വിശ്വരൂപത്തിന്റെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ച് കൊണ്ട് വാര്‍ത്തകളില്‍ പ്രാധാന്യം സൃഷ്ടിച്ചെടുത്ത ഒരു സംവിധായകന്‍ സമീപ കാലത്തിറങ്ങിയ തന്റെ സിനിമക്ക് പ്രചോദനമായത് “തടിയന്മാരെ തുടച്ച് നീക്കാന്‍ പോകുന്നു” എന്ന പരസ്യവാചകമാണെന്ന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളിത്തം പൂശി New Generation ലേബലിലിറക്കിയ സംവിധായകന് പ്രസ്തുത പടത്തിന്റെ കഥക്ക് inspiration ആയത് എന്ത് തന്നെയായാലും അഴിമതിക്കാരെ തുടച്ച് നീക്കാന്‍ പോകുന്നു എന്ന പരസ്യവാചകം ( ഇങ്ങനെ ഒരു പരസ്യം എഴുതാന്‍ ധൈര്യമുള്ളവരുണ്ടോ? ) കണ്ടിട്ടൊന്നുമല്ല അഴിമതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് ലോക്പാലുമായി ജോഷി-മോഹന്‍ലാല്‍ ടീം വന്നിരിക്കുന്നത്.
മലയാളി പ്രേക്ഷകര്‍ക്ക് ആനുകാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യവുമുള്ള ഒരുപാട് സിനിമകള്‍ സമ്മാനിച്ച ജോഷി തന്റെ പുതിയ ചിത്രമായ ലോക്പാലിലൂടെ സിനിമ എന്ന മാധ്യമത്തിലൂടെ അഴിമതി എന്ന ഭീകരമായ വെല്ലുവിളിക്കെതിരെ ഒരു ചലച്ചിത്രകാരന് എങ്ങനെ പ്രധിഷേധമറിയിക്കാനാവുമെന്ന് നമുക്ക് കാണിച്ചു തരുന്നു. അഴിമതിക്കെതിരെ ഒറ്റയാള്‍ പട്ടാളമായും( Indian) നാല്‍വര്‍ സംഘമായും (4 the People), അപരവ്യക്തിത്വമായും ( അന്യന്‍ ) തെന്നിന്ത്യയില്‍ മുമ്പും സിനികള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ന് ഭാരത ജനത നേരിടുന്ന എറ്റവും വലിയ ഭീഷണിയായി മാറിയ അഴിമതി എന്ന ഭീകരനെ സമകാലീന സംഭവങ്ങളെയും സാമൂഹ്യപ്രസക്തിയുള്ള വാര്‍ത്തകളെയും കോര്‍ത്തിണക്കി അവതരിപ്പിക്കുക വഴി ഒരു ചലച്ചിത്രകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത നിഷ്പക്ഷമായി എങ്ങനെ നിര്‍വ്വഹിക്കാം എന്ന് അദ്ദേഹം കാണിച്ചു തരികയാണ്.
മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ താരത്തെയാണോ അതോ അഭിനയ പ്രതിഭയെയാണോ ലോക്പാലിലൂടെ പ്രേക്ഷകര്‍ കാണുന്നത് എന്നത് ഓരോരുത്തരുടെയും താരാരാധനയുടെ അളവ് പോലെയിരിക്കും.’ ലോക്പാല്‍ ‘ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന നന്ദകുമാര്‍ എന്ന കഥാപാത്രത്തിന് താരത്തിന്റെ പൊലിമയും അഭിനയത്തിന്റെ സിദ്ദിയും ഒരു പോലെ ആവശ്യമാണ്. അത് കൊണ്ട് തന്നെ ഈ സിനിമയില്‍ കഥയേക്കാള്‍ പ്രാധാന്യം കഥാപാത്രത്തിനാണുള്ളത്. ലോക്പാല്‍ എന്ന വെബ്സൈറ്റിലൂടെ സമൂഹത്തിലെ അഴിമതിക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുകയും അതിനുള്ള പ്രതിവിധികള്‍ നിയമത്തിന്റെ സഹായമില്ലാതെ കൂര്‍മ്മ ബുദ്ധിയും കായികബലവും ഉപയോഗിച്ച് നന്ദകുമാര്‍ എന്ന ലോക്പാല്‍ നിര്‍വ്വഹിക്കുന്നതാണ് സിനിമയുടെ കഥാ തന്തു. നന്ദകുമാറില്‍ നിന്നും കഥാപാത്രത്തെ ലോക്പാലാക്കി മാറ്റിയ ഒരു back story മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ നീതി നടത്തിപ്പിനെ ന്യായീകരിക്കുന്നു. Entrance പരീക്ഷകളിലെ ക്രമക്കേടുകള്‍ , Medical College അഡ്മിഷനിലുള്ള അഴിമതി, ബാലികാ പീഢനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിലപേശുന്ന ഉന്നത പോലീസ് ഉദ്യോഗ്സ്ഥരുടെ അഴിമതി തുടങ്ങി സമകാലീന സമൂഹിക രാഷ്ടീയ പ്രശ്നങ്ങള്‍ക്കെതിരെ പോരാടുന്ന ലോക്പാലിന്റെ ജൈത്രയാത്രയാണ് സിനിമയിലുട നീളം നമുക്ക് കാണാനാവുക. ഇതിനിടയില്‍ കാണിച്ച കാവ്യാമാധവന്റെ ഗീത എന്ന പൂര്‍വ്വ കാമുകിയുമായുള്ള നന്ദകുമാറിന്റെ മാനസികമായ അടുപ്പവും, മാന്യമായ സൗഹൃദവും ലോക്പാലിന്റെ ചടുലതയെ അല്പം മന്ദഗതിയിലാക്കിയെങ്കിലും ഒരു സിനിമ പ്രേക്ഷകര്‍ സ്വീകരിക്കണമെങ്കില്‍ എല്ലാ മസാലക്കൂട്ടുകളും ഒരു പോലെ ചേര്‍ക്കണമെന്നുള്ള ചലച്ചിതലോകത്തെ പ്രവണത തന്നെയായിരിക്കും ഇതിനും പിന്നില്‍ എന്ന് പറയാവുന്നതാണ്. അത് കൊണ്ട് തന്നെയായിരിക്കും കഥാഗതിയുമായി യാതൊരു ബന്ധമില്ലാഞ്ഞിട്ടും മാളുകലില്‍ നൃത്തമാടുന്ന യുവതീയുവാക്കളെയും സ്ട്രീറ്റിലൂടെ വാഹനത്തില്‍ റോക്ക് മുസിക്കുമായി അലമുറയിടുന്ന hello music band-ന്റെ ഗാനരംഗം ചിത്രീകരിച്ചതെന്ന് തോന്നിപ്പോകും. അതോ മലയാള സിനിമയുടെ അന്തിമ വിധി കര്‍ത്താക്കള്‍ ഇന്ന് യുവജന്ങ്ങളാണെന്ന മിഥ്യ ധാരണയോ അല്ലെങ്കില്‍ സിനിമക്ക് ഒരു New Generation flavor നല്‍കാന്‍ വേണ്ടിയാണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
CBI ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയും രാഷ്ട്രീയ ചിത്രങ്ങളിലൂടെ തീപ്പൊരി സംഭാഷണങ്ങളും ചടുലമായ രംഗങ്ങളും രചിച്ച SN സ്വാമി എന്ന തിരക്കഥാകൃത്ത് ലോക്പാലിലിന്റെ രചനയില്‍ തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ചില്ല എന്ന് വേണം കരുതാന്‍ . S.N സ്വാമി ചിത്രങ്ങളുടെ സവിശേഷതയായ Investigative & Thrilling മൂഡ് ഈ സിനിമയില്‍ വിരളമായേ കാണാനാവുന്നുള്ളൂ എന്നത് ലോക്പാലിന്റെ നിറത്തിന് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്. ഛായാഗ്രാഹകന്റെ കരവിരുത് എടുത്തു പറയത്തക്ക രീതിയില്‍ ചിത്രത്തില്‍ ദൃശ്യങ്ങളില്ലെങ്കിലും ചിത്രത്തിന്റെ കഥാഗതിക്കനുസരിച്ച് tempo നിലനിര്‍ത്തിക്കൊണ്ട് Sharp Cuts ചെയ്ത് കൊണ്ട് എഡിറ്റര്‍ ചിത്രത്തിന് മികവ് നല്‍കിയിട്ടുണ്ട്. റഫീക് അഹമ്മദ്- രതീഷ് വേഗ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ യുവ പ്രേക്ഷകരെ ആകര്‍ഷിച്ചേക്കാം എന്നേ പറയാനാവൂ. മോഹന്‍ലാലിനെ വ്യത്യസ്ത രൂപത്തില്‍ അവതരിപ്പിച്ചതിന് പിന്നിലെ Make up man -ന്റെ മിടുക്ക് സമ്മതിക്കാവുന്നതാണ്.
എന്നാല്‍ ഓരോ വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുമ്പോഴും അവക്കിണങ്ങുന്ന ഭാവവും ശരീരഭാഷയും ശബ്ദ ചാതുരിയും നല്‍കി ലോക്പാലിന്റെ പ്രച്ഛന്ന വേഷങ്ങള്‍ക്ക് originality നല്‍കിയ മോഹന്‍ലാലിന്റെ അഭിനയ മികവിനെ പരാമര്‍ശിക്കാന്‍ ‘ ഗംഭീരം ‘ എന്നതില്‍ കുറഞ്ഞ വാക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും.
മാനുവല്‍ എന്ന വില്ലന്‍ കാഥാപാത്രത്തിന് പ്രത്യേക Body Language-ഉം Voice Accent-ഉം ( ഇന്നസെന്റിനെ അനുകരിക്കാന്‍ ശ്രമിച്ചോ എന്ന് സംശയം തോന്നിയേക്കാം) നല്‍കി മികച്ചതാക്കിയ സായ്കുമാറിന്റെയും, തിരുവനന്തപുരം ഭാഷാമൊഴിയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച( സ്വല്പം) വിദ്യാധരനെന്ന കഥാപാത്രത്തിലൂടെ ഷമ്മിതിലകനും, സത്യാന്വേഷിയായി T G .രവിയും മികച്ച അഭിനയം കാഴ്ച വച്ചു. ഒരു നടിയുടെ അഭിനയ മികവിന് മാറ്റുകൂട്ടാന്‍ സ്വര ചാതുരിയുള്ള ഒരു Dubbing Artist വേണമെന്നുള്ളത് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് കാവ്യാമാധവന്റെ ഗീത എന്ന കഥാപാത്രത്തിന് ആ കഴിവുള്ള നടി സ്വയം ഡബ്ബ് ചെയ്ത് കൊണ്ട് തെളിയിച്ചിരിക്കുന്നത്.
ജനാധിപത്യത്തിന് ” ഫോര്‍ ദി തിവ്സ് , ബൈ ദി തിവ്സ് , ടു ദി തിവ്സ് ” എന്ന് വിമര്‍ശനാത്മകമായി ലോക്പാല്‍ നിര്‍വ്വചനം നല്‍കുമ്പോള്‍ സമകാലീന വാര്‍ത്തകളെ ഉദ്ദരിച്ച് നോക്കുമ്പോള്‍ അത് ശരിയാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല. അത് കൊണ്ട് തന്നെ അഴിമതിക്കെതിരെ ഒരു സന്ദേശവും അഴിമതിവീരന്മാര്‍ക്ക് ഒരു താക്കീതും നല്‍കുന്ന ഈ ചിത്രം കണ്ടവര്‍ അഴിമതിക്കാരോട് ‘ റണ്‍ ചോര്‍ റണ്‍ ‘ എന്ന് പറഞ്ഞെങ്കില്‍ അത്ഭുതപ്പെടാനില്ല.
Good review…Cinema iniyum kandittilla. Enkilum samshamillathe parayunnu…gud review.
Thanx.. 🙂
Lalettan Kalakki..