Mumbai Police ( മുംബൈ പോലിസ്‌ ): Movie review

സഞ്ജയ്- ബോബി ടീമിന്റെ തൂലികയില്‍ നിന്നും ഉടലെടുക്കുന്ന തിരക്കഥകളുടെ പ്രത്യേകത അവയില്‍ അതി സങ്കീര്‍ണ്ണത നിറഞ്ഞിരുക്കുമെന്നുള്ളതാണ്. ആഖ്യാന രീതിയില്‍ തന്നെയുള്ള സങ്കീര്‍ണ്ണത കഥാഗതി പുരോഗമിക്കുന്നതോടെ കൂടിക്കൊണ്ടിരിക്കുകയും ഒടുവില്‍ ക്ലൈമാക്സോടെ സങ്കീര്‍ണ്ണതയുടെ ഊരാക്കുടുക്കഴിയുകയും ചെയ്യുന്നതായാണ് മിക്ക സിനിമകളുടെയും അടിസ്ഥാന ഘടനയെങ്കിലും  ഈ തിരക്കഥാകൃത്തുകളുടെ രചനയില്‍ അതി സങ്കീര്‍ണ്ണതയും ഉദ്വേഗജനതയും സ്വല്പം കൂടുതലാണ് എന്നുള്ളതാണ് വാസ്തവം. ട്രാഫിക്കും, അയാളും ഞാനും തമ്മിലും ഒക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അപ്പോള്‍ ഈ ടീമിന്റെ രചനയില്‍ ഒരു suspense thriller ജനിക്കുമ്പോള്‍ ആ തിരക്കഥയുടെ ഘടന അതി സങ്കീര്‍ണ്ണമാവാതിരിക്കാന്‍ യാതൊരു വഴിയുമില്ല. അത് കൊണ്ട് തന്നെയാണ് മുംബൈ പോലീസ് എന്ന ചിത്രം സാധാരണ police investigation ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാവുന്നത്. ഇത് ഒരു crime story ആണെങ്കിലും സംഘട്ടനങ്ങളോ , അതിഭാവുകത്വം പുലര്‍ത്തുന്ന നാടകീയമായ രംഗങ്ങളോ, സംഭാഷണങ്ങളോ  ഇല്ലാതെ എല്ലാ കാര്യത്തിലൂം ഒരു മിതത്വം പുലര്‍ത്തുന്ന ഒരു silent suspense thriller ആണ് Mumbai Police എന്ന് വേണം പറയാന്‍ .

സൗഹൃദത്തിന്റെ കഥ മലയാള സിനിമക്ക് പുതുമയല്ലെങ്കിലും കൃത്യ നിര്‍വ്വഹണത്തോടൊപ്പം സൗഹൃദവും കാത്തു സൂക്ഷിക്കുന്ന I P S റാങ്കിലുള്ള മൂന്ന് പോലീസ് ഓഫീസര്‍മാരുടെ കഥയാണ്  മുംബൈ പോലീസ് പറയുന്നത്. എന്നാല്‍ സൗഹൃദത്തിനപ്പുറം വ്യക്തികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുള്ള പ്രസക്തി ഒരു ചോദ്യ ചിഹ്നമായി ഉയരുന്നതായാണ് ചിത്രം മുഴുമിക്കുമ്പോ ള്‍ പ്രേക്ഷകനെ വേട്ടയാടുന്നത്. ‘മുംബൈ പോലീസ് ‘ എന്നറിയപ്പെടുന്ന മൂന്നംഗ പോലീസ് സുഹൃത്തുക്കളില്‍ ഒരാള്‍ കൊല്ലപ്പെടുന്നതും കൊലപാതകിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകനെയും അലട്ടുന്ന സമസ്യ.


ആര്യന്‍ ജോസെന്ന    ( ജയസൂര്യ) I P S ഉദ്യോഗഥന്‍  ഹൈദ്രബാദില്‍ വെച്ച് നടന്ന സംഘട്ടനത്തില്‍ മൂന്ന് മാവോ തീവ്രവാധികളെ വധിച്ചതിന്റെ പേരില്‍ ധീരതക്കുള്ള അവാര്‍ഡിനര്‍ഹമാകുന്നു. എന്നാല്‍ അവാര്‍ഡ് കൈപ്പറ്റി പ്രസംഗിക്കുന്നതിനിടയില്‍ അജ്ഞാതന്റെ വേടിയേറ്റ് ആര്യന്‍ കൊല്ലപ്പെടുന്നു. ഈ കേസിന്റെ അന്വേഷണച്ചുമതല ആര്യന്റെ ഉറ്റ സുഹൃത്തായ ആന്റണി മോസസിന് ( പൃഥ്വിരാജ് ) നല്‍കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റവാളിയെ കണ്ടു പിടിച്ച സാഹസികനായ I P S  പോലീസ് ഓഫീസറായ ആന്റണി കുറ്റവാളിയുടെ വിവരം തന്റെ സുഹ്രൂത്തും immediate senior -ഉം  ആയ ഫര്‍ഹാനോട് ( റഹ്മാന്‍) ഫോണീലൂടെ അറിയിക്കുന്നതിനിടയില്‍  car accident-ല്‍ പെടുന്നു. തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുന്ന ആന്റണിക്ക് കുറ്റ്വാളിയെ തേടി വീണ്ടും അന്വേഷണം ആരംഭിക്കേണ്ടി വരുന്ന. ഈ ദൗത്യത്തിനിടയില്‍ ഓര്‍മ്മ നഷ്ടപ്പട്ട ധീരനായ ഒരു പോലീസ് ഓഫീസര്‍ നേരിടുന്ന സംഘര്‍ഷഭരിതമായ യാത്രയാണ് മുംബൈ പോലീസ് പ്രതിപാദിക്കുന്നത്.

പോലീസ് ക്രൈം സ്റ്റോറികള്‍ മലയാള സിനിമക്ക് പുതുമയല്ലെങ്കിലും പുതുമയാര്‍ന്ന കഥാ തന്തുവും വ്യത്യസ്തമായ ആഖ്യാന രീതിയും മൂംബൈ പോലീസിനെ വേറിട്ട് നിര്‍ത്തുന്നു. മന്ത്രിമാരെയും മറ്റു ഉന്നതന്മാരെയും തെറിവിളിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന സാധാരണ മലയാളം സിനിമകളിലെ പോലീസുദ്യോഗഥന്‍മാരല്ല മുംബൈ പോലീസിലുള്ളത്, മറിച്ച് കൃത്യ നിര്‍വ്വഹണത്തില്‍ ജാഗരൂകരായ, പോലീസ് സത്യപ്രതിജ്ഞയോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന ഉത്സാഹികളായ പോലീസുകാരെയാണ് നമുക്കിവിടെ കാണാനാവുക. സങ്കീര്‍ണ്ണമായ തിരക്കഥയെ സരളമായി കൈകാര്യം ചെയ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അഭിനന്ദനമര്‍ഹിക്കുന്നു.


ആന്റണി മോസസ് എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മ നഷ്ടപ്പെടുന്നതിനു മുമ്പുള്ള വ്യക്തി വിശേഷണങ്ങളും, ഓര്‍മ്മ നഷ്ട്പ്പെട്ടതിനു ശേഷമുള്ള ഭാവ വ്യത്യാസങ്ങളും നൈസര്‍ഗ്ഗികമായി അവതരിപ്പിച്ച പൃഥ്വിരാജിന്റെ പ്രകടനമാണ് ചിത്രത്തില്‍ കൂടുതല്‍ ശ്രദ്ദിക്കപ്പെടുന്നത്. ക്ളൈമാക്സിലെ ‘ധീരമായ’ രംഗത്തിലഭിനയിക്കാന്‍ ഈ യുവ താരം തന്റെ ഇമേജിനെ പോലും വക വെക്കാതെ കാണിച്ച ചങ്കൂറ്റം അഭിനന്ദനീയമാണ്. കമ്മീഷണര്‍ ഫര്‍ഹാനെന്ന കഥാപാത്രം കുറ്റവാളിയാണോ എന്ന് പ്രേക്ഷകരെക്കൊണ്ട് സംശയിപ്പിക്കുന്ന രീതിയില്‍ അതി വിദഗ്ദമായ ഭാവപ്രകടനങ്ങളോടെ അവതരിപ്പിച്ച് റഹ്മാന്റെ അഭിനയം മികച്ചതായി.  സുധാകരന്‍ എന്ന കഥാപാത്രത്തിലൂടെ സത്യ സന്ധനായ പോലീസ് ഓഫീസറുടെ പ്രതിച്ഛായ മനോഹരമായി അവതരിപ്പിച്ച കുഞ്ചന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഡ്യൂട്ടിക്കിടയില്‍ മധ്യപിച്ചതിന് പോലീസ് സത്യപ്രതിജ്ഞ ചൊല്ലുന്ന രംഗം പ്രേക്ഷക ഹൃദയത്തെ സ്പര്‍ശിച്ചെങ്കില്‍ അത് കുഞ്ചന്റെ പ്രകടനത്തിന്റെ മികവ് കൊണ്ട് കൂടിയാണ്.സ്ത്രീ കഥാപാത്രങ്ങളെ ഒട്ടും പ്രാധാന്യം നല്‍കാതെ ചുരുങ്ങിയ രംഗങ്ങളില്‍ ഒതുക്കിയത് ചിത്രത്തിന്റെ ന്യൂനതയാണ് .എങ്കിലും അപര്‍ണ്ണ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥ ശ്രദ്ദിക്കപ്പെട്ടു.

കഥാഗതിക്കും സീനുകള്‍ക്കും ഏറ്റവും ഉചിതമായ രീതിയില്‍ ഷോട്ടുകള്‍ ഫ്രെയിമിലാക്കിയ ഛായാഗ്രാഹകന്റെ മികവ് ശ്രദ്ദേയമാണ്. ലൈറ്റിംഗിലും ഈ മികവ് നില നിന്നു എന്നുള്ളത് പ്രശംസാവഹമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കും , chasing രംഗങ്ങള്‍ക്കും ഒരു പ്രത്യേക താളം നല്‍കിയthrills master -ടെ creativity അഭിനന്ദനാര്‍ഹമാണ്. പശ്ചാത്തല സംഗീതത്തില്‍  പുലര്‍ത്തിയ മിതത്വം ചിത്രത്തിന്റെ tempo -ക്ക് അനുയോജ്യമായി. വ്യത്യസ്തമായ ഒരു suspense thriller   പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് റോഷന്‍ ആന്ഡ്രൂസ് കാസനോവയിലൂടെ ഉണ്ടായ അപവാദങ്ങള്‍ക്ക് വിദഗ്ദമായ ഒരു മറുപടി തന്നെയാണ് മുംബൈ പോലീസിലൂടെ നല്‍കിയിരിക്കുന്നത്.

1 thought on “Mumbai Police ( മുംബൈ പോലിസ്‌ ): Movie review”

Leave a Comment