ഗള്‍ഫ് നാടുകളിലെ ആഢംബരവും, കഷ്ടപ്പാടുകളൂം, പീഢനങ്ങളുമെല്ലാം പ്രമേയമാക്കി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയുട്ടെണ്ടെങ്കിലും, “ഡയമണ്ട് നെക്ളേസ്” അതില്‍ നിന്നുമെല്ലാം വേറിട്ട് നില്‍ക്കുന്നത് പ്രമേയത്തിലെ പുതുമ കൊണ്ടോ ട്രീറ്റ്മെന്റിലെ വ്യത്യസ്തത കൊണ്ടോ ആണെന്ന് പറഞ്ഞ് മുമ്പിറങ്ങിയ അറബിക്കഥകളുമായി ഇതിനെ താരതമ്യം ചെയ്യാനുദ്ദേശിക്കുന്നില്ല. ജീവസ്സുറ്റ ഒട്ടനേകം കഥാപാത്രങ്ങളാകുന്ന രത്നങ്ങള്‍ പരസ്പര പൂരകമെന്നോണം കോര്‍ത്തിണക്കിയപ്പോള്‍ ലഭിച്ച ഡയമണ്ട് നെക്ളേസിനെപ്പോലെ പരിശുദ്ദവും അമൂല്യവുമായ കഥയെ ലളിതമായും സത്യസന്ധമായും അവതരിപ്പിച്ചതാണ് ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിന് തിളക്കം കൂട്ടുന്നത്. മലയാളികള്‍ക്ക് ഒട്ടേറെ കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങള്‍ സമ്മാനിച്ച ലാല്‍ജോസെന്ന പ്രതിഭാധരനായ സംവിധായകന്‍ പതിവു മസാലകളെല്ലാം പരമാവധി കുറച്ച് സത്യസന്ധവും സുന്ദരവുമായ New generation flavor-ലാണ് ഡയമണ്ട് നെക്ലേസ് മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
ദുബായ് എന്ന മായാനഗരിയില്‍ എല്ലാം മറന്ന് ദൂര്‍ത്തടിച്ച് ജീവിച്ച ഡോഃ അരുണ്‍ കുമാറെന്ന ഫഹദ് ഫാസിലിന്റെ നായക കഥാപാത്രത്തിന് നായകന്‍ തന്നെ പലപ്പോഴും പറയാറുള്ള ” ദുബായ് ഒരു മായ (illusion)” ആണെന്നതിന്റെ യഥാര്‍ത്ത പൊരുള്‍ മനസ്സിലാക്കി കൊടുക്കാന്‍ സംവൃതയുടെ ‘മായ’ തന്നെ വേണ്ടി വന്നു. Protagonist-ആയ അരുണെന്ന പുരുഷ കഥാ പാത്രത്തിന്റെ ജീവിത ശൈലിയും ജീവിതവുമാണ് ചിത്രം ഫോക്കസ് ചെയ്യുന്നതെങ്കിലും മായ, ലക്ഷ്മി, രാജശ്രീ എന്നീ മൂന്ന് വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളാണ് ഓരോ ഫ്രയിമിനും ജീവിതത്തിന്റെ തുടിപ്പുകള്‍ നല്‍കുന്നത്. അരുണെന്ന കഥാപാത്രത്തിന് ജീവന്‍ നല്കിയ ഫഹദ് ഫാസില്‍ തന്റെ വ്യത്യസ്തവും തന്മയത്വവുമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുമ്പോള്‍ ” മലയാള സിനിമക്ക് ലഭിച്ച ഇമ്രാന്‍ ഹഷ്മിയാണ് ഈ നടനെന്ന് പറയുന്നവര്‍ നിയന്ത്രിതമായ ഭാവപ്രകടനങ്ങളും, ലളിതവും സുന്ദരവുമായ ബോഡി ലാംഗേജും, സ്പഷ്ടമായ ഡയലോഗ് ഡെലിവറിയും കൈമുതലായുള്ള ഒരു അഭിനയ പ്രതിഭയാണ് ഫഹദ് എന്ന കാര്യം മറക്കാതിരുന്നാല്‍ കൊള്ളാം. നായകത്വത്തിന്റെ മായാപ്രപഞ്ചത്തില്‍ അലിഞ്ഞു ചേരാതെ ജീവസ്സുറ്റ നായികാ കഥാപാത്രങ്ങളും മറ്റ് ഉപ കഥാപാത്രങ്ങളും സൃഷ്ടിച്ചെടുക്കുകയും അവക്കോരോന്നിനും തനതായ വ്യക്തിത്വവും സംഭാഷണ ശൈലിയും നല്‍കി കരുത്തുറ്റതാക്കിയതിന് തിരക്കഥാകൃത്തായ ഇഖ്ബാല്‍ കുറ്റിപ്പുറം അഭിനന്ദനമര്‍ഹിക്കുന്നു. ആഭിനേതാക്കളോരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചെങ്കിലും സംവൃതയുടെ ‘മായ’ എന്ന കഥാപാത്രം തിയേറ്റര്‍ വിട്ടാലും പ്രേക്ഷകരെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ മായയെ അനശ്വരമാക്കിയ ആ അഭിനേത്രി തികച്ചും പ്രശംസയര്‍ഹിക്കുന്നു.
ബുര്‍ജ് ഖലീഫ എന്ന ലോകാത്ഭുതമായ കെട്ടിടത്തെ അതിന്റെ ആഢ്യത്വവും, ആകാരവും ഗംഭീരമായി ചിത്രീകരിച്ച ഷോട്ടുകള്‍ തന്നെ മതി സമീര്‍ താഹിറെന്ന ഛായാഗ്രഹകന്റെ സംഭാവന ഡയമണ്ട് നെക്ളേസിന് മിഴിവും അഴകും നല്‍കിയിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ . കഥപറച്ചിലിന്റെ വേഗതക്കനുയോജ്യമായ രീതിയില്‍ ഷോട്ടുകളെ സംയോജിപ്പിച്ച് ചിത്രത്തിന്റെ ടെംപോ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ ചിത്രസംയോജകന്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എഡിറ്റിംഗ് കൂടുതല്‍ നന്നാകുമായിരുന്നു. വിദ്യാസാഗറിന്റെ മനോഹരമായ സംഗീതം ചിത്രത്തിന് തന്നെ ഒരു പ്രത്യേക താളം നല്‍കുന്നുണ്ട്. “നിലാ മലരെ .. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മനോഹാരിത അതിന്റെ ദൃശ്യങ്ങളിലും പ്രകടമാണ്.
ചിത്രത്തിന്റെ ആദ്യ പകുതിയിലുണ്ടായിരുന്ന ചടുലത രണ്ടാം പകുതിയായപ്പോഴേക്കും മന്ദഗതിയിലായതും മെലോഡ്രാമകളുടെ അതിഭാവുകത്വവും, പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കി പിടിച്ചിരുത്താനുതകുന്ന സസ്പെന്സ് ഇല്ലാതിരുന്നതും ചിത്രത്തിന്റെ അപാകതയാണ്. ചിത്രത്തിലെ ചില രംഗങ്ങള്‍ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി കൂട്ടിച്ചേര്‍ത്തതാണെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ടെങ്കിലും സിനിമ ഒരു വ്യവസായം കൂടിയാണെന്ന കാര്യം അവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ക്ളൈമാക്സിലെ വികാര നിര്‍ഭരമായ രംഗങ്ങള്‍ കണ്ട് കൂകിയ പ്രേക്ഷകര്‍ തന്നെ conclusion part-ലെ punching ഡയലോഗുകള്‍ കേട്ട് കയ്യടിക്കുന്നതും കാണാനാവുന്നത് സിനിമയിലൂടെ ചലചിത്രകാരന്‍ പറയാനുദ്ദേശിച്ച സന്ദേശം അവര്‍ ഉള്‍ക്കൊള്ളുന്നു എന്നതിന് തെളിവാണ്. ഡയമണ്ട് നെക്ളേസ് ഒരു കഥാപാത്രമായി തന്നെ വരുന്ന ചിത്രത്തിലൂടെ, ഒരു വലിയ പാഠം തന്നെയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
റിവ്യൂ ഉഗ്രനായിട്ടുണ്ട്…. 🙂
http://purambokku.wordpress.com/
ശരിക്കും ഒരു നല്ല സിനിമ തന്നെയാണ് ഇത്.എല്ലാ അര്‍ത്ഥത്തിലും.