Horror ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണെങ്കിലും മലയാളികള്‍ക്കിടയില്‍ Horror Movies-നും സ്വീകാര്യത ഉണ്ടെന്നതാണ് ഭാര്‍ഗ്ഗവീ നിലയം, ശ്രീ ക്രൂഷ്ണപ്പരുന്ത്, My Dear കുട്ടിച്ചാത്തന്‍ , മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ വിജയം വ്യക്തമാക്കുന്നത്. സാങ്കേതികപരമായി മലയാള സിനിമ ഉന്നതിയിലെത്തുന്നുതന് മുമ്പേയുള്ള മേല്‍പ്പറഞ്ഞ ചിത്രങ്ങളെ മലയാള പ്രേക്ഷകര്‍ സ്വീകരിച്ചത് പരിമിതമായ സൗകര്യങ്ങളുപയോഗപ്പെടുത്തി സൃഷ്ടിച്ചെടുത്ത ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കരുത്തുറ്റ തിരക്കഥയും, വിദഗ്ദമായ ആഖ്യാനരീതിയും പ്രസ്തുത ചിത്രങ്ങളുടെ സ്വീകാര്യതക്ക് കാരണമായ വസ്തുതകളാണ്. ഈ അവസരത്തിലാണ് തന്‍റെ സിനിമകളിളുടെ Animation-ഉം Visual effects- ഉം മലായള സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയ വിനയനില്‍ നിന്നും മലയാള സിനിമാ ചരിത്രത്തിലെ 100% 3D Horror Movie എന്ന പരസ്യ വാചകവുമായി Dracula 2012 3D മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ സിനിമയുടെ Latest technologies എല്ലാം ഉപയോഗപ്പെടുത്തി Horror എന്ന് മുദ്രകുത്തി ഡ്രാക്കുളയുടെ കഥ പറഞ്ഞ വിനയന്റെ 3D ഡ്രക്കുലയെ കണ്ട പ്രേക്ഷകന്റെ സ്ഥിതി എത്രമാത്രം Horrible ആയിരിക്കുമെന്ന് ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുമ്പോള്‍ വിനയന്‍ ആലോചിച്ചിട്ടുണ്ടാവില്ല. കോമഡി കലര്‍ത്തി ഏത് ആള്‍മാറാട്ടക്കഥയും, യക്ഷിക്കഥയും പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ മലയാളികള്‍ സ്വീകരിച്ച ആകാശഗംഗയുടെയും, വെള്ളി നക്ഷത്രത്തിന്റെയും സംവിധായകനില്‍ നിന്നും പ്രസ്തുത horror ചിത്രത്തിന്റെ നിലവാരത്തോടെങ്കിലും കിട പിടിക്കുന്ന ഒരു സാധാരണ( 3D വേണമെന്നില്ലായിരുന്നു) horror ചിത്രമെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.
3D യുടെയും Visual Effects-ന്റെയും Sound Effects -ന്റെയും സഹായത്തോടെ മാത്രം ഒരു മികച്ച horror ചിത്രം സൃഷ്ടിക്കപെടില്ല എന്നുള്ളതാണ് ഈ 3D ചിത്രം ഊന്നുന്ന ഒരു നഗ്നമായ സത്യം. കെട്ടുറപ്പുള്ള ഒരു തിരക്കഥ തന്നെയാണ് ഏതൊരു ചിത്രത്തിന്റെയുമെന്ന പോലെ ഒരു ഹൊറര്‍ ചിതര്ത്തിന്റെയും അടിസ്ഥാന വിജയത്തിന് കാരണമാവുക എന്നുള്ളത് അത്ഭുത ദ്വീപിലൂടെ അത്ഭുതം കാണിച്ച സംവിധായകന് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. എന്നാല്‍ ദുര്‍ഭലമായ തിരക്കഥയും ബലഹീനമായ സംഭാഷണങ്ങളും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളുമാണ് കാലഘട്ടത്തിന് അനിവാര്യമായ സാങ്കേതികത്തികവുണ്ടായിട്ട് കൂടി ഡ്രാക്കുല 2012 3D പ്രേക്ഷകരെ ആകര്‍ഷിക്കാനാവാതെ ദ്വിമാനതയിലേക്ക് പരന്നത്.
3D ഗ്ലാസ് വച്ച് സ്റ്റേജ് നാടകം കാണുന്ന പ്രതീതി കാണികള്‍ക്ക് അനുഭവപ്പെട്ടതിന് ചിത്രത്തിലെ നാടകീയമായ (യഥാര്‍ഥത്തില്‍ നാടകത്തിലേതു പോലെ തന്നെ) സംഭാഷണങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. അത് കൊണ്ട് തന്നെയായിരിക്കണം പല കഥാപാത്രങ്ങളുടെയും വികാരഭരിതവും ഉദ്വേഗജനകവുമായ സംഭാഷണങ്ങള്‍ കേട്ടിട്ട് പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചത്( കൂവാന്‍ മടിയുള്ളവര്‍ ).
പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും നാം വായിച്ചും കണ്ടും കേട്ടുമറിഞ്ഞ Dracula യഥാര്‍ഥത്തില്‍ റൊമേനിയയിലെ ഒരു രാജകുമാരനായിരുന്നു. യുദ്ധത്തില്‍ പോയി തിരിച്ചു വരാന്‍ വൈകിയ രാജകുമാരന്‍ മരിച്ചു എന്ന് കേട്ട് ആത്മഹ്ത്യ ചെയ്ത തന്റെ കാമുകിയുടെ അകാല മരണത്തിന്റെ ആഖാതം ആ രാജകുമാരനെ ഒരു ഡ്രാകുല ആക്കി മാറ്റുകയായിരുന്നു എന്നാണ് ചിത്രത്തില്‍ പറയുന്നത്. Vampire ആയി മനുഷ്യ രക്തം ഊറ്റ്ക്കുടിച്ചിരുന്ന Count Draculaയെ ഒരുപാട് നാളത്തെ പരിശ്രമങ്ങള്‍ക്കും കഠിനമായ മന്ത്രവാദ പ്രയോഗങ്ങള്‍ക്കുമൊടുവില്‍ റുമാനിയയിലെ ഒരു ബംഗ്ളാവില്‍ ആവാഹിച്ച് കിടത്തിയിരിക്കുകയായിരുന്നു. പിന്നീട് tourist കേന്ദ്രമായി മാറിയ അവിടെ Honey Moon ആഖോഷിക്കുന്നതിനിടയില്‍ എത്തപ്പെടുന്ന സുധീര്‍ നായര്‍ അവതരിപ്പിക്കുന്ന റോയ് മാത്യൂവിലേക്ക് Count Dracula പരകായ പ്രവേശം ചെയ്യുന്നതാണ് കഥയുടെ തുടക്കം. രക്ത രക്ഷസായ Count Dracula തന്റെ കാമുകിയെത്തേടി കേരളത്തിലെത്തുന്നു. അവിടെ വച്ച് Prof. Williams എന്ന പേരില്‍ രാജുവെന്ന ചെറുപ്പക്കാരനുമായി(ആര്യന്‍ ) പരിചയപ്പെടുന്ന Dracula രാജുവിന്റെ കാമുകിയെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴുള്ള സംഘര്‍ഷങ്ങളാണ് 3D & Visual Effects-ന്‍റെ സഹായത്തോടെ നമുക്കീ ചിത്രത്തില്‍ കാണാനാവുക.
ആകാരം കൊണ്ട് ഡ്രാക്കുലയുമായി താദാത്മ്യം ചെയ്യാനാവുന്ന സുധീര്‍ നായരുടെ പ്രകടനവും മോശമല്ലായിരുന്നു. എന്നാല്‍ വ്യക്തിത്വമില്ലാത്ത Characterization ആണ് ആ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. മനുഷ്യം രക്തം ഊറ്റിക്കുടിക്കാനിഷ്ടപ്പെടുന്ന ഡ്രാക്കുളയ്ക്ക് സ്ത്രീയുടെ നഗ്ന ശരീരത്തോടാണ് കൂടുതല്‍ ആര്‍ത്തി എന്ന് വ്യാഖാനിക്കപ്പെടുന്ന രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെയായിരിക്കും ആവശ്യമില്ലാതെ അര്‍ദ്ദ നഗ്നകളായ സ്ത്രി ശരീരങ്ങളുടെ Closeup ദൃശ്യങ്ങളും ഡ്രാക്കുലയുടെ നൃത്തവും കൂട്ടിക്കലര്‍ത്തി ഒരു ഗാനം തന്നെ ചിത്രീകരിച്ചിരിക്കുന്നത്. തിലകനെയും, നാസ്സറിനെയും, പ്രഭുവിനെയും പോലെയുള്ള കഴിവുറ്റ നടന്മാരുടെ കഥാപാത്രങ്ങള്‍ക്ക് പോലും ആകര്‍ഷകമായ വ്യക്തിത്വമോ, നിലവാരം പുലര്‍ത്തുന്ന സംഭാഷണങ്ങളോ ഇല്ലാഞ്ഞത് ആ കഴിവുറ്റ നടന്മാരുടെ സാന്നിദ്ധ്യം സിനിമക്ക് മുതല്‍ക്കൂട്ടാവാഞ്ഞത് പോലെ തോന്നി. അപ്പോള്‍ നയികാ നായികന്മാരായി അഭിനയിച്ച (ആര്യന്‍ , മോനല്‍ ഗജ്ജാര്‍ ) പുതുമുഖ നടീനടന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
മികച്ച ഒരു Dubbing artist-ന്റെ സഹായത്തോടെ ഇവരുടെ അഭിനയം കുറച്ചെങ്കിലും മികച്ചതാക്കാമായിരുന്നു.
ഗാനങ്ങള്‍ മികവു പുലര്‍ത്തിയില്ലെങ്കിലും പശ്ചാത്തല സംഗീതം മികച്ചതായത് കൊണ്ട് ചിത്രത്തിന് ആവശ്യമായ ഹൊറര്‍ പ്രതീതിയൊക്കെ തോന്നുന്നുണ്ട്. ലൈറ്റിംഗില്‍ നിലവാരം പുലര്‍ത്തിക്കൊണ്ട് മികവാര്‍ന്ന ദൃശ്യങ്ങള്‍ സമ്മാനിച്ച ഛായാഗ്രഹകന്റെ കഴിവിന് അഭിനന്ദനങ്ങള്‍ . ഒരു മലയാള സിനിമക്ക് നിലവാരം പുലര്‍ത്തുന്ന ദൃശ്യവിസ്മയം സമ്മാനിച്ച Visual Effects ടീമും സിനിമയൂടെ സാങ്കേതിക നിലവാരത്തിന് കരുത്തേകിയിട്ടുള്ളതായി വ്യക്തമാണ്. എന്നാല്‍ നവീന സാങ്കേതികത ഉപയോഗപ്പെടുത്തിയത് കൊണ്ട് മാത്രം ഒരു മലയാള സിനിമ ജനപ്രിയമാവില്ല എന്നുള്ള വാസ്തവമാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന ത്രിമാന സത്യം.