Movie Review : ലിസമ്മയുടെ വീട്‌

2012 – ല്‍ മലയാള സിനിമാലോകം ന്യൂ ജനറേഷന്‍  പ്രളയത്തില്‍  മുങ്ങിത്താണപ്പോള്‍ കലാമൂല്യാമുള്ളതെന്ന് പറയാന്‍  ചുരുക്കം ചില സിനിമകള്‍ മാത്രമേ മലയാളികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ . എന്നാല്‍ 2013 -ന്റെ ആദ്യവാരത്തില്‍  തന്നെ  മലയാള സിനിമ പ്രേമികള്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌  ‘ ലിസമ്മയുടെ വീട്‌ ‘ നമുക്ക്‌ മുന്നില്‍ അവതരിക്കുന്നത്‌. ശക്തമായ പുരുഷ കഥാപാത്രങ്ങളില്‍ നിന്ന് മാത്രം സിനിമക്ക് രണ്ടാം ഭാഗം  ഉത്ഭവിച്ച മലയാള സിനിമ ചരിത്രത്തിലാദ്യമായി ദൂര്‍ബലയും പീഢനത്തിനിരയുമായ ലിസമ്മ എന്ന കഥാപാത്രത്തില്‍ നിന്ന് സിനിമക്ക് രണ്ടാം ജന്മം നല്കി ഒരു സ്ത്രീപക്ഷ സിനിമയെന്ന് മുദ്ര കുത്താതെ തന്നെ സിനിമ കാലിക പ്രസക്തിയും ജനപ്രിയവുമാക്കി മാറ്റുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനന്‍ മികവ് പുലര്‍ത്തിയിരിക്കുന്നു.

Lisammayude-Veedu-Movie

മാധ്യമങ്ങളില്‍ ഏറെ കൊട്ടിഘോഷിക്കുകയും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്ത വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ലിസമ്മ എന്ന പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതം രണ്ടാം ഭാഗത്തില്‍ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്. ലിസമ്മയുടെ അച്ഛന്‍ സാമുവല്‍ ഒരു മാനസിക രോഗിയായി മാറുകയും, തന്റെ ചേച്ചിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തി അച്ഛനും രണ്ട് ചേച്ചിമാരുമടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ തന്നെ ലിസമ്മ എന്ന പീഢിത കരുത്താര്‍ജ്ജിക്കുകയായിരുന്നു. രാഷ്ട്രീയക്കൊലപാതകങ്ങളും മറ്റു സംഘര്‍ഷങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന ലിസമ്മ തന്റെ ബുദ്ധിയും വാക്ചാതുരിയും മനക്കരുത്തും ആയുധമാക്കി ദുര്‍ബലയായ ഒരു പീഢിതയില്‍ നിന്ന് ശക്തമായ ഒരു സ്ത്രൈണ വ്യക്തിത്വത്തിലേക്ക് പരകായ പ്രവേശം ചെയ്യുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

ഇടക്കാലത്ത് മലയാളികള്‍ക്ക് നഷ്ടപ്പെട്ടു പോയ മീരാ ജാസ്മീന്‍ എന്ന അഭിനയ പ്രതിഭയുടെ ശക്തമായ ഒരു തിരിച്ചു വരവാണ് ലിസമ്മയുടെ വീട്ടിലൂടെ അരങ്ങേര്ന്നത്. കഥാഗതിക്കും കാലത്തിനുമനുസരിച്ച് കഥാപാത്രത്തിന് സൂഷമമായ വികാസവും കലര്‍പ്പില്ലാത്ത വ്യക്തിത്വവും നല്‍കി ലിസമ്മക്ക് പുതുജീവന്‍ നല്‍കി മീരാജാസ്മിന്‍ തന്റെ നടന വൈദഗ്ദ്യം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

rahulമലയാളസിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചോരത്തിളപ്പും ചുറുചുറുക്കുമുള്ള സഖാവിന് ജീവന്‍ നല്കിയ രാഹുല്‍  മാധവ് കഥാപാത്രത്തിനാവശ്യമായ ശരീര ഭാഷയും സംഭാഷണ ചാരുതയും നല്കി ശിവന്‍ കുട്ടിയെന്ന കഥാപാത്രത്തിന് ആകര്‍ഷകമായ വ്യക്തിത്വം നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു. പക്വവും നിയന്ത്രിതവുമായ അഭിനയത്തിലൂടെ സലീം കുമാറും ജഗദീഷും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു.
ഐസന്‍സ്റ്റീനിന്റെയും ഗ്രഫിത്തിന്റെയും സിദ്ധാന്തങ്ങള്‍ സൂക്ഷമമായും അതി വിദഗ്ദമായും ഉപയോഗിച്ച് സിനിമക്ക് ആകര്‍ഷണത്വമുള്ള ഒരു ചലച്ചിത്ര ഭാഷ നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു.  

salimപ്രതീകാത്മകമായ ദൃശ്യങ്ങളെ കാവ്യാത്മകമായി സംയോജിപ്പികുകയും കഥാഗതിക്കനുസരിച്ച് ചിത്രത്തിന്റെ ടെംപോ നിയന്ത്രിച്ച് സിനിമക്ക് ആവശ്യാനുസരണം ചടുലതയും കാവ്യഭംഗിയും നല്‍കാന്‍ ചിത്രസംയോജകന് സാധിച്ചിരിക്കുന്നു. കഥക്കും കഥാപാത്രത്തിന്റെ മാനസികവസ്ഥക്കൊപ്പവും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന കവിതയും കവിത തുളുമ്പുന്ന ഗാനങ്ങളും ചിത്രത്തിന്റെ മറ്റെരു സവിശേഷതയാണ്. ഛായാഗ്രഹകന് തന്റെ കഴിവ് തെളിയിക്കാന്‍ ഒരു പാട് അവസരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നെങ്കിലും അത് മുതലെടുക്കാനായില്ല. ചമയത്തിലും കലാസംവിധാനത്തിലും എടുത്ത് പറയത്തക്ക മികവൊന്നും കാണുന്നില്ലെങ്കിലും ലാളിത്യം നിറഞ് നില്‍ക്കുന്നതായി കാണാം.

ലിസമ്മയുടെ നരേഷനിലൂടെ കഥ വികസിക്കുന്പോള്‍ മീരാജാസ്മിന് നടന വൈഭവത്തിലുള്ള ചാരുത ഡബ്ബിംഗിലും കൂടി നില നിര്‍ത്താനആയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ മികവുള്ളതാകുമായിരുന്നു. രണ്ടാം പകുതിക്ക് ശേഷം ലിസമ്മയെ കരുത്തുറ്റതാക്കാനായി വ്യക്തമായ സംഭവങ്ങള്‍ കാണിക്കാതെ നായകനെ രാഷ്ട്രീയക്കൊലപാതകത്തിനിരയാക്കിയതിലെ ഔചിത്യം ചോദ്യം ചെയ്യാവുന്നതാണ്.
സിനിമയിലൂടെ രാഷ്ട്രീയം പറയാനാണോ അതോ രാഷ്ട്രീയത്തിന്റെ കൂട്ടു പിടിച്ച് സിനിമക്ക് കഥ മെനഞ്ഞതാണോ എന്നൊക്കെയോര്‍ത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാമെങ്കിലും ലിസമ്മയുടെ വീട് നമുക്ക് ചുറ്റും കാണാനാവുന്ന പച്ചയായ ജീവിതവും സാമൂഹ്യ പ്രസക്തിയുള്ള സംഭവങ്ങളെയും കലര്‍പ്പില്ലാതെ അവതരിപ്പിക്കുക വഴി ഹ്രൂദയസ്പര്‍ശിയായ മലയാളിത്തമുള്ള ഒരു മലയാള സിനിമയെന്ന് നിസ്സംശയം പറയാനാവുന്നതാണ്.

3 thoughts on “Movie Review : ലിസമ്മയുടെ വീട്‌”

Leave a Comment