സസ്പെൻസ് ത്രില്ലറിന്റെ ചടുലതയോടു കൂടി ഗൗരവമായ ഒരു വിഷയവുമായി കഹാനി-2

കഹാനി-1 കണ്ട് ആവേശം കൊണ്ടവരെ ഒട്ടും നിരാശപ്പെടുത്താതെയാണ് കഹാനി-2വു മായി വിദ്യാ ബാലൻ -സുജയ് ഘോഷ് -സുരേഷ് നായർ ടീം വന്നിരിക്കുന്നത്. ഇത്തവണ ഒരു പ്രതികാര കഥയല്ല പറയുന്നതെങ്കിലും പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിക്കുവാൻ കഹാനി-2വിനായിട്ടുണ്ടെന്ന് ഒറ്റ വാക്കിൽ പറയാം. ഒരു സസ്പെൻസ് ത്രില്ലറിന്റെ ചടുലതയോടു കൂടി ഗൗരവമായ ഒരു വിഷയം തീർത്തും ഫലവത്തായി അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. തനിക്ക് വന്ന ഗതികേട് മറ്റൊരാൾക്ക് വരാതിരിക്കാൻ ഒരു സത്രീ സമൂഹത്തോടും നിയമ പാലകരോടും നടത്തുന്ന ഒറ്റയാൾ സമരമാണ് കഹാനി-2വിന്റെ ഇതിവൃത്തം.

ബാല്യ കാലത്തുണ്ടായ ലൈംഗിക പീഢനത്തിന്റെ ഫലമായി വിവാഹ ബന്ധം തകരാറിലായി തനിച്ച് ജീവിക്കുന്ന ദുർഗ്ഗ ( വിദ്യ ബാലൻ) ആറ് വയസ്സ് കാരിയായ മിനി Child abuse-നിരയാവുന്നുണ്ടെന്ന് കണ്ടെത്തുന്നു. മിനിയെ അവളുടെ അങ്കിളിന്റെ ( ജുഗൽ ) പീഢനത്തിൽ നിന്നും രക്ഷപ്പെടുത്തി മറ്റൊരിടത്ത് മറ്റൊരു പേരിൽ ജീവിക്കുന്ന ദുർഗ്ഗയെ പക്ഷേ ഒരു പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസന്വേഷിക്കുന്നതാവട്ടെ ദുർഗ്ഗയുടെ പഴയ ഭർത്താവ് ഇൻസ്പെക്ടർ ഇന്ദ്രജിതും (അർജുൻ രാംപാൽ). . അങ്ങനെ പോലീസിനോടും വില്ലനോടും പൊരുതി Child abuse-ൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ഒരു സ്ത്രീ നടത്തുന്ന സാഹസികമായ കഥയാണ് കഹാനി-2വിന് പറയാനുള്ളത്.ഖാന്മാരും കപൂറുമാരും അരങ്ങ് വാഴുന്ന ബോളിവുഡിന് ഒരു ലേഡി സുപ്പർ സ്റ്റാറുണ്ടെങ്കിൽ ആ പട്ടത്തിന് തീർച്ചയായും യോഗ്യതയുള്ളത് വിദ്യാ ബാലൻ തന്നെയാണെന്ന് കഹാനി സീക്വലുകൾ കണ്ട പ്രേക്ഷകർ സമ്മതിച്ചു പോവും.നായികയുടെ പ്രകടനത്തിന്റെ മികവ് കൊണ്ട് തിരക്കഥയിലെ ചെറിയ പാളിച്ച ശ്രദ്ധിക്കാതെ സിനിമ ഒരു കിടിലൻ ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് നൽകുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് വിദ്യക്ക് മാത്രം അവകാശപ്പെട്ടതാണ്.തിരക്കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള പശ്ചാത്തലവും ഛായാഗ്രഹണവും എഡിറ്റിംഗും വിദഗ്ദമായി ക്രോഡീകരിക്കാൻ സുജയ് ഘോഷിനായിട്ടുണ്ട്. തന്റെ ഷോർട്ട് ഫിലിം അഹല്യയിലെ അഭിനേതാക്കളെയും ഉൾപ്പെടുത്തി മികച്ച കാസ്റ്റിംഗാണ് കഹാനി-2വിന് നൽകിയിരിക്കുന്നത്ഒരു നല്ല സിനിമയുടെ ക്ലൈമാക്സ് എപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലായിരിക്കും. പക്ഷേ അതവർ പ്രതീക്ഷിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്നിടത്താണ് ഒരു സിനിമയുടെ വിജയം. അങ്ങനെയെങ്കിൽ ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെട്ടു പോകുന്ന ഒരു Must See Film തന്നെയാണ് കഹാനി-2

Leave a Comment