1. സെല്ലുലോയ്ഡ്
ഒട്ടേറെ വിവാധങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ദിക്കപ്പെട്ട ചിത്രം എന്ന് പറയാവുന്നത് സെല്ലുലോയ്ഡ് എന്ന ചരിത്രപ്രാധാന്യമുള്ള ചിത്രം തന്നെയാണ്. ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്ര നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍ ‘ സെല്ലുലോയ്ഡ് ‘ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോള്‍ അനിര്‍വ്വചനീയമായ ഒരു നൊമ്പരം സമ്മാനിച്ചുകൊണ്ടാണ് അത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തില്‍ ചേക്കേറുന്നത്. മലയാള സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ പിതാവിനും, മലയാള സിനിമയുടെ ആദ്യ നായികക്കും സംഭവിച്ച ദുരന്ത കഥയാണ് Celluloid എന്ന കമല്‍ ചിത്രം കണ്ടിറങ്ങുന്ന ഏതോരു ചലച്ചിത്ര പ്രേമിയുടെയും മനസ്സില്‍ ഒരു നീറ്റലായി അവശേഷിക്കുന്നത്
2. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ കാണുമ്പോള്‍ Left Right Left എന്ന ചിത്രം മുന്‍കാല രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവൃത്തിയേക്കാളും പ്രസംഗത്തിലൂടെയാണ് നേതാക്കള്‍ ജനങ്ങളുടെ കയ്യടി നേടുന്നതെന്നതുപോലെ Left Right Left എന്ന ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നത് അതിലെ ദൃശ്യങ്ങളിലെ ചലനാത്മകത കാണിച്ചുകൊണ്ടല്ല, മറിച്ച് കുറിക്ക് കൊള്ളുന്ന മൂര്‍ച്ച കൂടിയ സംഭാഷണങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടാണ്.
3. ദൃശ്യം
കുടുംബ ചിത്രത്തില്‍ ഉദ്വേഗജനതയുടെ വിത്തുകള്‍ നട്ടാല്‍ ഒരു മികച്ച വിനോദ-വിജ്ഞാന ചിത്രം ഉത്പാദിപ്പിക്കപ്പെടും എന്ന ഫോര്‍മുലയാണ് ദൃശ്യം എന്ന ഫാമിലി ത്രില്ലര്‍ മലയാള സിനിമയെ പഠിപ്പിക്കുന്നത്. മികച്ച തിരക്കഥ തന്നെയാണ് ഏതൊരു സിനിമയുടെയും വിജയത്തിന്റെ അടിത്തറ എന്ന് ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ് ദൃശ്യത്തിന്റെ മഹാവിജയം. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ വീണ്ടും ഒരു സാധാരണക്കാരനായ ഒരു കുടുംബനാഥനായി അവതരിപ്പിക്കുമ്പോള്‍ മലയാള സിനിമക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടൂംബ പ്രേക്ഷകരുടെ സ്വന്തം ബാലേട്ടന്‍(ലാലേട്ടന്‍) വസന്തം വീണ്ടൂം ഇതള്‍ വിരിയുകയാണ്.
4. ഷട്ടര്‍
വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത സിനിമകള്‍ക്കിടയിലും ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍. കച്ചവടച്ചേരുവകളുടെ മായം പുരളാത്ത ഷട്ടര്‍ തൂടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെയും അവരെ രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് കളങ്കമില്ലാത്ത ( അശ്ളീലച്ചുവയുള്ള സംഭാഷണങ്ങളോ, ത്രസിപ്പിക്കുന്ന സംഗീതമോ, മാദക നൃത്തമോ, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസികമായ സംഘട്ടനങ്ങളോ ഇല്ലാത്ത) ഒരു വിനോദ ചിത്രമെന്ന് ഏതൊരു പ്രേക്ഷകനും പറഞ്ഞ് പോകുന്നത്.
5. ആമേന്‍
ലളിതമായ ഒരു തിരക്കഥയെ ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതീകാത്മകമായും കാവ്യാത്മകമായും അവതരിപ്പിക്കുകയും അത് പ്രേക്ഷകന്‍ മടുപ്പില്ലാതെ ആസ്വധിക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്റെ യഥാര്‍ഥ മികവ് വ്യക്തമാവുന്നത്. സംവിധായകന്‍ എന്ന കലാകാരന്റെ ഈ കഴിവിനെയായിരിക്കും ആമേന്‍ എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനെയും ഈ ചിത്രത്തിന്റെ കഥയേക്കാളും കഥാപാത്രങ്ങളേക്കാളൂം ആകര്‍ഷിച്ചത്.
6. മുംബൈ പോലിസ്
പോലീസ് ക്രൈം സ്റ്റോറികള്‍ മലയാള സിനിമക്ക് പുതുമയല്ലെങ്കിലും
പുതുമയാര്‍ന്ന കഥാ തന്തുവും വ്യത്യസ്തമായ ആഖ്യാന രീതിയും മൂംബൈ പോലീസിനെ വേറിട്ട് നിര്‍ത്തുന്നു. ഇത് ഒരു crime story ആണെങ്കിലും സംഘട്ടനങ്ങളോ , അതിഭാവുകത്വം പുലര്‍ത്തുന്ന നാടകീയമായ രംഗങ്ങളോ, സംഭാഷണങ്ങളോ ഇല്ലാതെ എല്ലാ കാര്യത്തിലൂം ഒരു മിതത്വം പുലര്‍ത്തുന്ന ഒരു silent suspense thriller ആണ് Mumbai Police എന്ന് വേണം പറയാന്‍ .
സൗഹൃദത്തിന്റെ കഥ മലയാള സിനിമക്ക് പുതുമയല്ലെങ്കിലും കൃത്യ നിര്‍വ്വഹണത്തോടൊപ്പം സൗഹൃദവും കാത്തു സൂക്ഷിക്കുന്ന I P S റാങ്കിലുള്ള മൂന്ന് പോലീസ് ഓഫീസര്‍മാരുടെ കഥയാണ് മുംബൈ പോലീസ് പറയുന്നത്. എന്നാല്‍ സൗഹൃദത്തിനപ്പുറം വ്യക്തികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുള്ള പ്രസക്തി ഒരു ചോദ്യ ചിഹ്നമായി ഉയരുന്നതായാണ് ചിത്രം മുഴുമിക്കുമ്പോ ള്‍ പ്രേക്ഷകനെ വേട്ടയാടുന്നത്.
7.അന്നയും റസൂലും
പ്രണയം ഒരു മായാലോകവും അവിടമാകെ വര്‍ണ്ണ പ്രപഞ്ചമാണുമെന്നുള്ള രീതിയില്‍ പ്രണയ കഥ ചിത്രീകരിക്കുന്ന മലയാള സിനിമയില്‍ റിയലിസ്റ്റിക്കായ രീതിയില്‍ ലളിതമായും എന്നാല്‍ ഒട്ടും ഗൗരവം കൈവിടാതെയും പ്രണയ കഥ അവതരിപ്പിച്ചതാണ് അന്നയും റസൂലിന്റെയും വിജയം. നിത്യ ജീവിതത്തില്‍ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പ്രണയ രംഗങ്ങള്‍ പോലെ ചിത്രത്തിന്റെ സീനുകള്‍ ഒപ്പിയെടുത്ത ഛായാഗ്രഹണവും, മികച്ച ശബ്ദ മിശ്രണവും, എഡിറ്റിംഗും സിനിമയുടെ ആകര്‍ഷണതക്ക് മാറ്റ് കൂട്ടി.
8.മെമ്മറീസ്
ആക്ഷന്‍ രംഗങ്ങളും, തീപ്പൊരി സംഭാഷണങ്ങളുമില്ലാതെ ഒരു പോലീസ് സ്റ്റോറി മലയാളികള്‍ക്ക് ദഹിക്കാതിരുന്ന കാലമൊക്കെ കഴിഞ്ഞു എന്നതിന്റെ പുത്തന്‍ തെളിവാണ് മെമ്മറീസ് എന്ന ചിത്രത്തിന് മലയാളികള്‍ നല്‍കിയ സ്വീകരണം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത് യുവ താരത്തിന്റെ അതിശയിപ്പിക്കുന്ന അഭിനയം കൊണ്ട് മാത്രമല്ല എന്നുള്ളതാണ് വാസ്തവം. തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗജനത നിലനിര്‍ത്തി പ്രേക്ഷകരെ ഒട്ടും ബോറഡിപ്പിക്കാതെ അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ നല്‍കി അവരെ അതിശയിപ്പിച്ച കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് മെമ്മറീസിന്റെ ആകര്‍ഷണം എന്ന് പറയാതിരിക്കാനാവില്ല. അതി വിദഗ്ദമായ തിരക്കഥയെ സൂക്ഷമമായും ഒതുക്കത്തോടുകൂടിയും അവതരിപ്പിച്ച തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ ജിത്തു ജോസഫിന്റെ പ്രതിഭ മെമ്മറിസില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട് എന്നുള്ളത് വിസ്മരിച്ചു കൂട.
9.മങ്കി പെന്‍
മലയാള സിനിമയുടെ നല്ലൊരു ശതമാനം പ്രേക്ഷകര്‍ സ്കൂള്‍ കുട്ടികളാണെങ്കിലും കുട്ടികൾക്കായുള്ള ചിത്രങ്ങള്‍ വളരെ വിരളമായേ മലയാള സിനിമയില്‍ ഉണ്ടാവാറുള്ളൂ. ആ ഒരു അപവാധത്തിനുള്ള ചുട്ട മറുപടിയുമായാണ് മങ്കിപെന്‍ അവതരിക്കുന്നത്. സ്കൂള്‍ കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ഈ ചിത്രം പക്ഷേ കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ചില ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്. അവതരണത്തിലെ പുതുമയും, സാങ്കേതിക മികവും, രസകരമായ അവതരണ രീതിയുമെല്ലാം ഈ ബാലചിത്രത്തെ നല്ലെരു കുടുംബ ചിത്രമാക്കി മാറ്റി എന്നു തന്നെ പറയാം.
10. കളിമണ്ണ്
മലയാള സിനിമക്ക് പുതിയ കാഴ്ചയുമായെത്തിയ ബ്ളസ്സി പ്രതിഭാധരനായ സംവിധായകനാണെന്ന് തന്റെ മുന്‍ചിത്രങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കളിമണ്ണിനെ മനോഹരമായ ഒരു ചലച്ചിത്ര രൂപമാക്കി മാറ്റിയതില്‍ ബ്ളെസ്സിയുടെ കര വിരുത് തെളിഞ്ഞ് കാണുമ്പോള്‍ വിവാധങ്ങള്‍ക്ക് ഒരു യഥാര്‍ഥ ചലച്ചിത്ര പ്രതിഭയുടെ സ്രൂഷ്ടി വൈഭവത്തെ സ്വാധീനിക്കാനാവില്ല എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു.എന്നാല്‍ സിനിമയുടെ ആദ്യപകുതിയില്‍ ദൃശ്യങ്ങളിലൂടെയും ,കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെയും കഥ പറഞ്ഞ് കളിമണ്ണിന്റെ ചലച്ചിത്ര ഭാഷക്ക് കാവ്യാത്മകത നല്‍കിയ സംവിധായകന്‍ രണ്ടാം പകുതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ തള്ളിക്കയറ്റവും, കോടതിയുടെ പരാമര്‍ശങ്ങളും, സാമുഹ്യ നേതാക്കളുടെ വാഗ്വാദങ്ങളും തിരുകിക്കയറ്റുക വഴി മനോഹരമായി കടഞ്ഞെടുത്ത കളിമണ്‍ ശില്പത്തില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതു പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല.
ഈ വര്‍ഷം മുന്‍നിര താരങ്ങളുടെയും യുവ താരങ്ങളുടെയും ചിത്രങ്ങള്‍ ഒരേ പോലെ മികവ് പുലര്‍ത്തിയത് പോലെ തന്നെ അഭിനയ പ്രകടനത്തിലും ഇവര്‍ മാറ്റുരച്ചു.
ദൃശ്യം എന്ന ചിത്രത്തിലെ നാലാം ക്ലാസുകാരനായ അതു ബുദ്ധിമാനെ നൈസര്‍ഗ്ഗികമായി അവതരിപ്പിച്ച മോഹന്‍ലാലിന്റെ പ്രകടനമാണ് പ്രേക്ഷകരെ കൂതുതല്‍ ആകര്‍ഷിച്ചിരിക്കുക. മെമ്മറീസിലെയും മുംബൈ പോലീസിലെയും കഥാപാത്രങ്ങള്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും ഇരു ചിത്രങ്ങളിലെയും കഥാ പാത്രങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിത്വവും ബോഡി ലാംഗേജും നല്‍കി ഇരു കഥാപാത്രങ്ങളെയും മികച്ചതാക്കി മാറ്റിയ പ്രിഥ്വിരാജിന്റെ അഭിനയ മികവ് തികച്ചും അഭിനന്ദനീയമാണ്.ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവനും നിഗൂഢതകള്‍ നിറഞ്ഞ വ്യകിത്വമുള്ളവനുമായ മുംബൈ പോലീസിലെ ആന്റണി മോസസ്ല്‍ നിന്നും മെമ്മറീസിലെ സാം അലക്സിലെത്തുമ്പോള്‍ കഥാപാത്രങ്ങളുടെ പ്രതിഫലനത്തിന് നല്‍കിയ വ്യത്യസ്ത തന്നെ മതി ഈ നടന്റെ അഭിനയ സിദ്ധിയും, സിനിമയോടുള്ള( കഥാപാത്രത്തോടും) അര്‍പ്പണ ബോധവും മനസ്സിലാക്കാന്‍. അന്നയും റസൂലിലെ പ്രണയ ദാഹിയായ കാമുകനെയൂം ആര്‍ടിസ്റ്റിലെ ചിത്രകാരനെയും അനശ്വരനാക്കിയ ഫഹദും ഈ വര്‍ഷം മികച്ച അഭിനയം കാഴ്ചവച്ചു.
ഈ വര്‍ഷം ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ വ്യ്തയ്സ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും പുണ്യാളന്‍ അഗര്‍ബത്തീസിലെ പ്രാരാബ്ദക്കാരനായ് ബിസ്സിനസുകാരനെ സരളമായി അവതരിപ്പിച്ച ജയസൂര്യയും ഈ വര്‍ഷത്തെ മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നനമയുള്ള ഇമ്മാനുവലിനെ ലളിതമായി അവതരിപ്പിച്ച ഇമ്മാനുവല്‍ എന്ന ചിത്രത്തിലെ മമ്മുട്ടിയുടെ പ്രകടനവും മികച്ചു നിന്നു. ഇന്ദ്രജിത്, ശ്രീജിത് രവി, കലാഭവന്‍ ഷാരോണ്‍ തുടങ്ങിയ അഭിനേതാക്കള്‍ നിരവധി ചിത്രങ്ങളില്‍ മേന്മയാര്‍ന്ന അഭിനയം കാഴ്ച വച്ചു.
അഭിനേത്രിമാരില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് തിര എന്ന ചിത്രത്തിലെ ശോഭനയുടെ പ്രകടനമാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചു വന്ന ശോഭന തന്റെ അത്ഭുതാവഹമായ പ്രകടനത്തോടെ തിരയുടെ പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ദയും താനവതരിപ്പിച്ച കഥാപാത്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലുള്ള അസാമാന്യ പ്രകടനമാണ് കാഴ്ച വച്ചത്. സിനിമക്ക് വേണ്ടി പ്രസവരംഗം വരെ ഷൂട്ട് ചെയ്യാന്‍ തയ്യാറായ ശ്വേത കളിമണ്ണിലൂടെ താനൊരു നല്ല അഭിനേത്രിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മീന ദൃശ്യത്തിലെ കുടുംബിനിയുടെ വേഷം മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വിവിധ ചിത്രങ്ങളിലെ ആശ ശരത്ത്, രെമ്യാ നംബീശന്‍, തെസ്നി ഖാന്‍ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ദിക്കപ്പെട്ടു.
മുരളി ഗോപി, സന്‍ജയ്- ബോബി, ജിത്തു ജോസഫ് എന്നിവരുടെ തിരക്കഥകള്‍ ഈ വര്‍ഷം മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു. ദൃശ്യം, മെമ്മറീസ് എന്നീ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ജിത്തു ജോസഫ് സംവിധായകനെന്ന നിലയില്‍ ഈ വര്‍ഷം മുന്പന്തിയില്‍ നില്‍ക്കുന്നു. ആമേന്‍ എന്ന ചിത്രത്തിലൂടെ സിനിമ സര്‍വ്വോപരി ഒരു സംവിധായകന്റെ കലയാണെന്ന് തെളിയിച്ച ലിജോ ജോസ് പെല്ലിശ്ശേരി ഈ വര്‍ഷം ശ്രദ്ദിക്കപ്പെട്ടു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ധീരമായ ചിത്രത്തിന്റെ തീവ്രതയ്ക്ക് ചുക്കാന്‍ പിടിച്ച അരുണ്‍കുമാര്‍ അരവിന്ദ് മികച്ച സംവിധായകരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. ഷൈജു ഖാലിദ്, അനീഷ് അന്‍വര്‍, സലാം ബാപ്പു തുടങ്ങിയ നവാഗത സംവിധായകരൂം ഈ വര്‍ഷം ശ്രദ്ദേയമായ ചിത്രങ്ങള്‍ സമ്മാനിച്ചു.
റോമന്‍സ്, ഇമ്മാനുവല്‍, ശൃംഗാരവേലന്‍, ഏബിസിഡി, ഹണി ബീ, നേരം, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ചിത്രങ്ങള്‍ സാന്പത്തിക വിജയം നേടിയെങ്കിലും അവ മികച്ച 10-ല്‍ ഉള്‍പ്പെടുന്നില്ല. കൂടാതെ കുഞ്ഞനന്തന്റെ കട, ആര്‍ട്ടിസ്റ്റ്, നടൻ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച കലാമൂല്യം കാഴ്ച വച്ചു.
നിരവധി സിനിമാ റിലീസും, നിരവധി പുതുമുഖ സംവിധായകരും, അഭിനേത്രിമാരും, സാങ്കേതിക മികവിലെ വളര്‍ച്ചയുമെല്ലാം ഈ വര്‍ഷം മലയാള സിനിമയെ ഒന്നു കൊഴുപ്പിച്ചു എന്നു തന്നെ പറയാം.