സ്വപ്നാടനപ്പക്ഷി

അസ്തമയ സൂര്യന്റെ ചുവപ്പിന് ഇന്നെന്തോ നിറം മങ്ങിയിരിക്കുന്നു. എങ്കിലും കാര്‍മേഘങ്ങളുടെ ഇരുണ്ട മറക്ക് പിന്നില്‍ നിന്നും ആ അരുണ സൂര്യന്റെ ശോഭ ചിന്നിച്ചിതറി അനന്തമായ സമുദ്രത്തിലെ തിരയിളക്കത്തിന് സ്വര്‍ണ്ണ വര്‍ണ്ണത്തിന്റെ ചാരുതയേകുന്നുണ്ട്. ഓല മേഞ്ഞ തന്റെ കുടിലില്‍ നിന്നും ആ മഹാ സമുദ്രത്തില്‍ മുങ്ങിത്താഴുന്ന സൂര്യനെ ജനലഴികള്‍ക്കിടയിലൂടെ നോക്കിയിരിക്കുന്നതിനിടയില്‍ അവളേതോ സ്വപ്നത്തില്‍ മുഴുകി. ചുവന്ന മാനത്തെ വിസ്മയങ്ങള്‍ എന്നും അവളെ മോഹിപ്പിക്കുമായിരുന്നു. അരുണ ശോഭയാല്‍ തിളങ്ങുന്ന അവളുടെ സുന്ദര വദനത്തെ മറച്ചു കൊണ്ട് ഇളം കാറ്റ് അവളുടെ നീളന്‍ തലമുടിയെ തഴുകിയിട്ടു.

അവക്കട കെട്ടിയോനോട് ചെന്ന് പറഞ്ഞാ മതി, ഹല്ലേയ്!

ഇന്നും അമ്മ ആരാണ്ടെടുത്തോ വഴക്കിട്ടോണ്ടാ വരണത്. ഇനി അതിന്റെ ബാക്കി ഇവിടെ അരങ്ങേറും… ന്റെ കടലമ്മേ! അമ്മേടെ നാക്കിനെ നീ കാത്തോണേ.

ഒരു വീണ പുഷ്പത്തെ പോലെ കട്ടിലില്‍ കിടന്നിരുന്ന വീണ മെല്ലെ നിവര്‍ന്ന് കൊണ്ട് തന്നോടു തന്നെ പറഞ്ഞു.

അവക്കട സൂക്കേട് ഞാന്‍ മാറ്റിക്കൊടുക്കാം.. ഇങ്ങാട്ട് വരട്ടെ

പിറു പിറുത്തുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.

ഇന്ന് മീന്‍ കുട്ട മുഴുവനും കാലിയായിരിക്കുന്നു. അങ്ങേക്കരയില്‍ പോയി വിറ്റപ്പം നല്ല കച്ചോടമുണ്ടായെന്ന് തോന്നുന്നു. അടുക്കളയില്‍ കുട്ട വച്ച് അമ്മ തന്റെയടുത്ത് വന്നലറി.

വെട്ടമില്ലേല്‍ പോലും ഒരു മണ്ണേണ്ണത്തിരി കത്തിക്കാനാവില്ലാലേ നിന്നെക്കൊണ്ട്! ഒരു രാസാത്തി..

അമ്മയുടെ അട്ടഹാസത്തില്‍ വീണ ഒന്നു പിടഞ്ഞു.

അന്റെ പ്രായോള്ളോരൊക്കെ ഇപ്പം കെട്ടിയോന്മാര് തുറേപ്പോയി പിടിച്ചോണ്ട് വരണ മീന്‍ അങ്ങാക്കരയില്‍ വിക്കാന്‍ നടക്കാ.

മണ്ണേണ്ണ വിളക്കിന് തിരി തെളിയിക്കുന്നതിനിടയില്‍ അമ്മ വീണ്ടും അലറി. അമ്മ എന്നും ഇങ്ങനെയാ, സന്തോഷവും ദുഃഖവുമെല്ലാം ശകാര വര്‍ഷങ്ങളായിട്ടാണ് പ്രകടിപ്പിക്കാറ്. തന്തയില്ലാത്ത പ്രായം തികഞ്ഞ പെണ്ണ് പെര നിറഞ്ഞ് നിക്കുന്നതിന്റെ ആദി ആ ഭാഗ്യദോഷിയായ മാതാവിനെ അങ്ങനെയാക്കിയിരിക്കുന്നു.

ചുവന്നു തുടുത്ത മാനം ഇരുട്ടിന്റെ കറുത്ത യാമങ്ങളിലേക്ക് ചാഞ്ഞു വീഴുന്നത് നോക്കിക്കൊണ്ട് വീണ മിണ്ടാതിരുന്നു. അമ്മയോടെന്തെങ്കിലും തിരിച്ചു പറഞ്ഞാ പിന്നെ ഓലപ്പടക്കം പോലെയാവും പ്രതീകരണം എന്നവള്‍ക്കറിയാം. അന്നൊരു മഴക്കാലത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയ അച്ഛനെ കടലമ്മ കൊണ്ടു പോയെപ്പിന്നെ അമ്മ ഇങ്ങനെയാ. നാക്കിന് എല്ലില്ലാതെ എപ്പോഴും പിറുപിറുത്തുകൊണ്ടിരിക്കും. താനടക്കമുള്ള രണ്ട് സ്ത്രീ ശരീരങ്ങളെ റോന്ത് ചുറ്റുന്ന കഴുകന്മാരെ തുരത്താന്‍ അമ്മയുടെ നാവിന്റെ മൂര്‍ച്ച കൂടിയതാവാം.

അടുപ്പിന്‍ ചുവട്ടില്‍ തീ പുകയ് ക്കുന്നതിനിടയില്‍ അമ്മ ചുമക്കുന്ന ശബ്ദം കേള്‍ക്കാം, വറുത്തു കോരിയിടുന്ന മീനിന്റെ മണം അവളെ കൊതിപ്പിക്കുന്നുണ്ടെങ്കിലും അവക്കത് കഴിക്കാന്‍ പാടില്ല! കാറ്റിന് ശക്തി കൂടിയതാണോ ജനവാതിലുകള്‍ താനേ അടയുന്നു! പാറിക്കൊണ്ടിരിക്കുന്ന തന്റെ നീണ്ടമുടി മാടിയൊതുക്കിക്കൊണ്ട് അവള്‍ ജനവാതില്‍ തള്ളീത്തുറന്നു. നീലിമ കലര്‍ന്ന ഇരുട്ടിലിപ്പോള്‍ കടല്‍ ശാന്തമായിയിരിക്കുന്നു. എന്നാല്‍ നനുത്ത തുള്ളികളായി ഇരുണ്ട ആകാശം കണ്ണീര്‍ വാര്‍ക്കുന്നുണ്ട്. ജനവാതിലിലൂടെ അവള്‍ ആവേശത്തോടെ കൈ പുറത്തിട്ടു. അവളുടെ കൈക്കുന്പിളില്‍ മുത്തുമണികളെപ്പോലെ ഉറ്റിറ്റി വീഴുന്ന മഴത്തുള്ളികള്‍. ആ ജലമണികള്‍ തന്റെ മുഖത്തേക്ക് തെറിപ്പിച്ച് അവള്‍ സ്വയം ആനന്ദിച്ചു.

മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.  കാറ്റിന്റെ തീവ്രതയില്‍ ആടിയുലഞ്ഞ ദീപനാളം ഒടുവില്‍ പുക തുപ്പിക്കൊണ്ട് ഞെരിഞ്ഞമര്‍ന്നു. ആ ഇരുട്ടില്‍ എന്തോ മിന്നിത്തിളങ്ങുന്നത് അവളുടെ തിളങ്ങുന്ന കണ്ണുകളെ ആകര്‍ഷിച്ചു. ആ മിന്നാട്ടം പ്രകാശം ചൊരിഞ്ഞു കൊണ്ട് അവളെ വട്ടമിട്ടു പറന്നു. കൈക്കുന്പിളിലേക്ക് ക്ഷണിക്കപ്പെട്ട ആ മിന്നാമിനുങ്ങ് അവളുടെ മാര്‍ദ്ദവമായ കൈകളെ തടവിക്കൊണ്ട് ജനാലക്കിടയിലൂടെ പുറത്തേക്കൊഴുകി.
ആവേശത്തോടെ ജനവാതില്‍ തള്ളിത്തുറന്ന അവള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!

ഇരുണ്ടാകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് അടര്‍ന്ന് വീണുവോ? ഒരു പറ്റം മിന്നാ മിനുങ്ങുകള്‍ കടല്‍ തീരത്ത് മുഴുവനും നൃത്തമാടുന്നു. അവക്കിടയിലേക്ക് ഓടിച്ചെല്ലുന്ന തന്നെപ്പോലൊരു സുന്ദരി! അവളുടെ കാല്‍പാദങ്ങള്‍ മണല്‍ തരിയെ സ്പര്‍ശിക്കുന്പോള്‍ അവിടം ഒരു പ്രത്യേക ശോഭ വിതറിക്കൊണ്ട് ഹരിതാഭമമായ നേര്‍ത്ത പുല്ലുകള്‍ തലയുയര്‍ത്തുന്നു. അവളുടെ ഓരോ ചുവടും കഴിയുന്തോറും മനോഹരങ്ങളായ ചെടികള്‍ പൊട്ടി മുളക്കുന്നു! അവളുടെ ആടിയുലയുന്ന മുടിയിലേക്ക് വീഴുന്ന വിവിധ നിറത്തിലുള്ള പുഷ്പങ്ങള്‍. കടല്‍ത്തീരം ഇപ്പോള്‍ ഒരു പൂങ്കാവനം പോലെ മനോഹരമായിരിക്കുന്നു. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളില്‍ തേന്‍ നുകരാനെത്തിയ വര്‍ണ്ണ ശലഭങ്ങള്‍! അവളുടെ മൃദുലമായ കൈ ഒരു ശലഭത്തെ സ്പര്‍ശിച്ചപ്പോള്‍ അത് മൃദുവയി അവളുടെ കൈയ്യില്‍ ചുംബിച്ചു. നനുത്ത സ്പര്‍ശനമേകിക്കൊണ്ട് ആ ചിത്രശലഭം അവളുടെ കൈയ്യിലൂടെ ഇരച്ചു കയറി. ഞൊടിയില്‍ കൈ തട്ടിത്തെറിച്ചപ്പോള്‍ അതെങ്ങോ പോയ്മറഞ്ഞു. ആ മനോഹരമായ വര്‍ണ്ണ ജീവിയെ കാണാതായപ്പോള്‍ അവളുടെ മുഖം വാടി.

എന്തിനാ എന്നെ തിരയുന്നത്?

സുന്ദരമായ ഒരു പുരുഷ ശബ്ദം അവളുടെ കാതുകളെ തൊട്ടുണര്‍ത്തി. ചുറ്റും നെട്ടോട്ടമോടിയ അവളെ വട്ടമിട്ടുകൊണ്ട് ആ ചിത്രശലഭം അവളുടെ മാറില്‍ വന്നു നിന്നു.

നിന്റെ ഹൃദയമിടിപ്പിന് ഒരു പ്രത്യേക താളമുണ്ട്!

അവളുടെ കാതുകളില്‍ ഇന്പമേറ്റിക്കോണ്ട് വീണ്ടും ആ പൗരുഷം നിറഞ്ഞ സ്വരം. ആ ശലഭത്തെ മാറിടത്തില്‍ നിന്നും അടര്‍ത്തിയെടുത്തു കൈക്കുന്പിളില്‍ വച്ച് കൊണ്ട് അവള്‍ ചോദിച്ചു.

നീയ്യാരാണ്?

പൊടുന്നനെ ശലഭം വിവിധ നിറത്തിലുള്ള പ്രകാശം വിതറിക്കൊണ്ട് പറന്നുയര്‍ന്നു. അത് പറന്ന് പൊങ്ങിയ വഴിയിലേക്ക് നോക്കി അത്ഭുതം കൂറി നിന്ന അവളെ വിസ്മയിപ്പിച്ചു കൊണ്ട് ഏഴു വര്‍ണ്ണങ്ങളിലുള്ള മഴവില്ല് മാനത്തെ വര്‍ണ്ണാഭമാക്കിയിരിക്കുന്നു! അവളുടെ വിടര്‍ന്ന പുഞ്ചിരി കൊതിയോടെ നോക്കിക്കൊണ്ട് ഒരു മയില്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനോഹരമായ പീലികള്‍ വിടര്‍ത്തിക്കൊണ്ട് അത് അവള്‍ക്ക് ചുറ്റും നൃത്തമാടി.

നീ ആരാണെന്ന് പറയാതെ എന്റടുത്തേക്ക് വരണ്ട

പരിഭവം കലര്‍ന്ന സ്വരത്തില്‍ അവള്‍ മൊഴിഞ്ഞു. പീലികള്‍ കൊണ്ട് അവളെ മൃദുവായി തലോടിക്കൊണ്ട് ആ മയിലില്‍ നിന്നും ലാസ്യഭാവം കലര്‍ന്ന പുരുഷ സ്വരം വീണ്ടും കേട്ടു.

ഞാന്‍ ദേവലോകത്തു നിന്നുമാണ്.. ഭൂമിയിലെ കന്യകമാരുടെ സൗന്ദര്യം നുകരുവാന്‍ സ്വര്‍ഗ്ഗലോകത്തുനിന്നും വരുന്നവരാ ഞങ്ങള്‍..

അവള്‍ ആ സുന്ദരനായ മയിലിനെ തലോടിക്കൊണ്ട് കുസൃതിച്ചിരിയോടെ ആരാഞ്ഞു.

പക്ഷെ, ഗന്ധര്‍വ്വനായ നിനക്ക് മനുഷ്യ രൂപം പ്രാപിച്ചു കൂടെ? നിന്റെ ശബ്ദത്തിന്റെ സൗകുമാര്യം നിന്റെ രൂപത്തിലും..

അവളുടേ വാക്കുകള്‍ മുഴുമിക്കുന്നതിനു മുന്പ് അന്തരീക്ഷത്തില്‍ മയില്‍പ്പീലികള്‍ വിതറിക്കൊണ്ട് ആ സുന്ദരനായ മയില്‍ അപ്രത്യക്ഷനായി. താനെന്തോ അതി മോഹം പറഞ്ഞുവോ എന്ന ശങ്ക അവളെ വിശാദയാക്കി.

ദൂരെയെവിടെ നിന്നോ മനോഹരമായ ഗാനം കേട്ടു. മുല്ലവള്ളികളാല്‍ ചുറ്റപ്പെട്ട തേന്മാവിന്റെ തണലില്‍ ആരോഗ്യ ദൃഢഗാത്രനായ ഒരു സുന്ദരന്‍! അവന്റെ വിശാലമായ മാറിടത്തെ കെട്ടിപ്പുണഞ്ഞു നിന്നിരുന്ന പട്ടു കൊണ്ടുള്ള മേല്‍മുണ്ട് കാറ്റില്‍ പറന്നുയര്‍ന്നു. കടഞ്ഞെടുത്ത ആ പുരുഷ ശരീരം കണ്ട് അവള്‍ നാണം കൊണ്ട് തല താഴ് ത്തി. ദൂരെ നിന്നും ആ ഗന്ധര്‍വ്വന്റെ സ്വരം അവളെ ത്രസിപ്പിച്ചു.

ഇങ്ങടുത്തു വരൂ കന്യകേ.. നിന്റെ മനസ്സെനിക്കിപ്പോള്‍ വയിക്കാനാവും.

തന്നിലേക്ക് നീട്ടിയ അവന്റെ കൈകള്‍ക്കിടയിലേക്ക് ചായുവാന്‍ അവള്‍ വെന്പല്‍ കൊണ്ടു.

അവനിലേക്കെത്താന്‍ കിതക്കുന്ന അവളുടെ കണം കാലിനെ പെട്ടെന്നാണ് ആരോ തടഞ്ഞു വച്ചത്! അവളുടെ കാലുകളിലേക്ക് ഇഴഞ്ഞ് കയറുന്ന മുള്ളുകള്‍ നിറഞ്ഞ വള്ളികള്‍ അവളെ വേദനിപ്പിച്ചു. മുന്നോട്ടാഞ്ഞു കൊണ്ടിരുന്ന അവളെ ഭീമാകാരമായ ഒരു പറ്റം വള്ളികള്‍ തടഞ്ഞു നിര്‍ത്തി.
ദൂരെ നിന്നും അവന്റെ മണിനാദം വീണ്ടും മുഴങ്ങി.

എന്തേ.. എന്നോടടുക്കാന്‍ നിനക്കിത്ര താമസം?

കാലുകളിലേക്ക് പടര്‍ന്ന് കയറിക്കൊണ്ടിരുന്ന വള്ളികള്‍ എടുത്തുമാറ്റാനാവാതെ അവള്‍ നൊന്പരത്തോടെ പറഞ്ഞു.

ഞാന്‍.. എനിക്ക്.. നിന്നെ സ്വന്തമാക്കാന്‍.. ഈ വള്ളികള്‍..

ആ വള്ളികള്‍ക്കിപ്പോള്‍ ഭീകരമായ ഒരു രൂപമാണുള്ളത്. കഴുത്ത് ഞെരിക്കുന്നതു പോലെ മുള്ളുകളുള്ള ചെന്പന്‍ വള്ളികള്‍ അവളെ നിഷ്ഠൂരമായി ഇറുക്കിക്കൊണ്ടിരുന്നു. ആ വേദനക്കിടയില്‍ അവള്‍ ഗന്ധര്‍വ്വനോട് തന്റെ നൊന്പരം വെളിപ്പെടുത്തി.

ഞാന്‍.. ഏന്റെ കാലുകള്‍ക്ക്..

പറഞ്ഞു തിര്‍ക്കുന്നതിനു മുന്പേ ആ ക്രൂരന്മാരായ വള്ളികള്‍ ബാലിശമായി അവളെ തള്ളി താഴേയിട്ടു.

നിലത്തു വീണു കിടക്കുന്ന വീണയുടെ നിലവിളി കേട്ടിട്ടാണ് അമ്മ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഒരു ഇഴജന്തുവിനെപ്പോലെ ആ സിമന്റ് തറയില്‍ ഇഴഞ്ഞു കൊണ്ട് കട്ടിലിലെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന അവളുടെ കരങ്ങളെ ചേര്‍ത്തെ വച്ചു കൊണ്ട് അമ്മ നൊന്പരത്തോടെ പറഞ്ഞു.

നേരം വെളുക്കോളം സപ്പനം കണ്ടിരിക്കാനെ ന്റെ മോക്ക് യോഗള്ളൂ..ന്റെ കടലമ്മേ..

അവരുടെ കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ ഇറ്റി വീണു. വീണു കിടക്കുന്ന വീണയുടെ സ്വാധീനമില്ലാത്ത കാലുകള്‍ മെല്ലെ തടവിക്കൊണ്ട് അമ്മ പശ്ചാത്തപിച്ചു.

നീ കൊച്ചായിരുന്നപ്പോ പോളിയോന്റെ തുള്ളീ മരുന്ന് കൊടുക്കാണന്നൊക്കെ ഞങ്ങ കടാപ്പുറത്തെ മുക്കുവന്മാര്‍ക്ക് വിവരല്ലായിരുന്നു മോളേ..

അവളെ മാറോടണച്ചു കൊണ്ട് കുറ്റം ചെയ്യാതെ തന്നെ പാപിയായ ആ അമ്മ വിതുന്പിക്കരഞ്ഞു. പ്രായപൂര്‍ത്തിയായ മകളുടെ സ്വപ്നങ്ങളുടെ ചിറകൊടിച്ച അംഗ വൈകല്യത്തെ ആ മാതൃ ഹൃദയം ശപിക്കുന്നുണ്ടാവും.

ഉദയവും അസ്തമയവും നീലാകാശവും ചുവന്ന മാനവും മാറി മാറി വരുന്പോഴും ഒരു കൊഴിഞ്ഞ പുഷ്പത്തെപ്പോലെ വീണു കിടന്ന വീണ നിലാവുള്ള രാത്രിയില്‍ തന്റെ സ്വപ്നത്തില്‍ വരാറുള്ള ഗന്ധര്‍വ്വനെ പ്രണയിച്ചു കൊണ്ടിരുന്നു. ജന വാതിലിലൂടെ കടല്‍ തീരത്തെ മായക്കാഴ്ചകള്‍ മാത്രം കണ്ട് യൗവ്വനം തള്ളി നീക്കുന്നതില്‍ ആരോടും പരിഭവമില്ലാതെ, ’അരയന്റെ’ രൂപത്തില്‍ ഒരു രക്ഷകനായി തന്റെ ഗന്ധര്‍വ്വന്‍ വരുമെന്ന കൊഴിയാത്ത മോഹവുമായി ചിറകൊടിഞ്ഞ ഒരു പക്ഷിയെപ്പോലെ തന്റെ കൂട്ടിനുള്ളില്‍ തന്നെ അവള്‍ ഒരു ’സ്വപ്നാടനപ്പക്ഷി’ യായി ചിറകിട്ടടിച്ചു കൊണ്ടിരുന്നു.

1 thought on “സ്വപ്നാടനപ്പക്ഷി”

Leave a Comment