Amen (ആമേന്‍ ): സംവിധായകന്റെ കരവിരുത് തെളിഞ്ഞു കാണുന്ന ചിത്രം

ലളിതമായ ഒരു തിരക്കഥയെ ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതീകാത്മകമായും കാവ്യാത്മകമായും അവതരിപ്പിക്കുകയും അത് പ്രേക്ഷകന്‍ മടുപ്പില്ലാതെ ആസ്വധിക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്റെ യഥാര്‍ഥ മികവ് വ്യക്തമാവുന്നത്. സംവിധായകന്‍ എന്ന കലാകാരന്റെ ഈ കഴിവിനെയായിരിക്കും ആമേന്‍ എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനെയും  ഈ ചിത്രത്തിന്റെ കഥയേക്കാളും കഥാപാത്രങ്ങളേക്കാളൂം  ആകര്‍ഷിച്ചത്. കുട്ടനാട്ടിലെ കരക്കാര്‍ തമ്മിലുള്ള വള്ളം കളി മത്സരങ്ങള്‍ മലയാള സിനിമക്ക് പല തവണ ഇതിവൃത്തമായിട്ടുണ്ടെങ്കിലും കരക്കാര്‍ തമ്മിലുള്ള ബാന്റ് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് ആമേന്‍ എന്ന ചിത്രത്തിന് പശ്ചാത്തലമാകുന്നത്. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ കഥ പറയാന്‍ അര്‍ത്ഥവത്തായ ഫ്രെയിമുകളുപയോഗിച്ചതു പോലെ തന്നെ സംഗീതത്തെയും ഫലവത്തായി ആമേനില്‍ ഉപയോഗിച്ചിട്ടുണ്ട്.കാലങ്ങളോളമായി ബാന്റ് മത്സരത്തില്‍ വിജയിച്ചു പോന്ന കുമരംഗിരി എന്ന കായലോര ഗ്രാമത്തിലെ  പള്ളിവകയുള്ള ഗീവര്‍ഗ്ഗീസ് ബാന്റ് എതിരാളികളായ മാര്‍ത്തോമ്മാ ബാന്റുമായി പരാജയപ്പെടുന്നത് കുമരംഗിരിക്കാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യം തന്നെയായാണ് ചിത്രത്തില്‍ കാണിക്കുന്നത്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ ബാന്റ് നിര്‍ത്തലാക്കാമെന്നുള്ള അഭിപ്രായം വികാരിയച്ചന്‍ ( ജോയ് മാത്യൂ) മുന്നോട്ട് വക്കുമ്പോള്‍ നിരാശരാകുന്ന ബാന്റ് ടീമംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായാണ് വിന്‍സന്റെ വട്ടോളി എന്ന വൈദികന്‍ ( ഇന്ദ്രജിത്) കുമരംഗിരിയിലെത്തുന്നത്.  ഗീവര്‍ഗ്ഗീസ് ബാന്റിന്റെ നെടും തൂണായിരുന്ന മരണപ്പെട്ട എസ്തപ്പാന്റെ മകന്‍ സോളമനാണ് ( ഫഹദ് ഫാസില്‍ ) വട്ടോളിയുടെ വരവ് കൂടുതല്‍ പ്രയോജനപ്പെട്ടത്. അവന്റെ ശോശന്നയുമായുള്ള (സ്വാതി റെഡ്ഡി)  പ്രണയത്തിന് കൂട്ടു നില്‍ക്കാനും, കൊച്ചു                 കപ്യാരായിരുന്ന അവനെ  ക്ലാരിനെറ്റ് വായനക്കാരനായി ഗീവര്‍ഗ്ഗീസ് ബാന്റില്‍ ഉള്‍പ്പെടുത്താനുമെല്ലാം വട്ടോളി നിമിത്തമായി മാറുന്നു. ഒരു ഗ്രാമം മുഴുവനും ഒരു ബാന്റ് മത്സരത്തിന്റെ വിജയത്തിനായി ഇത്രയും ആവേശം കൊള്ളുന്നതെന്തിന് എന്നോര്‍ത്ത് പ്രേക്ഷകര്‍ അത്ഭുതപ്പെടുമ്പോഴാണ് ബാന്റ് മത്സരത്തിലെ വിജയം എങ്ങനെ കുമരംഗിരിയെയും, അവിടത്തെ കൃസ്തീയ വിശ്വാസികളെയൂം, നായികാ നായകന്റെ പ്രണയ സാഫല്യത്തെയും സ്വാധീനിക്കുന്നത് എന്ന് ചിത്രത്തിന്റെ രണ്ടാം പകുതിയിലൂടെ നാം കാണുന്നത്.

പഴയ കാലഘട്ടത്തിലെ കുട്ടനാട്ടന്‍ ഗ്രാമീണരുടെ ലളിതവൂം, അത്രക്ക് ഗൗരവവുമല്ലാത്ത ഒരു കഥാ തന്തുവിനെ ഇന്നത്തെ ന്യൂജനരേഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും വിധം കാര്യമായ മസാലച്ചേരുവകളൊന്നുമില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ആമേനിന്റെ പ്രത്യേകത. ചിത്രത്തിന്റെ ഈ മികവിന് കാരണം ചലച്ചിത്ര ആഖ്യാനത്തിന്റെ മര്‍മ്മം ശരിക്കു പ്രയോജനപ്പെടുത്തിയ ലിജോ ജോസ് പെള്ളിശ്ശേരിയുടെ മിടുക്ക് തന്നെയാണ്. പലപ്പോഴും പല രംഗങ്ങളൂം ദൃശ്യത്തിന്റെ മനോഹരമായ സങ്കലനത്തോടെ അവതരിപ്പിച്ചത് ആമേനിന് ഒരു കാവ്യഭംഗി നല്‍കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കങ്ങളും, സംഘര്‍ഷങ്ങളും പാട്ടുകളാക്കി അവതരിപ്പിച്ചത് പുതുമയായി. അതിന് ഏറ്റവും അനുയോജ്യമായ വരികളും സംഗീതവും ഉപയോഗപ്പെടുത്തി എന്നുള്ളത് മറ്റൊരു വിശേഷണമാണ്. എന്നാല്‍ സംഘര്‍ഷങ്ങളെ അവതരിപ്പിക്കാന്‍ ഗാനങ്ങളെ ഉപയോഗപ്പെടുത്തിയത് സംഘര്‍ഷങ്ങളുടെ തീവ്രത കുറച്ചുവോ എന്ന് ശങ്കിച്ച് പോവും. മാത്രമല്ല ഈ ഗാനങ്ങളൊക്കെ കണ്ടിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍  പാര്‍ട്ടികള്‍ തമ്മിലുണ്ടാകാറുള്ള  സംഘര്‍ഷങ്ങളെപ്പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല.’ വെട്ടൊന്ന് മുറി രണ്ട് ‘ എന്ന നിലയിലുള്ള സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും, ന്യൂജനറേഷനെ വെല്ലുന്ന Moonജി  ,  Myര്  എന്നീ പ്രയോഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ കാലഘട്ടത്തിനും ,കഥക്കും, കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്.


കുമരംഗിരി എന്ന നാടും അവിടത്തെ ജനങ്ങളും പ്രേക്ഷകരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടി നടന്മാരുടെ മികച്ച പ്രകടനം കൊണ്ട് തന്നെയാണ്. പരമ്പരാഗതമായ നായക സങ്കല്‍പ്പങ്ങളെ അവലംബിക്കാത്ത ആമീനിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരില്‍ ഫഹദിന്റെയും, സ്വാതിയുടെയും, ജോയ് മാത്യുവിന്റെയും, മണിയുടെയും പ്രകടനം വേറിട്ടു നല്‍ക്കുന്നു. ഇന്ദ്രജിത്തും രചനയൂം തെറ്റില്ലാത്ത പ്രകടനം കാഴ്ച വച്ചു. പോത്തനെ അവതരിപ്പിച്ച നടന്റെ അഭിനയ മികവിന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ ശബ്ദ ഗംഭീര്യം മാറ്റ് കൂട്ടി.

കായലോര ഗ്രാമത്തിന്റെ മനോഹാരിതയും വിദഗ്ദമായി അഭ്രപാളികളിലാക്കുകയും പ്രതീകാത്മകമായി ദൃശ്യങ്ങളെ ഒപ്പിയെടുക്കുകയും ചെയ്ത ചായാഗ്രഹകന്റെ മികവ് സമ്മതിക്കണം. പക്ഷേ പലപ്പോഴും സിനിമയിലെ തെങ്ങുകയറ്റക്കാരനോടൊപ്പം ക്യാമറാമാനും തെങ്ങിന്‍ പുറത്ത് കയറി നിന്നണോ ഷൂട്ട് ചെയ്തത് എന്നു തോന്നുന്ന രീതിയിലുള്ള ഷോട്ടുകള്‍ കുറച്ച് കൂടിപ്പോയി എന്നു വേണം പറയാന്‍ . കൂടാതെ അമല്‍ നീരദ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സ്ളോ മോഷനുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചത് കുറച്ച് കടന്ന കയ്യായിപ്പോയി. എങ്കിലും ചിത്രസംയോജനം സംവിധായകന്റെ ആഖ്യാന രീതിക്ക് മാറ്റ് കൂട്ടുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. മസാലച്ചേരുവകളുടെ അതിപ്രസരം നിറഞ്ഞ വിനോദ ചിത്രങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പക്ഷേ ആമേന്‍  കാര്യമായ ഒരു വിഭവമായി തോന്നില്ലെങ്കിലും യഥാര്‍ഥ സിനിമാപ്രേമികള്‍ക്ക്  ആവശ്യത്തിനുള്ള വിനോദം നല്‍കാന്‍ ആമേനി ന് സാധിക്കും എന്ന് തന്നെ പറയാം.

Leave a Comment