ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ മലയാള സിനിമയുടെ ഉപഹാരം എന്ന അവകാശവാദവുമായി അഞ്ച് യുവ സംവിധായകര്‍ ഒന്നിച്ചൊരുക്കിയ അഞ്ചു സുന്ദരികളില്‍ യഥാര്‍ഥ സൗന്ദര്യം ആര്‍ക്ക് എന്ന് ചോദിച്ചാല്‍ ചിത്രം കണ്ട ബഹു ഭൂരിപക്ഷം പ്രേക്ഷകനും പറയാന്‍ ഒരേ ഉത്തരമേ ഉണ്ടാകൂ. എന്നാല്‍ ‘ അഞ്ചു സുന്ദരികള്‍ ‘ എന്ന ചിത്രത്തിന് ആ പേര് നല്‍കിയത് അതിലെ നായികമാരുടെ സൗന്ദര്യത്തിനെ മാത്രം പരിഗണിച്ചാണെങ്കില്‍ അഞ്ചും സുന്ദരികളാണ് എന്നതിന് മറുത്തൊരഭിപ്രായം ഉണ്ടാകാനിടയില്ല. മറിച്ച് അഞ്ച് വ്യ്ത്യസ്ത കഥകളുമായി വന്ന ഓരോരോ ഹ്രസ്വചിത്രങ്ങളെയും സുന്ദരികളായി ഉപമിച്ചാണ് ചിത്രത്തിന് അഞ്ച് സുന്ദരികള്‍ എന്ന നാമം നല്‍കിയതെങ്കില്‍ അഞ്ചും( അഞ്ച് ചിത്രങ്ങളും ) സുന്ദരിമാരല്ല എന്ന് തന്നെ പ്രേക്ഷകര്‍ക്ക് പറയേണ്ടി വരും. ഗ്രാമീണതയുടെ നിഷ്കളങ്കതയും ചായം പുരളാത്ത ശാലീനതയുമുള്ള സുന്ദരികളാണ് യഥാര്‍ഥ മലയാളികളെ ആകര്‍ഷിക്കുക എന്നതു പോലെ ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ കുട്ടികളുടെ സൗഹ്രൂദത്തിന്റെ ( പ്രണയമെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം) കഥ പറഞ്ഞ ” സേതുലക്ഷ്മി” എന്ന സുന്ദരി ( ഹ്രസ്വ ചിത്രം) ആണ് പ്രേക്ഷകരുടെ ഹ്രുദയത്തില്‍ ചേക്കേറിയത്. എം മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സേതുലക്ഷ്മിക്ക് അത് കൊണ്ട് തന്നെ ശക്തമായ പ്രമേയത്തിന്റെ പിന്‍ബലമുണ്ട്. എണ്‍പതുകളിലെ ഗ്രാമാന്തരീകഷത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തിന്റെ കഥ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തത് പ്രമേയത്തിന്റെ തീവ്രത കൊണ്ട് മാത്രമല്ല. ഷൈജു ഖാലിദ് എന്ന സംവിധായ്കന്റെ മികവും ആല്ബി എന്ന ഛായാഗ്രാഹകന്റെ ദ്രൂഷ്ടി പാഠവവും പോലെ തന്നെ എണ്‍പതുകളിലെ ഗ്രാമീണതയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള രംഗ പശ്ചാത്തലത്തിലെ മികവും കൊണ്ട് കൂടിയാണ്. ബാല താരങ്ങളുടെ നിഷകളങ്കമായ അഭിനയം സേതുലക്ഷ്മിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
ഒരേ സ്ഥലത്ത് മോഷ്ടിക്കാന്‍ കയറിയ കള്ളനും കള്ളിയും തമ്മില്‍ പ്രണയത്തിലാകുന്ന സീക്വന്‍സുകള്‍ ഒരു ബോളീവുഡ് സിനിമയില്‍ ( ഏതെന്ന് പ്രത്യേകിച്ച് പറയേണ്ടി വരില്ല) കണ്ടത് പ്രേക്ഷകര്‍ ഒരു പക്ഷേ മറന്നു പോയെങ്കിലും ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും തമ്മിലുള്ള പ്രസ്തുത ചിത്രത്തിലെ ചുംബന രംഗം യൂ ട്യൂബിലൂടെ കണ്ടവരാരും മറക്കാനിടയില്ല. സമീര്‍ താഹിറിന്റെ ” ഇഷ ” എന്ന ഹ്രസ്വ ചിത്രത്തിന് മേല്‍ പറഞ്ഞ സിനിമയുടെ സീക്വന്‍സുമായി സാമ്യം തോന്നിയത് യാദൃശ്ചികമാണെന്ന് വിശ്വസിച്ചാലും കള്ളിയായ നായിക മോഷണത്തിന് ശേഷം രക്ഷപ്പെടുന്ന സീന്‍ അതേ പോലെ അനുകരിക്കാന്‍ ശ്രമിച്ചതും യാദൃശ്ചികമാണോ? ഒരു പക്ഷേ കളരിപ്പയറ്റൊക്കെ പഠിച്ച ഇഷാ ശേര്‍വാണി എന്ന നടിയുടെ കഴിവിനെ ഉപയോഗപ്പെടുത്താന്‍ വേണ്ടി മാത്രമായിരിക്കും എന്ന് പ്രേക്ഷകര്‍ വിശ്വസിച്ചാല്‍ നന്ന്. എന്തായാലും കള്ളന്റെയും കള്ളിയുടെയും കഥ മോഷ്ടിച്ച സംവിധായകനെ ആരും കള്ളാ എന്ന് വിളിക്കില്ല എന്ന് ഉറപ്പിക്കാം. കാരണം പ്രസ്തുത സംവിധായകന്റെ മുന്‍ ചിത്രം ചാപ്പാ കുരിശ് ഒരു കൊറിയന്‍ ചിത്രത്തിന്റെ കഥ അടിച്ച് മാറ്റിയുണ്ടാക്കിയതാണെന്നറിഞ്ഞിട്ട് പോലും മലയാളികള്‍ ക്ഷമിച്ചിട്ടേയുള്ളൂ.
കഥ തൊട്ട് പോസ്റ്റര്‍ വരെ മോഷ്ടിക്കുന്നതിനെ inspiration എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന അമല്‍ നീരദിന്റെ സുന്ദരിക്ക് പക്ഷേ കളങ്കമില്ലാത്ത സൗന്ദര്യമുണ്ടെന്ന് പറയാതിരിക്കാനാവില്ല. ചിത്രത്തിലെ പ്രമേയത്തിന്റെ കൗതുകവും പുതുമയും തന്നെയാണ് കുള്ളന്റെ ഭാര്യയെ സുന്ദരിയാക്കിയത് ( ഇംഗ്ലീഷ് നോവലിന്റെ adaptation ആണെന്ന് എഴുതിക്കാണിച്ചത് ഭാഗ്യം! അല്ലെങ്കില്‍ ചില പ്രേക്ഷകര്‍ ഈ സിനിമയുടെ തറവാടന്വേഷിച്ചിറങ്ങിയേനെ). മഴയുടെ പശ്ചാത്തലത്തില്‍ housing society-യില്‍ താമസിക്കാനെത്തുന്ന കുള്ളന്റെയും ഭാര്യയുടെയും കഥ ഒരു ഫോട്ടൊഗ്രാഫറുടെ ദൃഷ്ടി കോണിലൂടെയും നരേഷനിലൂടെയുമാണ് അവതരിപ്പിക്കുന്നത്. കഥയിലെ യഥാര്‍ഥ ഹീറോ കുള്ളനായി മാറുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ വെറുമൊരു സൂത്രധാരനായിപ്പോകുന്നത് നിരാശപ്പെടുത്തുമെങ്കിലും ചിത്രം ദ്രൂശ്യ മനോഹരവും ഹ്രുദയസ്പര്‍ഷിയുമാണ്. സംവിധായകന്റെയും ഛായാഗ്രഹകന്റെയും എഡിറ്ററുടെയും മികവിനോടൊപ്പം, മനോഹരമായ പശ്ചാത്തല സംഗീതവും കുള്ളന്റെ ഭാര്യയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.
മലയാള സിനിമയുടെ മുഖശ്രീ എന്ന് വിശേഷിപ്പിക്കുന്ന കാവ്യാ മാധവന്‍ സുന്ദരിയാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ആഷിക് അബുവിന്റെ സുന്ദരിയായ ( സിനിമയായ) “ഗൗരി” കാവ്യാമാധവന്റെ ശാലീന സൗന്ദര്യം കൊണ്ടോ, ബിജു മേനോനുമായുള്ള കൂട്ടുകെട്ടുകൊണ്ടോ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല എന്നു വേണം കരുതാന്‍ . അമല്‍ നീരദിന്റെ സംഭാവനയായ സിനിമയുടെ മൂലകഥയില്‍ നിന്നും വികസിപ്പിച്ചെടുത്ത തിരക്കഥ “ഗൗരിയെ” സുന്ദരിയാക്കിയില്ല എന്നു തന്നെ പറയാം. ആഷിഖ് അബുവില്‍ നിന്നും ഇങ്ങനെ ഒരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. കാരണം ബര്‍മൂടയിട്ട നായകനോ, മദ്യം കുടിക്കുന്ന നായികയോ ഉള്ള ന്യൂജനറേഷന്‍ സിനിമയുടെ അടിസ്ഥാന ചേരുവകളൊന്നുമില്ലാതെ വന്ന ഗൗരിക്ക് ടെസ്സയുടെ സൗന്ദര്യം പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ പാടില്ലായിരുന്നു.
ഉസ്താദ് ഹോട്ടലിലെ ബിരിയാണിയുടെ രുചിപോലെ പ്രേക്ഷകരെ കൊതിപ്പിക്കുന്ന സൗന്ദര്യമാണ് മലബാര്‍ സുന്ദരി ആമിക്കുള്ളത്. കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന തന്റെ ഭര്‍ത്താവിനോട് ( ഫഹദ് ഫാസില്‍ ) ഇടവിട്ട് സല്ലപിക്കുന്ന ആമിയുടെ കടങ്കഥകള്‍ക്കുത്തരം കണ്ടെത്തുന്നതിലൂടെ വികസിക്കുന്ന “ആമി” മലയാളികളുടെ പണത്തോടുള്ള ആര്‍ത്തിയെയും, പരസ്ത്രീ ബന്ധത്തോടുള്ള ആവേശത്തെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഫഹദിന്റെ കഥാപാത്രത്തിലേക്കുള്ള പരിവര്‍ത്തനവും സംഭാഷണത്തിലെ സൂക്ഷമതയും ആമിയെ (സിനിമയെ) മനോഹരയാക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ നൈറ്റ് ഷോട്ടുകള്‍ ഒപ്പിയെടുത്ത അമല്‍ നീരദിന്റെ ഛായാഗ്രാഹണവും അന്‍വര്‍ റഷീദിന്റെ സംവിധാന മികവും ആമിയെ തികച്ചും സുന്ദരിയാക്കിയിരിക്കുന്നു.
റഫീഖ അഹമ്മദിന്റെ ഗാനങ്ങളും ഗോപി സുന്ദറിന്റെയും ബിജിബാലിന്റെയും സംഗീതവും മനോഹരമായിട്ടുണ്ടെങ്കിലും അഞ്ചു സുന്ദരികളിലെ അഞ്ച് സുന്ദരിമാരെയും (ഹ്രസ്വ ചിത്രത്തെയും) യഥാര്‍ഥത്തില്‍ സുന്ദരിയാക്കിയത് ഛായാഗ്രഹണകലയുടെ വശ്യതയും ചിത്രസംയോജനത്തിന്റെ സൂക്ഷമതയും ആണെന്ന് തന്നെ പറയാം.