22 ഫീമെയില്‍ കോട്ടയം:മലയാളസിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗം

മലയാള സിനിമ എന്നാല്‍ വെറും “കോമഡി” എന്ന പേരിലുള്ള കോമാളിത്തരങ്ങളും, തീപ്പൊരി ഡയലോഗുകളും, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസിക ആക്ഷന്‍ സീക്വന്‍സുകളുമടങ്ങിയ ചവറ് മസാല ചിത്രങ്ങളെല്ല എന്നു കാണിച്ചു കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകളുടെ ശ്രേണിയിലേക്ക് ഇതാ ആഷിക് അബുവിന്റെ മറ്റൊരു സംഭാവന. 22 Female കോട്ടയം എന്ന ചിത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവയുടെ അതിജീവനവും ഒട്ടും മസാല ചേരുവകളില്ലാതെ നിഷ്പക്ഷമായും ചങ്കുറപ്പോടെയും ദൃശ്യവത്കരിച്ചത് തികച്ചും നവീനമായ അവതരണ ശൈലിയിലൂടെയാണെന്നുള്ളത് പ്രശംസയര്‍ഹിക്കുന്നു ഡയലോഗുകലുടെ അതിഭാവുകത്വം ഇല്ലാതെ മൊണ്ടാഷുകളും നിയന്ത്രിതമായ വികാര പ്രകടനങ്ങളുടെ ജീവനുറ്റ ഷോട്ടുകളുടെ സംയോജനത്തോടെ കഥ പറഞ്ഞത് സിനിമക്ക് ഒരു Classic പരിവേഷം നല്‍കിയിട്ടുണ്ട്. 
ടെസ്സ എബ്രഹാമിന് ജീവന്‍ നല്‍കിയ റീമ കല്ലിങ്കലിന്റെ ഏറ്റവും മികച്ച പ്രകടനം ഇതില്‍ കാണാം. Grey shaded character ആണെങ്കില്‍ കൂടിയും ഫഹദ് ഫാസിലിന്റെ തന്മയത്വമായ അഭിനയം മൂലം സിറിലെന്ന കഥാപാത്രം ജനശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

കോട്ടയത്തെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി തന്നെ പീഢിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ ഉപയോഗിച്ച “മാര്‍ഗ്ഗം” തികച്ചും അതിശയോക്തിയുണ്ടാക്കുന്നു. നായകന്റെ തന്നെ ഭാഷയില്‍ ” ആറിഞ്ച് വലിപ്പമുള്ള സാധനം ചെത്തിക്കൊണ്ടു പോയ” നായികയോട് ” നീയാണ് ശരിക്കുമുള്ള പെണ്ണ് ” എന്ന് പറഞ്ഞ് പ്രശംസിക്കുന്നതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടവുന്നതാണ്. സ്ത്രീത്വത്തെക്കുറിച്ചുള്ള സംവിധായകന്റെ കാഴ്ചപ്പാട് സിനിമയിലുടനീളം മനോഹരമായി കാണിച്ചു തന്നത് പോരാഞ്ഞിട്ട് മമ്മൂട്ടിയുടെ സ്വരത്തില്‍ ഒരു Conclusion-ഉം നല്കിയ സ്തിഥിക്ക് നായകനോട് അങ്ങനെ പറയിപ്പിക്കേണ്ടിയിരുന്നില്ല.

മദ്യവും പുകവലിയും അത്യാപത്താണെന്ന് ഹൈലൈറ്റ് ചെയ്തു തുടങ്ങുന്ന സിനിമ “അമിതമായ കാമാസക്തിയും” ആപത്താണെന്ന് പരോക്ഷമായി ഒരു താക്കീത് നല്‍കുന്നത് അഭിനന്ദനമറ്‍ഹിക്കുന്നു.

Leave a Comment