Left Right Left : ധീരം.. തീവ്രം.. ഗംഭീരം

വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും  പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ കാണുമ്പോള്‍ Left Right Left എന്ന ചിത്രം മുന്‍കാല രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവൃത്തിയേക്കാളും പ്രസംഗത്തിലൂടെയാണ് നേതാക്കള്‍ ജനങ്ങളുടെ കയ്യടി നേടുന്നതെന്നതുപോലെ Left Right Left എന്ന ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നത് അതിലെ ദൃശ്യങ്ങളിലെ ചലനാത്മകത കാണിച്ചുകൊണ്ടല്ല, മറിച്ച്  കുറിക്ക് കൊള്ളുന്ന മൂര്‍ച്ച കൂടിയ സംഭാഷണങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടാണ്. സ്വയം വരം എന്ന ചിത്രം, സിനിമ യഥാര്‍ത്ഥത്തില്‍ ഒരു ദൃശ്യകലയാണ് എന്നും സംഭാഷണങ്ങള്‍ക്കല്ല സിനിമയില്‍ പ്രാധാന്യമെന്നും മലയാളികള്‍ക്ക് കാണിച്ചു കൊടുത്തെങ്കിലും അന്നും ഇന്നും എന്നും മലയാളി പ്രേക്ഷകര്‍ ഹരം കൊള്ളുന്നത് ചൂടന്‍ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോഴാണ്. അത് പച്ച മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അശ്ലീല പ്രയോഗങ്ങളോ,  സൂപ്പര്‍ താരങ്ങളുടെ തീപ്പൊരി ഡയലോഗുകളോ, ഹാസ്യ താരങ്ങളുടെ രസികന്‍ പ്രയോഗങ്ങളോ ആയാലും  മലയാളികള്‍ കയ്യടിക്കും എന്ന് ചലച്ചിത്രകാരന്മാര്‍ക്ക് നന്നായി അറിയാവുന്ന വസ്തുതയാണ്. അത് കൊണ്ട് തന്നെയാണ് മലയാള സിനിമ ന്യൂജനറേഷന്‍ പാതയിലൂടെ സഞ്ചരിക്കുക്കയാണ് എന്ന് പറയുമ്പോഴും ദൃശ്യങ്ങളിലൂടെ നടത്തേണ്ട ആഖ്യാനങ്ങള്‍ക്ക് പലപ്പോഴും സംഭാഷണങ്ങള്‍ തന്നെ ഉപയോഗിക്കുന്നത്. എന്നാല്‍ Left Right Left എന്ന ചിത്രത്തിലെ സംഭാഷണങ്ങളിലെ തീവ്രത കേവലം പ്രേക്ഷകരെ ഹരം കൊള്ളിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടു മാത്രമല്ല എന്നു വേണം കരുതാന്‍ . സിനിമയിലെ കഥാപാത്രങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രതീകാത്മകമായി നാമകരണം ചെയ്തതു പോലെ കഥാപാത്രങ്ങളുടെ നാവിലൂടെ  തൊഴുതു വിടുന്ന സംഭാഷണങ്ങളും പ്രതീകാത്മകമായി തന്നെ കാണവുന്നതാണ്.

അരുണ്‍കുമാര്‍ അരവിന്ദ് -മുരളി ഗോപി- ഇന്ദ്രജിത്ത് ടീമിന്റെ മുന്‍ ചിത്രമായ ഈ അടുത്ത കാലത്ത് പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റിയത് അതിലെ തിരക്കഥയുടെ വൈദഗ്ദ്യവും ആഖ്യാനത്തിലെ പുതുമ കൊണ്ടുമാണെങ്കില്‍ Left Right Left  എത്തുമ്പോള്‍ അത് പ്രമേയത്തിന്റെ തീവ്രത കൊണ്ടും സംഭാഷണങ്ങളിലെ തീപ്പൊരി കൊണ്ടുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒന്നിലധികം  protagonists നെ വെച്ച്  single narrative- ല്‍  കഥ പറയുമ്പോള്‍ തിരക്കഥയില്‍ കാണിക്കേണ്ട വൈദഗ്ദ്യം ഈ അടുത്ത കാലത്തില്‍ കാണിച്ചതു പോലെ Left Right Left -ല്‍  മുരളി ഗോപി കാണിച്ചുവോ എന്ന് സംശയകരമാണ്. അങ്ങനെയായിരുന്നുവെങ്കില്‍ കഥാപാത്രങ്ങള്‍ വികസിക്കുന്നതിനനുസരിച്ച് തിരക്കഥയില്‍ കടന്നു കൂടിയ സങ്കീര്‍ണ്ണത പ്രേക്ഷകന് ലളിതമായ ഒരു ആഖ്യാനമായി തന്നെ കാണാനാവുമായിരുന്നു.  ഒരു കഥാപാത്രത്തിന്റെ പ്രാധാന്യം വ്യകതമാക്കാന്‍ കാണിക്കുന്ന ചില സീനുകള്‍ കാണുമ്പോള്‍ , മറ്റു കഥാപാത്രങ്ങള്‍ അപ്രധാനമാണോ എന്ന സംശയം പ്രേക്ഷകരില്‍ ജനിപ്പിക്കില്ലായിരുന്നു. തിരക്കഥാകൃത്തു കൂടിയായ മുരളിഗോപി അവതരിപ്പിച്ച ചെഗുവേര റോയിയെ മുഖ്യ കഥാപാത്രമായി വ്യാഖ്യാനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തതുല്യമായ കഥാപാത്രങ്ങളുടെ തീവ്രത കുറക്കാന്‍ കാരണമായോ എന്ന ആശങ്ക പ്രേക്ഷകരിലുടലെടുപ്പിക്കുമെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്സ് മറ്റ് protagonist  കള്‍ക്ക്  ചിത്രത്തിലുള്ള പ്രാധാന്യം കഥയുമായി കെട്ടുപുണഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു എന്നുള്ളത് ആശ്വാസ്കരമാണ്.

ചെഗുവേര റോയി ( മുരളി ഗോപി) , കൈതേയി സഹധേവന്‍ (ഹരീഷ് പേരാടി) , സുരേഷ് കുമാര്‍ ( ശ്രീജിത് രവി), അലിയാര്‍ (സുധീര്‍ കരമന) , S R ( വിജയ രാഘവന്‍ ) അനിത( ലെന) എന്നീ സഖാക്കന്മാരുടെയും ജയന്‍ ( ഇന്ധ്രജിത്), ജെന്നിഫര്‍ ( രമ്യ ) എന്നീ സാധാരണ കഥാപാത്രങ്ങളുടെയും കഥ പറയുമ്പോള്‍ ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ലെന്നും പ്രതീകാത്മകമാണെന്നും ഏതൊരു പ്രേക്ഷകനും തിരിച്ചറിയാവുന്നതാണ്. എന്നിട്ടും സിനിമ പച്ചയായ രാഷ്ട്രീയ, ജീവിത മുഹൂര്‍ത്തങ്ങളുടെ ആവിഷ്കാരമായി തോന്നാതെ കാല്പനികതയുടെ മിശ്രിതം ചേര്‍ത്ത് Left Right Left – നെ ഒരു കലാരൂപമായി തന്നെ ആവിഷ്കരിക്കാന്‍ സാധിച്ചത് എഡിറ്റര്‍ കൂടിയായ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദിന്റെ മികവായി കാണാവുന്നതാണ്. ഒരു ചിത്രസംയോജകന്റെ ദൃഷ്ടി കോണിലൂടെ തന്നെയാണ് ആഖ്യാനം നടത്തിയിരിക്കുന്നത് എന്നുള്ളതു കൊണ്ടാണ് വിപ്ലവാത്മകമായ സംഭാഷണങ്ങളൂടെ തീവ്രതക്കിടയിലും   ചില ദൃശ്യങ്ങള്‍ ജീവസ്സുറ്റതായി പ്രേക്ഷക മനസ്സില്‍ കുടിയേറുന്നത്. മുരളി ഗോപിയുടെ രചനാ പാഢവവും അഭിനയ വൈദഗ്ദ്യവും ഈ അടുത്ത കാലത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടതാണെങ്കിലും Left Right Left -ലെത്തുമ്പോഴേക്കും അതിന് മികവ് കൂടിയിരിക്കുന്നു. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ പ്രേക്ഷകനെ അലോസരപ്പെടുത്താതെ തന്നെ ആവിഷ്കരിക്കാന്‍ സാംവിധായകന് സാധിച്ചത് കൊണ്ട് തന്നെ മുരളി ഗോപി-അരുണ്‍ കുമാര്‍ ടിമിന് ഇനിയും ശോഭിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

ഭരത് ഗോപി, സുകുമാരന്‍ , കരമന ജനാര്‍ദ്ദനന്‍ നായര്‍ , ടീ ജീ രവി, N.N പിള്ള തുടങ്ങിയ പ്രഗത്ഭരായ മുന്‍കാല അഭിനേതാക്കളുടെ മക്കളാണ് Left Right Left -ല്‍  മുഖ്യ കഥാപാത്രങ്ങളായി വരുന്നതെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അഭിനേതാക്കളെല്ലാവരൂം തന്നെ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ തങ്ങളുടെ പിതാക്കളുടെ യശസ്സുയര്‍ത്തി എന്നു തന്നെ പറയാം. വിപ്ലവകാരിയുടെ ഊര്‍ജ്ജ്വസ്വലതയും, പക്വതയും ഒരേപോലെ ആവിഷ്കരിക്കാന്‍ മുരളീ ഗോപിക്ക് സാധിച്ചു. വട്ടന്‍ ജയനെന്ന പോലീസുധ്യോഗഥനെ ലളിതമായും, കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലും ഇന്ദ്രജിത്തിന് അവതരിപ്പിക്കാന്‍ സാധിച്ചത് അഭിനന്ദനീയമാണ്. അനിതയെ അവതരിപ്പിച്ച ലെനയും, ദീപയെ അവതരിപ്പിച്ച അനുശ്രീയും മികച്ച പ്രകടനം കാഴ്ചവച്ചു. S R-നെയും സഹധേവനെയും ഒട്ടും മിമിക്രിച്ചുവയില്ലാതെ തന്നെ അതിന്റെ അഭിനേതാക്കള്‍ക്ക് അവതരിപ്പികാന്‍ സാധിച്ചത് ശ്രദ്ദേയമാണ്. ജെന്നിഫര്‍ എന്ന കഥാ പാത്രത്തിന് depth കുറവായതു കൊണ്ടാണോ രെമ്യയുടെ അഭിനയം ശ്രദ്ദിക്കപ്പെടാഞ്ഞത് എന്ന് ആര്‍ക്കെങ്കിലും  തോന്നിയെങ്കില്‍ കുറ്റം പറയാനാവില്ല.

ഗോപി സുന്ദറിന്റെ സംഗീതം വിപ്ളവാത്മകമോ കവ്യാത്മകമോ അല്ലെങ്കിലും ചിത്രത്തിന്റെ ആത്മാവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന പ്രതീതി നല്‍കുന്നവയാണ്. ദൃശ്യങ്ങളിലെ മനോഹാരിതയേക്കാളും അവക്ക് കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമാവുന്ന impact നല്‍കാനാവുന്ന വിധത്തില്‍ ഷോട്ടുകള്‍ ക്രമീകരിച്ചതില്‍ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാലിന്റെ മികവ് പ്രകടമാകുന്നുണ്ട്. പശ്ചാത്തല സംഗീതം കഥാ സന്ദര്‍ഭങ്ങളുടെ തീവ്രതക്ക് മാറ്റ കൂട്ടി. സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അത് നമുക്കു ചുറ്റുമുള്ള കാഴ്ചകളുടെയൂം വാര്‍ത്തകളുടെയൂം നിജസ്ഥിതി പ്രേക്ഷകനുമായി സംവേധിക്കാന്‍ കൂടിയുള്ളതുമാണെന്ന് വിശ്വസിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള ആകര്‍ഷണത്വം ലെ ഉണ്ട് എന്ന് നിസ്സംശയം പറയാം

Leave a Comment