David & Goliath: …. ചലച്ചിത്രകാരനോട് പ്രേക്ഷകരും ക്ഷമിച്ചിരിക്കുന്നു..

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച ഈ വേളയില്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ( 1976-ല്‍ തണല്‍ )  മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ജനനിയിലൂടെ ( 1999) മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ രാജീവ് നാഥ് എന്ന പ്രതിഭാധരനായ സംവിധായകനില്‍ നിന്നും ഒരു ഉത്തമ കലാ സൃഷ്ടി പ്രതീക്ഷിച്ച് ദാവീദും ഗോലിയാത്തും കാണാനിറങ്ങിയ പ്രേക്ഷകരെ സംതൃപതിപ്പെടുത്താന്‍ അദ്ദേഹത്തിന് സാദിച്ചുവോ എന്നുള്ളത് പ്രസ്തുത സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും സ്വയം ചോദിച്ചു പോകുന്നു. അനൂപ് മേനോനുമായി കൂട്ടു പിടിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദാവീദും ഗോലിയാത്തുമായി വന്ന ചലച്ചിത്രകാരന്‍ ഏത് തരം പ്രേക്ഷകരെ ഉന്നം വച്ചാണ് ഈ സിനിമയെടുത്തതെന്ന് അദ്ദേഹത്തിനു തന്നേ  പറയാനൊക്കൂ. അനോപ് മേനോന്‍ തിരക്കഥാകൃത്തായി  ( അഭിനേതാവായും) വരുന്ന ചിത്രങ്ങള്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പാണെന്ന് പറഞു നടക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഈ ചിത്രത്തിന്റെയും കഥാംശമുള്ള വിദേശ ഭാഷാ ചിത്രങ്ങള്‍ ചികഞ്ഞെടുക്കാവുന്നതാണ്. ചിത്രത്തിന്റെ പേര് തന്നെ അതിനുള്ള സൂചനകള്‍ നല്‍കുന്നുണ്ടല്ലോ. എന്നാല്‍ അനൂപ് മേനോന്റെ തൂലികയില്‍ നിന്നും വരുന്ന അശ്ളീലച്ചുവയുള്ള സംഭാഷണങ്ങളോ സ്ത്രീ പുരുഷന്മാരുടെ കാമാഭിനിവേഷങ്ങളോ ഇതില്‍ കാണാനാവില്ലെങ്കിലും  ( കേള്‍ക്കാനും) ബാലികാ ബാലന്മാരെ വച്ചുള്ള പ്രണയവും, മധ്യപിക്കുന്ന സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യവും ദാവീദും ഗോലിയാത്തിലും കാണാവുന്നതാണ്. അനൂപ് മേനോന്റെ രചനയില്‍ നിന്നും ഉടലെടുക്കുന്ന വില്ലന്‍ ചുവയുള്ള കഥാപാത്രങ്ങള്‍ക്ക്  പോലും പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു എന്നതായിരുന്നു തന്റെ മുന്‍കാല ചിത്രങ്ങള്‍ ശ്രദ്ദിക്കപ്പെടാനുള്ള ഒരു കാരണം. എന്നാല്‍ നിഷ്കളങ്കനും സത്യസന്ധനുമായ നായക കഥാപത്രമുള്‍പ്പെടെ ദാവിദും ഗോലിയാത്തിലും പ്രത്യക്ഷപ്പെടുന്ന പല കഥാപാത്രങ്ങളും ബലഹീനവും ( കായിക ബലം കൊണ്ടല്ല) പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായി ന്യായീകരിക്കാനാവാത്ത വിധത്തിലുമുള്ളവരായത് ഈ ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കൂടാതെ ചിത്രത്തിലെ പല കഥാ സന്ദര്‍ഭാങ്ങളും യാദൃശ്ചികമായി നടക്കുന്നതായി ചിത്രീകരിക്കുക വഴി കഥയോട് പ്രേക്ഷകനുള്ള വിശ്വാസ്യതയുടെ അളവ് കുറക്കുകയാണ് ചെയ്തത്.

Isolated Church എന്നറിയപ്പെടുന്ന പള്ളിടെ  മുറ്റത്ത് നിന്ന് ലഭിക്കുന്ന കുഞ്ഞിനെ എടുത്ത് വളര്‍ത്തുന്ന പള്ളിയിലച്ചന്‍ ( പി. ബാലചന്ദ്രന്‍ ) കുഞ്ഞിന് ദാവീദ് എന്ന് പേരിടുകയും അവനെ മത വിജ്ഞാന സമ്പന്നനാക്കി വളര്‍ത്തുകയും ചെയ്യുന്നു.” ഭയം ” എന്ന ദാവീദിന്റെ ( ജയസൂര്യ) നിഷകളങ്ക മനസ്സിന്റെ രോഗം അവനെ സ്കൂളില്‍ നിന്ന് അകറ്റിയപ്പോഴും യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അവന്റെ അഭിരുചി അവനെ നിരക്ഷനായ ഒരു ” എഞ്ചീനിയറാക്കി ” മാറ്റുകയായിരുന്നു. തന്റെ പ്രതിഭാ പാഠവം ഭയത്തിനു മുന്നില്‍ കീഴടങ്ങുമ്പോള്‍ ഒന്നുമാവാന്‍ കഴിയാതിരുന്ന ദാവീദിന്റെ മുന്നില്‍ രക്ഷകനായി അവതരിക്കുന്ന ബിരുദധാരിയായ യഥാര്‍ഥ എഞ്ചീനിയര്‍ സണ്ണി( അനൂപ് മേനോന്‍ ) അവതരിക്കുമ്പോള്‍ മാത്രമാണ് ഇഴഞ്ഞ് നീങ്ങുന്ന കഥാഗതിയില്‍ നിന്ന് പ്രേക്ഷകന് ഒരു മോചനം ലഭിക്കുന്നത്. ഏതൊരു ദാവീദിലും( നന്മ കൊണ്ട് ബലഹീനനായവന്‍) ഒരു ഗോലിയാത്ത് (കരുത്തന്‍) ഉണ്ടെന്ന വികാരിയച്ചന്റെ പാഠങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിച്ച് തന്റെ ബാല്യകാല പ്രണയിനിയെ ഉപദ്രവിക്കുന്ന കരുത്തനെ ( ഗോലിയാത്ത്) സധൈര്യം കല്ലേറിഞ്ഞ് വീഴ് ത്തുന്ന നിഷ്കളങ്കനായ ദാവീദിന് യഥാര്‍ഥ ഗോലിയാത്താരാണെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ( അജി ജോണ്‍) വേണ്ടി വന്നു. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമക്ക് ഊര്‍ജ്ജവും കരുത്തും നല്‍കുന്നത്. 
 ദാവീദായി വേശമിട്ട ജയസൂര്യ കഥാപാത്രമായി മാറാന്‍ തീവ്രമായ ശ്രമം നടത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. ഒരു പാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ അഭിനയ സിദ്ധി തെളിയിക്കാനുള്ള ജയസൂര്യയുടെ ശ്രമങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ഫലം കാണും എന്ന് പ്രതീക്ഷിക്കാം. കാര്യമായ അഭിനയ സാധ്യതകളൊന്നുമില്ലെങ്കിലും അനൂപ് മേനോന്‍ തന്റെ റോള്‍ മികച്ചതാക്കി. മധ്യപിച്ച് ദൈവദോഷം പറഞ്ഞ് നടക്കുന്ന ജൈനമ്മയായി വന്ന ലെന മികച്ച അഭിനയമാണ് കാഴ്ചവച്ചത്. അത് പോലെ കപ്പ്യാരായി വേഷമിട്ട ഇന്ദ്രന്‍സിന്റെ അഭിനയവും ശ്രദ്ദിക്കപ്പെട്ടു. അനൂപ് മേനോന്‍ ചിത്രങ്ങളില്‍ സുപരിചിതരായ മറ്റ് അഭിനേതാക്കളും( ബാല താരമുള്‍പ്പെടെ) മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്.
തേയിലത്തോട്ടത്തിന് നടുക്കായി ഉയര്‍ന്ന് നില്‍ക്കുന്ന പള്ളിയും,  ഹരിതാഭമായ പശ്ചാത്തലവും മനോഹരമായി അഭ്രപാളിയിലാക്കിയ ഛായാഗ്രഹണം മനോഹരമായി. സിനിമയിലെ ഗാനങ്ങള്‍ക്ക് കഥാപാത്രങ്ങളുമായും കഥാപശ്ചാത്തലവുമായും ഇണങ്ങി നില്‍ക്കാനയെങ്കിലും ഇംഗ്ളീഷ് സിനിമകളെ വെല്ലുന്ന പശ്ചാത്തല സംഗീതം ( സ്ഥാനത്തും അസ്ഥാനത്തും ) പ്രേക്ഷകരെ അലോസരപ്പെടുത്തി എന്ന് തന്നെ പറയാം. തുടക്കത്തിലെ  Title Graphics സീനുകള്‍ക്ക് മേല്‍  ത്രിമാനമായി Composite ചെയ്ത് കാണിച്ചത് ശ്രദ്ദേയമായെങ്കിലും എല്ലാ ടൈറ്റിലുകളും 3D Composting ചെയ്ത് കാണിക്കാതിരുന്നത് ഒരു പോരായ്മയാണ്.
നവയുഗ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി  നായക കഥാപാത്രങ്ങള്‍ക്ക് Grey shaded nature നല്‍കുന്ന trend മലയാളസിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും പരമ സത്യസന്ധനായ ദാവീദിനെപ്പോലുള്ള കഥാപാത്രങ്ങളുടെ നന്മയും നിഷ്കളങ്കതയും പ്രേക്ഷകര്‍ ശ്രദ്ദിക്കുമെന്ന് പ്രത്യാശിക്കാം. അല്ലാത്തവര്‍ ചലച്ചിത്രകാരനോട് ക്ഷമിക്കുക

1 thought on “David & Goliath: …. ചലച്ചിത്രകാരനോട് പ്രേക്ഷകരും ക്ഷമിച്ചിരിക്കുന്നു..”

Leave a Comment