August Club (ഓഗസ്റ്റ്‌ ക്ലബ്ബ്‌ ): പെണ്‍ മനസ്സിന്‍റെ കാമനകള്‍ …

സ്ത്രീ മനസ്സുകളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് അവയിലെ ലോല ഭാവങ്ങള്‍ പോലും മനസ്സിലാക്കി അവയെ കാവ്യാത്മകമായി അവതരിപ്പിക്കുക എന്നത് പത്മരാജന്‍ രചനകളുടെ സവിശേഷതയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. പെണ്‍മനസ്സിന്റെ വിശപ്പും ദാഹവുമെല്ലാം അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളില്‍ പലതവണ പ്രമേയമായി വന്നിട്ടുമുണ്ട്. പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ തിരക്കഥാ രചനയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ തന്നെ സ്ത്രീ മനസ്സിന്റെ ലോല ഭാവങ്ങളും, വ്യാകുലതകളും, ചാപല്യങ്ങളും പ്രമേയമാക്കി എന്നുള്ളത് യാദൃശ്ചികമാവാന്‍ വഴിയില്ല എന്ന് പറയുന്നതാവും ശരി. തന്റെ തന്നെ ‘ വേനലിന്റെ കള നീക്കങ്ങള്‍ ‘ എന്ന നോവലെറ്റിനെ ആധാരമാക്കി രചിച്ച ആഗസ്ത് ക്ലബ്ബിന്റെ തിരക്കഥക്ക് ഒരു പത്മരാജന്‍ സ്പര്‍ഷം ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അതിന് പ്രധാനകാരണമായി കാണവുന്നത് സ്തീ കഥാപാത്രങ്ങളുടെ characterization -ല്‍ അച്ഛന്റെ പാത മകന്‍ പിന്തുടരുന്നു എന്നുള്ള ഒരു വസ്തുത തന്നെയായിരിക്കാം. സാവിത്രി എന്ന പതിവ്രതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുടെ ലൈംഗിക തൃഷ്ണയുള്‍പ്പെടെയുള്ള മനോ വ്യാപാരങ്ങളാണ് August Club- ന്റെ പ്രമേയമാകുന്നത്. ” വേനലിന്റെ കളനീക്കങ്ങള്‍ ” എന്ന സാഹിത്യ രചനയുടെ കാവ്യാത്മകതയോ മനോഹാരിതയോ August Club- ആയി വന്ന ചലച്ചിത്രത്തില്‍ ദര്‍ശിക്കാനാവാത്തത് അനന്ത പത്മ്നാഭന്‍ അച്ചനെപ്പോലെ ഒരു തിരക്കഥാകൃത്താവാന്‍ ഇനിയും മെനക്കേണ്ടിയിരിക്കുന്നു എന്ന സുച്ചനയാണ് നല്‍കുന്നത് . മാധ്യമരംഗത്തെ സുപരിചിതനായ കെ ബി വേണുവിന്റെ സിനിമാ പ്രവേശവും പ്രതീക്ഷ നല്‍കുന്ന രീതിയിലായില്ല എന്നുള്ളതാണ് August Club- ന്റെ ബലഹീനമായ ആഖ്യാന രീതിയും, ദൃശ്യാവിശ്കാരവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ചിത്രത്തിന്റെ ഒഴുക്കന്‍ മട്ടിലുള്ള ആഖ്യാന രീതിക്ക് യോജിച്ചത് ” വേനലിന്റെ കളനീക്കങ്ങള്‍ ” എന്ന പേര് തന്നെയായിരുന്നു.( August Club  എന്ന English title -ഉം അത്യാവശ്യം അശ്ളീലച്ചുവയുള്ള സംഭാഷണങ്ങളും കുത്തി നിറച്ച് ചിത്രം ഒരു  New generation cinema  ആണെന്ന് തെറ്റിദ്ദരിപ്പിക്കാനുള്ള ഒരു വിഫലശ്രമം നടന്നിട്ടുണ്ടെന്ന് തോന്നിപ്പോകും)

MNC – യില്‍   ഉന്നത പദവിയില്‍ ജോലി ചെയ്യുന്ന നന്ദന് ( മുരളി ഗോപി) എപ്പോഴും തിരക്കാണ്. കവയിത്രിയൂം വിദ്യാസമ്പന്നയുമായ നന്ദന്റെ ഭാര്യ സാവിത്രി ( റീമ ) തന്റെ വിശ്രമ വേളകള്‍ ചെലവഴിക്കുന്നത് നഗരത്തിലെ August club-ല്‍ ചെസ്സ് കളിച്ചു കൊണ്ടാണ്. രണ്ടു കുട്ടികളുടെ അമ്മയായ സാവിത്രി ഒരു പതിവ്രതയുടെ ജീവിത രീതി അവലംബിച്ച് മുന്നേറുന്പോഴാണ് ആഗസ്ത് ക്ളബ്ബില്‍ ശിശിര്‍ എന്ന യുവാവ് വന്നെത്തുന്നതും സാവിത്രിയെ തുടര്‍ച്ചയായി ചെസ്സില്‍ പരാജയപ്പെടുത്തുന്നതും. വിവാഹേതര ബന്ധത്തില്‍ തത്പരയായ സാവിത്രിയുടെ കൂട്ടുകാരി ലീന ശിശിരുമായി അടുക്കാന്‍ ശ്രമിക്കുമ്പോഴും സാവിത്രിയെയും അത്തരത്തിലുള്ള ബന്ധത്തിനായി പ്രകോപിക്കുന്നു. ഒടുവില്‍ കവിതയിലൂടെ മാത്രം തന്റെ കാമനകളെ വെളിപ്പെടുത്തിയിരുന്ന സാവിത്രി ശിശിരെന്ന അവിവാഹതനായ ചെരുപ്പക്കാരനിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ലീന എപ്പോഴും പറയാറുള്ളത് പോലെ ” ദൈവം കളമൊരുക്കിത്ത്രികയേ ഉള്ളൂ, ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം ” എന്ന വാക്കിനെ അന്വര്‍ഥമാക്കും വിധം ശിശിരിനോടൊത്തുള്ള പ്രണയ സാഫല്യത്തിനായി സാവിത്രിക്കായി ദൈവം കളമൊരുക്കി. എന്നാല്‍ സാവിത്രി അത് ഉപയോഗപ്പെടുത്തിയോ എന്നുള്ളതാണ് ആഗസ്ത് ക്ലബ്ബിന്റെ തുടര്‍ന്നുള്ള രംഗങ്ങള്‍ നമുക്കു കാണിച്ചു തരുന്നത്.

Chess എന്ന  Intelligent game പ്രമേയമാക്കി വന്ന ഇംഗ്ളീഷ് ചിത്രത്തിന്റെ ദൃശ്യങ്ങളോട് കിടപിടിക്കുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. കടല്‍ തീരത്ത് വച്ചിരിക്കുന്ന ചതുരംഗക്കളത്തിലെ Queen- നെ തട്ടിമാറ്റിക്കൊണ്ട് കുതിരപ്പുറത്ത് മുന്നേറുന്ന നായകന്‍ . ഈ ദൃശ്യം ചിത്രത്തിന്റെ അടിസ്ഥാന പ്രമേയത്തെ ചിത്രീകരിക്കാന്‍ പ്രയോജനപ്പെട്ടു എന്നുള്ളത് വാസ്തവമാണ്. ശിശിര്‍ എന്ന കാമുകന്റെ ബലം കുതിരയാണ് ( കുതിരയെ പൗരുഷത്തിന്റെ പ്രതീകമായും വിഭാവന ചെയ്യാറുണ്ട്). ഒരുവന്റെ ഭാര്യയും, ചെസ്സില്‍ മിടുക്കിയുമായ സാവിത്രി അവളെ ഒരു രാന്ജ്ഞിയായാണ് കാണുന്നത്. സിനിമയില്‍ ശിശിര്‍ ഇടക്കിടെ പറയുന്നത് പോലെ ” Queen  വീണാല്‍ പിന്നെ എല്ലാം അടി പതറും.” ചിത്രത്തിലൂടെ ചലച്ചിത്രകാരന്‍ പറയാനുദ്ദേശിക്കുന്നതും ഇതു തന്നെയായിരിക്കും. സ്ത്രീ മനസ്സ് ചഞ്ചലപ്പെട്ടാല്‍ അത് ദാമ്പ ത്യത്തെയും, കുടുംബത്തെയും നിലം പരിശാക്കും എന്ന താക്കീതാണ് ചിത്രം നല്‍കുന്നത്.  സാവിത്രിയായി അഭിനയിച്ച റിമക്ക് 22 female Kottayam-ത്തിന്  ശേഷം ലഭിച്ച മികച്ച കഥാപാത്രമായിരുന്നെങ്കിലും ടെസ്സയെ മികച്ചതാക്കിയ പോലെ സാവിത്രിയെ ഗംഭീരമാക്കാന്‍ റിമക്ക് സാധിച്ചില്ല എന്നു തന്നെ പറയാം.

എങ്കിലും അതി ഭാവുകത്വമൊന്നുമില്ലാതെ സ്വന്തം ശബ്ദത്തിന്റെ തന്നെ സഹായത്തോടെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ റീമക്കായിട്ടുണ്ട്. നന്ദനായി മുരളി ഗോപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശിശിരിന്റെ റോളിനു വേണ്ട പൗരുഷമോ ആകര്‍ഷണത്വമോ നല്‍കാന്‍ പ്രവീണ്‍ എന്ന നടന് സാധിച്ചില്ല എന്നത് ഖേദകരമാണ്. ചെറിയ വേഷങ്ങലിലാണെങ്കിലും തിലകനും സുകുമാരിയും തങ്ങ്ളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

കവിത തുളുമ്പുന്ന ഗാനങ്ങളും ലളിതമായ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. കടല്‍ തീരത്തിനടുത്തുള്ള വീടും മറ്റ് ലൊക്കേഷനുകളും മികച്ച രീതിയില്‍ രംഗ സജ്ജീകരണം നടത്തിയതില്‍ Art Director-ന്‍റെ മികവ് വ്യക്തമാവുന്നുണ്ട്. ഒഴുക്കന്‍ മട്ടിലുള്ള കഥപറച്ചിലും, ഒട്ടും ഉദ്വേഗം നിലനിര്‍ത്താതെയുള്ള രംഗങ്ങളും പ്രേക്ഷകരെ മുഷിപ്പിക്കുമെങ്കിലും ആഗസ്ത് ക്ളബ്ബിന് നിലവാരം പോരാ എന്ന് ആരും പറയില്ല എന്നാശ്വസിക്കാം.


1 thought on “August Club (ഓഗസ്റ്റ്‌ ക്ലബ്ബ്‌ ): പെണ്‍ മനസ്സിന്‍റെ കാമനകള്‍ …”

Leave a Comment