തൊണ്ണൂറുകളിലെ മലയാള സിനിമകളിലായിരുന്നു തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന കഥാപാത്രങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടുകയും പിന്നീടവരൊന്നിച്ച് ചേര്‍ന്ന് നടത്തുന്ന ‘ഊടായിപ്പ് ‘ ഓപ്പറേഷനുകളും, അതിനിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളും എല്ലാം കോമഡി കലര്‍ത്തി ഒരു മസാലപ്പരുവമാക്കി പ്രേക്ഷകര്‍ക്ക് വിളമ്പിയിരുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ വിപ്ലവവും താണ്ടി കഥംശത്തിലും ആഖ്യാന രീതിയിലും പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പഴയ പല്ലവിയിലേക്ക് തന്നെ തിരിച്ചു പോവുകയാണോ എന്ന് തോന്നിക്കുമാറ് ത്രീ ഡോട്ട്സുമായി ഓര്‍ഡിനറി സംവിധായകന്‍ വരുന്നത്. തൊണ്ണൂറുകളില്‍ അത്തരം പടങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അവയില്‍ കലര്‍പ്പില്ലാത്ത നര്‍മ്മത്തിന്റെ പച്ചയായ ആവിഷ്കാരം നിറഞ്ഞ് നിന്നിരുന്നു. മിമിക്രി രംഗത്ത് നിന്ന് അഭിനേതാക്കളായും സംവിധായകരായും വന്ന ഒരു പാട് കലാകാരന്മാരുടെ വൈദഗ്ദ്യം തൊണ്ണൂറുകളിലെ സിനിമകളിലെ കോമഡിവാഴ്ചയ്ക്ക് മുതല്‍ കൂട്ടായിരുന്നു എന്നും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. എന്നാല്‍ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളികള്‍ക്ക് വിനോദത്തിന്റെ രസമൂറും വിരുന്നൊരുക്കിയ സുഗീത് എന്ന സംവിധായകന്‍ ആ സിനിമയുടെ കൂട്ടു കെട്ടും ചേരുവകളുമായി പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച 3 Dots -ലൂടെ വീണ്ടും മലയാളികളെ തൊണ്ണൂറുകളിലെക്ക് വലിച്ചിഴക്കുകയാണെന്ന് ഏതെങ്കിലും പ്രേക്ഷകന് തോന്നിയാല്‍ കുറ്റം പറയാനാവില്ല.
Ordinary എന്ന ചിത്രം സാമ്പ ത്തികമായി വിജയിച്ചത് അതിന്റെ കലാ മൂല്യം കൊണ്ടല്ലാ എന്നും, അത് പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തത് കൊണ്ടാണെന്നും ഏവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. കൂടാതെ പ്രകൃതി രമണീയമായ location – ഉം, മലയാളികള്‍ക്കിഷ്ടപ്പെടുന്ന രസികന്മാരായ കഥാപാത്രങ്ങളും, ഇമ്പമാര്‍ന്ന ഗാനങ്ങളും അതിന്റെ മാറ്റ് കൂട്ടിയെങ്കിലും കെട്ടുറപ്പുള്ള ഒരു തിരക്കഥയായിരുന്നു ഓര്‍ഡിനറിയെ ഒരു extra ordinary വിജയമാക്കി മാറ്റിയത് എന്ന് നമുക്ക് മനസ്സിലാക്കാനാവുന്നതാണ്. എന്നാല്‍ അതേ ചേരുവകളും കൂട്ടുകെട്ടും ഒക്കെ ഉണ്ടെങ്കിലും 3 dots എന്ന ചിതം പ്രേക്ഷകരെ അത്ര കണ്ട് രസിപ്പികാത്തതെന്താണ് എന്ന ചോദ്യമാണ് പടം കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഉയരുന്നത് . ഇവിടെയാണ് രചയിതാവിന്റെ തൂലികയുടെ ശക്തി നാമറിയേണ്ടത്. വിശ്വസനീയമായ കഥയും, കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാ പാത്രങ്ങളുമാണ് ഏതൊരു സിനിമയുടെ വിജയത്തിനും അടിസ്ഥനം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ കോമഡി സ്കിറ്റുകള്‍ നിരത്തി വച്ചത് പോലെയുള്ള ആദ്യപകുതിയും, അവിശ്വസനീയമായ ട്വിസ്റ്റുകാള്‍ കുത്തിനിറച്ച രണ്ടാം പകുതിയും, 160 മിനിട്ട് സമയമെടുത്ത് പറഞ്ഞ ദുര്‍ബലമായ കഥയും, ബലഹീനമായ കഥാപാത്രങ്ങളുമെല്ലാം 3 dots-നെ സാരമായി ബാധിച്ചു എന്ന് പറയാതിരിക്കാനാവില്ല. സര്‍വ്വോപരി കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥ തന്നെയാണ് ഈ സിനിമയെ വേണ്ടത്ര ആകര്‍ഷകമാക്കുന്നതില്‍ പരാജയപ്പെടുത്തിയത്.
തട്ടിപ്പ് നടത്തി ജീവിക്കുന്ന വിഷ്ണുവും ( കുഞ്ചാക്കോ ബോബന്‍ ), ഗുണ്ടയായ ലൂയിയും( ബിജു മേനോന്‍ ), മധ്യവയസ്കനായ പൂവ്വാലനും സാമ്പത്തിക തിരിമറി നടത്തിയവനുമായ പപ്പനും ( പ്രതാപ് പോത്തന്‍ ) ജയിലില്‍ വച്ച് കണ്ടു മുട്ടുകയും ഉറ്റ സുഹൃത്തുക്കളാവുകയും ചെയ്യുന്നു. ജയിലില്‍ counselling നടത്തുന്ന Dr. ഐസ്സക്കിന്റെ (നരേന്‍ ) ക്ലാസുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജയില്‍ വാസം കഴിഞ്ഞെത്തുന്ന മൂവ്വര്‍ സംഘം private ambulance service തുടങ്ങുന്നു. കൂടാതെ ഐസക്കിന്റെ ബന്ധു നടത്തിയിരുന്ന play school -ഉം ഈ മൂവ്വര്‍ സംഘം ഏറ്റെടുത്ത് നടത്തുന്നതായാണ് ആദ്യപകുതിയില്‍ കാണിക്കുന്നത്. ഇത്രയും പറയാനായി വീര്യം കുറഞ്ഞതും സന്ദര്‍ഭോചിതമല്ലാത്തതുമായ നര്‍മ്മ രംഗങ്ങള്‍ തുന്നിച്ചേര്‍ത്ത് ആദ്യപകുതി തീരാറായപ്പോള്‍ നിരാശരായ പ്രേക്ഷകരെ അമ്പരിപ്പിച്ച് കൊണ്ട് ഐസക്ക് അപകടാവസ്ഥയില്‍ മൂവ്വര്‍ സംഘത്തിന്റെ ഫ്ലാറ്റ് വളപ്പില്‍ കാറില്‍ കിടക്കുന്ന രംഗം കാണിച്ച് ചിത്രത്തിന് intermission ഇടുന്നത്. രണ്ടാം പകുതിയില്‍ കാര്യമായ പരിക്കൊന്നുമില്ലാത്ത ഐസക്ക് തന്നില്‍ നിന്നും അകന്ന് കിടക്കുന്ന തന്റെ മകനെ പിടിച്ചു കൊണ്ടു വരാന്‍ മൂവ്വര്‍ സംഘത്തെ ഏല്‍പ്പിക്കുന്നതോടെയാണ് പിന്നീട് കഥ പുതിയ വഴിക്ക് നീങ്ങുന്നത്. എന്നാല്‍ ഐസക്ക് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി തങ്ങളെ കരുവാക്കുകയായിരുന്നു എന്ന് മൂവ്വര്‍ സംഘം തിരിച്ചറിയുന്നതിലൂടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആരംഭിക്കുന്നത്. പിന്നീട് നാം കാണുന്ന പല രംഗങ്ങളും യാഥാര്‍ത്യവുമായി എത്രമാത്രം നീതി പുലര്‍ത്തിയെന്നും എത്രത്തോളം വിശ്വസനീയമാണെന്നുമൊക്കെ ഓരോ പ്രേക്ഷകന്റെയും നിലപാടനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്തൊക്കെയായാലും ഓര്‍ഡിനറില്‍ ഒളിഞ്ഞു കിടന്നിരുന്ന യഥാര്‍ത്ഥ കഥ സിനിമയുടെ climax -ല്‍ ആണ് കാണിച്ചിരുന്നത്. അത് പോലെയുള്ള ശ്രമം 3 dots-ലും നടക്കുന്നുണ്ടെങ്കിലും ഇവിടെ അത് എത്രമാത്രം സ്വീകാര്യമായി എന്നത് പ്രേക്ഷകന്‍ തന്നെ തീരുമാനിക്കട്ടെ.
സീനിയേര്‍സ് എന്ന ചിത്രത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും കൂട്ടുകെട്ടിന്റെ രസതന്ത്രം മലയാളികള്‍ തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് കുഞ്ചാക്കോ ബോബന്റെ എല്ലാ ചിത്രങ്ങളിലും ( മല്ലു സിംഗ്, ഓര്‍ഡിനറി, 101 weddings , റോമന്‍സ് ) ബിജുമേനോനായിരുന്നു side kick ആയും മmentor ആയും ഈ യുവ താരത്തോടൊപ്പം ഉണ്ടായത്. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ക്കിപ്പോള്‍ ബിജു മേനോന്‍ അനിവാര്യമായിരിക്കുന്നു എന്ന രീതിയിലാണ് ഈ കൂട്ടു കെട്ടിന്റെ രസതന്ത്രത്തിന്റെ വിജയം നമ്മെ വ്യക്തമാക്കുന്നത്. എന്തായാലും ഓര്‍ഡിനറിയിലെ കൂട്ടു കെട്ടിന്റെ മാറ്റ് 3 ഡോട്ട്സില്‍ കാണാനാവുന്നില്ല എന്ന് പ്രേക്ഷകന് തോന്നിയെങ്കില്‍ അതിന്റെ അര്‍ത്ഥം ഈ കൂട്ടു കെട്ട് പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു എന്ന് തന്നെയാണ്. വിഷ്ണുവായി ചാക്കോച്ചനും, ലൂയിയായി ബിജു മേനോനും നന്നായി അഭിനയിച്ചു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. പതിവു പോലെ ബിജു മേനോന്‍ ചിത്രങ്ങളിലെ മധ്യപാന രംഗങ്ങള്‍ക്ക് ഇതിലും ഒരു കുറവ് വരുത്താതെ തന്റെ ‘മധ്യപാനി ‘ ഇമേജിന് ( സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്തത്) ഒരു കോട്ടവും വരുത്തിയിട്ടില്ല. തനിക്ക് ഒട്ടും ഇണങ്ങാത്ത കഥാപാത്രമായ പപ്പേട്ടനെ തന്നാലാവും വിധം നന്നാക്കാന്‍ പ്രതാപ് പോത്തന്‍ എന്ന കഴിവുറ്റ നടന്‍ ശ്രമിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് പപ്പേട്ടനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യരായ മലയാള സിനിമയിലെ കോമഡി രാജാക്കന്മാരുടെ അഭാവം നമ്മെ അലട്ടുന്നത്. അവരിലാരെങ്കിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കില്‍ സിനിമക്ക് തന്നെ ഒരു പുതിയ മാനം കൈ വന്നേനെ.
നായികമാരായി അഭിനയിച്ച നടിമാരുടെ അഭിനയത്തിലെ പിഴവുകള്‍ ഡബ്ബിംഗിലൂടെ ഒരു വിധം നികത്തിയിട്ടുണ്ട്. മാത്തുണ്ണി എന്ന ഓമനപ്പേരില്‍ പ്രേക്ഷകരുടെ ഹൃദയം കവരാന്‍ ബാലതാരത്തിന്റെ നിഷ്കളങ്കമായ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറ്യേണ്ട പ്രകടനമാണ് നരേന്‍ തന്റെ shape shifting കഥാപാത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.
ഗാനങ്ങള്‍ക്കോ പശ്ചാത്തല സംഗീതത്തിനോ ചിത്രത്തിന്റെ മികവ് കൂട്ടാനായില്ലെങ്കിലും ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും മോശമായി എന്ന് പറയാനാവില്ല. എങ്കിലും കഥയുടെ ഗതിയെ മുന്നോട്ട് നയിക്കാനുതകാത്ത അനാവശ്യ രംഗങ്ങളും, ഷോട്ടുകളും എഡിറ്റര്‍ ശ്രദ്ദിക്കാതിരുന്നത് ഖേദകരമായിപ്പോയി. കൃഷ്ണഗിരിയിലെ wood house മനോഹരമാക്കിയതില്‍ Art director അഭിനന്ദനമര്‍ഹിക്കുന്നു. ഓര്‍ഡിനറിയെപ്പോലെ ഒരു extra ordinary entertainment പ്രതീക്ഷിച്ച് പോകുന്നവരെ നിരാശപ്പെടുത്തുമെങ്കിലും 3 dots പ്രേക്ഷകരെ ഒരിക്കലും ബോറഡിപ്പിക്കില്ല എന്ന് ആണയിട്ട് പറയാവുന്ന വസ്തുതയാണ്.