലവാരവുമെല്ലാം മാനദണ്ഡമാക്കി ഒരു ചലച്ചിത്രത്തെ വിലയിരുത്തുന്നവരെ ഒട്ടും സംത്രൂപ്തിപ്പെടുത്തുന്നവയല്ല ഈ ജനപ്രിയ താരത്തിന്റെ ചിത്രങ്ങള്‍ . വിധേശ ഭാഷാ ചിത്രങ്ങളെ കേരളത്തിലേക്ക് പറിച്ച് നട്ട് അവക്ക് മലയാളം മൊഴി കൊടുത്ത് ന്യൂ ജനറേഷന്‍ ലാബലില്‍ പുറത്തിറക്കുന്ന ചിത്രങ്ങള്‍ക്കും ഇക്കൂട്ടര്‍ നിലവാരമുണ്ടെന്ന് പറയില്ല. വേണമെങ്കില്‍ വ്യത്യസ്തതയുള്ള സിനിമ എന്ന് മാത്രം പറഞ്ഞ് അവയെയും ഒതുക്കി നിര്‍ത്തിയേക്കാം. അപ്പോ പിന്നെ സാധാരണ പ്രേക്ഷകരെ രസിപ്പിക്കുന്ന വിനോദ ചിത്രങ്ങളിലെ നിലവാരത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.

നെയ് ത്തുകാരന്റെ മകനായ കണ്ണന് ( ദിലീപ്) പെട്ടെന്ന് പണക്കാരനാവാനുള്ള മോഹമാണ്. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ടെങ്കിലും അച്ഛനോടോപ്പം നിന്ന് കുലത്തൊഴില്‍ ചെയ്താല്‍ സമ്പ ന്നനാവാനാവില്ല എന്ന് വിശ്വസിക്കുന്ന കണ്ണന്‍  ഗുണ്ടയായ യേശുവിനെ ( ലാല്‍ ) പരിചയപ്പെടുന്നതോടെ അയാളോടൊപ്പം കൂടി അധികം മേലനങ്ങാതെ ധനികനാവാമെന്ന് വ്യാമോഹിക്കുന്നു. എന്നാല്‍ വേല ചെയ്യാതെ തന്നെ വെറും ശൃംഗരിച്ച് നടന്ന് തന്നെ കോടീശ്വരനാവാനുള്ള കുറുക്കു വഴികളാണ് യേശു  കണ്ണന് ഉപദേശിച്ചു കൊടുക്കുന്നത്. അങ്ങനെ യാദൃശ്ചികമായാണെങ്കിലും ധനികയായ തമ്പുരാട്ടിക്കുട്ടിക്ക് ( വേദിക)  കണ്ണന്‍ പുടവ കൊടുക്കുന്നതോടെ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ജോസ് തോമസ് ശൃംഗാര വേലനില്‍ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലഹാസ്സന്‍ നായകനായി ഇതേ പേരില്‍ ഒരു തമിഴ് ചലച്ചിത്രമിറങ്ങിയിട്ടുണ്ടെങ്കിലും ചിത്രങ്ങളുടെ പേരില്‍ മാത്രമേ സാമ്യമുള്ളൂ എന്നത് ആശ്വാസകരമാണ്.

അഭിനയ സാധ്യതയുള്ള കഥാപാത്രമല്ലെങ്കിലും കണ്ണനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റാന്‍ ദിലീപിന്റെ നൈസര്‍ഗ്ഗികമായി നര്‍മ്മത്തിന് സാധിച്ചിട്ടുണ്ട്. കണ്ണനെ രസികനാക്കി മാറ്റുന്നതില്‍ കൂട്ടുകാരനായി അഭിനയിച്ച ഷാജോണീന്റെ പ്രകടനവൂം മാറ്റു കൂട്ടി. ഗുണ്ടയായി വന്ന് ലാല്‍ പ്രേക്ഷകരെ ചിരിപ്പിച്ചപ്പോള്‍ ജോയ് മാത്യുവിന്റെ ഡി ജി പി പ്രേക്ഷകരെ അമ്പരിപ്പിച്ചു . നായികയുടെ പ്രകടനം മികച്ചതെന്ന് പറയാനാവില്ലെങ്കിലും വേദികയുടെ നിഷ്കളങ്ക ഭാവങ്ങള്‍ കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന് മുതല്‍ക്കൂട്ടായി.

ഒരു കാലത്ത് മലയാള സിനിമകളില്‍ സ്ഥിരമായി കാണാറുള്ള ആവര്‍ത്തന വിരസതയുള്ള രംഗങ്ങളൂം, ആള്‍ മാറാട്ടവും, പ്രശ്നം വെപ്പികലും, പൂജ നടത്തലും ശൃംഗരവേലനില്‍ തിങ്ങി നിറഞ്ഞിട്ടുണ്ടെങ്കിലൂം മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനുള്ള വെടിക്കെട്ട് ഈ ചിത്രത്തിലുണ്ട് എന്നുള്ളത് ആശ്വാസകരമാണ്. അയല്‍ പക്കത്തെ പയ്യനായും, ജനപ്രിയ താരമായൂം ദിലീപിനെ കാണൂന്ന കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ചിത്രത്തിലുണ്ട് എന്നുള്ളത് കൊണ്ട് തന്നെ ഇതൊരു ജനപ്രിയ ചിത്രമായി അംഗീകരിക്കപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Comment