ആദ്യ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ മെലോഡ്രാമയുടെ അതിപ്രസരം നിറഞ്ഞു നിന്നിരുന്നെങ്കില്‍ സിനിമ സാങ്കേതികമായി വളര്‍ന്നപ്പോള്‍ സിനിമയില്‍ അതിനാടകീയത നിഴലിക്കുന്ന രംഗങ്ങളും ക്രമേണ കുറഞ്ഞു വന്നു. ഇന്ന് മലയാള സിനിമ New generation പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ Melodrama-യും Sentiments-ഉം സിനിമയില്‍ കാണുമ്പോള്‍ കൂവിളിയോടെയാണ് യുവ പ്രേക്ഷകര്‍ അതിനെ നേരിടുന്നത്. ദ്രുതഗതിയില്‍ ജീവിത ചക്രം തിരിയുന്ന ഈ കാലഘട്ടത്തില്‍ തിയേറ്ററിലെത്തുന്ന നവയുഗ പ്രേക്ഷകര്‍ക്ക് കദന കഥകള്‍ കണ്ടിരിക്കാന്‍ താത്പര്യമില്ല. ഈ അവസരത്തിലാണ് Sentiments -ഉം Melodrama -യും കുത്തി നിറച്ച് കൗമാര ജീവിതങ്ങളുടെ കഥയുമായി Black Butterfly എന്ന ചിത്രം ഒരു ചോദ്യ ചിന്ഹമായി യുവാക്കളുടെ മുന്നിലെത്തുന്നത്. sentiments -നെ കൂവി തോല്‍പ്പിക്കുന്ന യുവ പ്രേക്ഷകരെ ഒരു പാഠം പഠിപ്പിക്കാന്‍ ചലച്ചിത്രകാരന് ഉദ്ദേശിച്ചിരിന്നോ എന്ന് തോന്നുന്ന രീതിയിലാണ് യുവാക്കളുടെ തന്നെ കദന കഥയുമായി Black Butterfly യുവപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പൂമ്പാറ്റകളെപ്പോലെ വര്‍ണ്ണ ശഭളമായ സ്വപ്നങ്ങള്‍ കണ്ട് പാറിപ്പറക്കേണ്ടുന്ന കൗമാര പ്രായത്തില്‍ പീഡനങ്ങളും ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന കൗമാരക്കാരുടെ ഇരുണ്ട ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്ന Black Butterfly-ക്ക് ഈ പേര് തികച്ചും ഉചിതമായിരിക്കുന്നു. കൗമാര ചാപല്യങ്ങളുടെയും അവരനുഭവിക്കുന്ന പീഢനങ്ങളുടെയും കഥകളുമായി സമീപ കാലത്ത് രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ( Face to face , കര്‍മ്മയോദ്ധ) വന്നെങ്കിലും ഭൂരിപക്ഷം വരുന്ന യുവ പ്രേക്ഷകര്‍ പോലും അവയെ നിരാകരിക്കുകയാണ് ചെയ്തത്. ഈ അവസരത്തിലാണ് ഒട്ടും താരപ്പൊലിമയില്ലാതെ പുതുമുഖങ്ങളെ വച്ച് കൌമാര ചാപല്യങ്ങളുടെയും പീഢനങ്ങളുടെയും പ്രണയത്തിന്റെയും ചേരുവകളുമായി വന്ന Black Butterfly -യുടെ പ്രസക്തി. കഥയിലോ അവതരണത്തിലോ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം പ്രേക്ഷകരെ മടുപ്പിക്കുന്നില്ല എന്നുള്ളതാണ് ഇതിന്റെ സവിശേഷത.
കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ചെന്ന അരോപണത്താല് അറസ്റ്റിലാവുന്ന കൗമാര പ്രായക്കാരനായ നായകനെ ചോദ്യം ചെയ്യുമ്പോള്‍ ഇതള്‍ വിരിയുന്ന അവന്റെ കദ ന കഥ തുടക്കത്തില്‍ യുവ പ്രേക്ഷകരെ മുഷിപ്പിക്കുമെങ്കിലും ഇതേ കേസുമായി ബന്ധപ്പെട്ട് ഒരു കൗമാര പ്രായക്കാരി മൊഴി നല്‍കുന്നതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് ഇതള്‍ വിരിയുന്ന കൗമാര പ്രണയത്തിന്റെയും ചതിയുടെയും കഥ സ്വല്പം അതി ഭാവുകത്തോടു കൂടിയാണ് കാണിക്കുന്നതെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ആഖ്യാന രീതിയാണ് സിനിമക്കുള്ളത്. രജപുത്രയുടെ ബാനറില്‍ ഡസനോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച M.രഞ്ജിത്ത് ഈ ചിത്രത്തിലൂടെ നിര്‍മ്മാതാവില്‍ നിന്നും ഒരു സംവിധായകന്റെ വേഷം അണിയുമ്പോള്‍ മണിയന് പിള്ള രാജുവാണ് തന്റെ മകന് നിരഞ്ജനെ മലയാള സിനിമക്ക് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാവായി അരങ്ങേറുന്നത്.
ബാലതാരമായി മലയാള സിനിമയിലരങ്ങേറിയ മിഥുന് മുരളിയാണ് ഇതിലെ പ്രധാന കഥാപാത്രമായ പെട്രോള്‍ പമ്പ് ജീവനക്കാരന് ബെന്നിയെ അവതരിപ്പിക്കുന്നത്. സ്വാഭാവികമായ അഭിനയം കാഴ്ച വച്ച് മിഥുന് മുരളി പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റിയപ്പോള്‍ പളസ്റ്റു വിദ്യാര്‍ഥിയായ ദീപക്കിനെ അവതരിപ്പിച്ച നിരഞ്ജന്റെ അഭിനയത്തിലെ പോരായ്മകള്‍ മറച്ച് വെക്കാന്‍ ശരത്തിന്റെ ഡബ്ബിംഗ് കൊണ്ട് സാധിച്ചു എന്ന് പറയുന്നതാവും ശരി. അത് പോലെ ഷോബി തിലകന്റെ ഡബ്ബിംഗ് കൊണ്ട് മാത്രം ശ്രദ്ദിക്കപ്പെട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കഥാപാത്രവും ശ്രദ്ദിക്കപ്പെട്ടപ്പോള് Dubbing artist -ന്റെ സേവനം സിനിമയെ( അഭിനേതാക്കളെ) മികച്ചതാക്കാന്‍ എത്രമാത്രം സഹായിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു( സിനിമയില്‍ രോഹിണിക്കും , സിതാരക്കും ശബ്ദം നല്കിയ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികവ് പ്രത്യേകിച്ച് പറയാതെ തന്നെ എല്ലാവര്ക്കും ബോധ്യപ്പെട്ടതാണല്ലോ).
കൗമാരക്കാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ നല്ല ഒരൊറ്റ ഗാനം പോലുമില്ല എന്നുള്ളത് ചിത്രത്തിന്റെ ഒരു പോരായ്മയാണ്. ജെ. പള്ളാശ്ശേരിയുടെ തിരക്കഥക്ക് ഒട്ടും പുതുമ അവകാശപ്പെടാനില്ല എന്ന് തന്നെ പറയാം. നമ്മള് കണ്ടു മടുത്ത ഷോട്ടുകളും എഡിറ്റിംഗ് രീതിയും കാരണം ഛായാഗ്രഹന്റെയും ചിത്രസംയോജകന്റെയും പങ്ക് സിനിമയുടെ മികവിന് കാര്യമായ മുതല്ക്കൂട്ടാകുന്നില്ല.
നായികാ നായകന്മാരായി അഭിനയിച്ച മിഥുന് മുരളിയുടെയും മാളവികയുടെയും നിഷ്കളങ്ക ഭാവങ്ങളും കലര്‍പ്പില്ലാത്ത അഭിനയവും, സമീറായി അഭിനയിച്ച ഗണപതിയുടെ ചില തമാശകളുമാണ് Black Butterfly-നെ Colorful ആക്കുന്നത്.