Natholi ഒരു ചെറിയ…. : ആഖ്യാന രീതിയിലെ പുതുമയുമായി നത്തോലി ..

കണ്ടു മടുത്ത കഥകള്‍ സിനിമകളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ തിയേറ്ററിനോടു പിണങ്ങി നിന്ന യുവ പ്രേക്ഷകരെ വീണ്ടും പ്രദര്‍ശന ശാലകളിലേക്ക് അടുപ്പിച്ചത് ട്രീറ്റ്മെന്റിലെ വ്യത്യസ്തതയുമായി വന്ന New Generation സിനിമകളായിരുന്നു. കേരള കഫേയിലൂടെ രഞ്ജിത് തൂടങ്ങി വച്ച മലയാള സിനിമയുടെ നവധാരാ ചിത്രങ്ങള്‍ ആഖ്യാന ശൈലിയിലെ വൈവിധ്യം കൊണ്ട് യുവ പ്രേക്ഷകരുടെ കയ്യടി നേടി. എന്നാല്‍ ഈ ശ്രേണിയില്‍ വരുന്ന എല്ലാ ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചില്ല എന്നതാണ് വാസ്തവം. അതിനുള്ള ഒരു ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം V.K. Prakash – Shankar Rama Krishnan( നടനായി വന്ന)  കൂട്ടു കെട്ടില്‍ പിറന്ന പോപ്പിന്‍സ് എന്ന സിനിമ. പോപ്പിന്‍സ് നുണഞ്ഞവരെല്ലാരും അത് ചവച്ച് തുപ്പിക്കളഞ്ഞു എന്നതാണ്  ആളൊഴിഞ്ഞ പ്രദര്‍ശന ഹാളുകളുടെ റിപ്പോര്‍ട്ടും ചിത്രത്തിന്റെ സാമ്പത്തിക പരാജയവും നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഇതേ ടീമിന്റെ  പുതിയ ചിത്രമായ നത്തോലിക്കും പോപ്പിന്സിന്റെ തന്നെ ഗതി വരുമോ എന്ന ആശങ്ക ചിത്രത്തിന്റെ ആദ്യ പകുതി കാണുമ്പോള്‍ തോന്നിയേക്കാം. പോപ്പിന്‍സിന്റെ വിധിയില്‍ നിന്നും നത്തോലി രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് ഫഹദ് ഫാസില്‍ എന്ന നടനില്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസം ഒന്നു കൊണ്ട് മാത്രമായിരിക്കും. വി കെ പി യുടെ സ്ഥിരം നായകന്മാര്‍ക്ക് തന്നെ ചെയ്യാവുന്ന കഥാപാത്രത്തെ സരളമായ അഭിനയം കൊണ്ടും മിതമായതും, പാകതയൊത്തതുമായ രൂപ- ഭാവപ്പകര്‍ച്ചകള്‍ കൊണ്ടും പ്രേക്ഷകപ്രിയങ്കരനാക്കി മാറ്റുന്നതില്‍ ഈ അഭിനേതാവിന്റെ മിടുക്ക് സമ്മതിച്ചേ പറ്റൂ. അത്  കൊണ്ട് തന്നെ  നത്തോലി ചെറിയ മീനല്ല എന്ന് സമ്മതിക്കാന്‍ കഴിയാത്തവരൂം ” ഫഹദ് ഒരു ചെറിയ ( ഇവിടെ ശാരീരിക ആകാരമല്ല ഉദ്ദേശിച്ചത്) നടനല്ല ” എന്ന് ആണയിട്ട് പറയേണ്ടി വരും. എന്നാല്‍ ഫഹദിന് മുന്‍ സിനിമകളിലൂടെ ലഭിച്ച gray shaded നായകന്റെ പരിവേശത്തില്‍ നിന്ന് നത്തോലിയിലൂടെയും മുക്തിയില്ല എന്നതാണ് കൗതുകകരമായ വസ്തുത. മെട്രോ നായക പരിവേശത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബര്‍മൂടയഴിച്ച് ഫ്രൈഡേയിലൂടെ മുണ്ടുടുത്ത് വരികയും, താടി വച്ച് റസൂലായി പ്രണയിച്ചെങ്കിലും നത്തോലിയിലെത്തുമ്പോള്‍  നാടനും മെട്രോ പരിവേശവുമുള്ള രണ്ട് കഥാ പാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് ഫഹദ് താനൊരു ചെറിയ നടനല്ല എന്ന് തെളിയിച്ചത്.

ആഖ്യാന രീതിയിലെ പുതുമയാണ് നത്തോലിയിലൂടെ ചലച്ചിത്രകാരന്‍ നടത്തുന്ന പരീക്ഷണം.                 (ഇങ്ങനെയുള്ള പരീക്ഷണം മുമ്പും  നടന്നിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ). കഥാ പാത്രമായും കഥാ പാത്ര സൃഷ്ടാവായും നായക കഥാപാത്രം മാറുന്ന രീതിയിലുള്ള ഈ വൈവിധ്യം എല്ലാ പ്രേക്ഷകരെയും പ്രീതിപ്പെടുത്തിക്കൊള്ളണമെന്നില്ല.  എഴുത്തുകാരന്റെ മനസ്സില്‍ ആദ്യജന്മം കൊള്ളുന്ന സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും തിരക്കഥാകൃത്ത് നിത്യജീവിതത്തില്‍ കണ്ടിട്ടുള്ളവയാകാറാണ് പതിവ്. എന്നാല്‍ കഥാകൃത്തിനെ പിന്നിലാക്കിക്കൊണ്ട്  കഥാപാത്രം സ്വമേധയാ ചെയ്തു കൂട്ടുന്ന നാടകീയ രംഗങ്ങള്‍ക്ക് കഥാകൃത്ത് സാക്ഷിയാകേണ്ടി വരാറുണ്ട്. ഇങ്ങനെയുള്ള ഒരവസ്ഥയാണ് സിനിമയിലൂടെയും ( സിനിമയില്‍ കാണിക്കുന്ന TV അഭിമുഖത്തിലുടെയും ) ചലച്ചിത്രകാരന്‍ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും അത് എല്ലാ തരം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാവുമോ എന്ന് സംവിധായന്‍ ചിന്തിക്കേണ്ടിയിരുന്നു.

 നത്തോലി എന്ന് എല്ലാവരാലും പുച്ഛിച്ചു തള്ളപ്പെടുന്ന ഫഹദ് അവതരിപ്പിക്കുന്ന ഫ്ലാറ്റിലെ care taker ആയ പ്രേമന് ഒരു തിരക്കഥാകൃത്താവുക എന്ന അഭിലാഷമുണ്ട്. അത് കൊണ്ട് തന്റെ care taker ട്യൂട്ടി ചെയ്യുന്നതിനിടയില്‍ സമയം കണ്ടെത്തി തിരക്കഥാ രചന നടത്തുമ്പോഴാണ് നത്തോലിക്ക് കൂടുതല്‍ ആനന്ദം ലഭിക്കാറ് . എന്നാല്‍ പലപ്പോഴായി ഫ്ലാറ്റിലെ ജോലി അയാള്‍ക്ക് ഒരു പ്രഹസനവും , അരോജകത്വവുമുള്ളതുമായിത്തീരുന്നു. ഇതിന് ആക്കം കൂട്ടുന്നത് പ്രഭ എന്ന താന്തോന്നിയായ നായികാ കഥാപാത്രമാണ്. ഒരു തരത്തില്‍ പ്രഭ നത്തോലിയോട് (ജോലിക്കാരനോട് ) കാണിക്കുന്ന Harassment  ആയിട്ടാണ് അവനിത് തോന്നുന്നത്. അത് കൊണ്ട് തന്നെ അവളോടു പ്രതികാരം ചെയ്യാന്‍ അയാള്‍ നരേന്ദ്രന്‍ എന്ന പ്രതിനായ കഥാപാത്രത്തെ സൃഷ്ടിക്കുന്നു. എന്നാല്‍ നരേന്ദ്രന്‍ നത്തോലിയുടെ പിടിയില്‍ നിന്ന് സ്വയം ചാടി പല സംഘര്‍ഷങ്ങളും ( പ്രണയം, മരണം, ഭയം എന്നതാണ് കഥക്കാവശ്യമുള്ള conflicts  എന്ന് കഥാകൃത്ത് എഴുതിവെക്കുന്നുണ്ട് കേട്ടോ) സൃഷ്ടിക്കുകയും കഥ പലഗതിക്ക് തിരിയുകയും ചെയ്യുന്നു  .( അതോടു കൂടി പ്രേക്ഷകരുടെ ഗതി എന്താകുമെന്നുള്ളത് തിരക്കഥാകൃത്ത് ഊഹിച്ചിട്ടുണ്ടാവില്ല). ആക്ഷേപ ഹാസ്യത്തിന്റെ ( ആക്ഷേപമാണോ ഹാസ്യമാണോ ഉള്ളതെന്നുള്ളത് വേറെ കാര്യം) സഹായത്തോടെ മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത ആഖ്യാന രീതിയാണ് നത്തോലിയുടെ പ്രത്യേകതയും പോരായ്മയും.

ഉറുമിയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷണനില്‍ നിന്നും പ്രേക്ഷകര്‍ ഇങ്ങനെ ഒരു തിരക്കഥ പ്രതീക്ഷിച്ച് കാണില്ല. അനൂപ് മേനോന്‍ തൂലിക ചലിപ്പിക്കാത്തത് കൊണ്ട് Trivandrum Lodge -ലും Beautiful-ലും ഉള്ളതൊന്നും ( എന്തൊക്കെയാണ് എന്ന് ആ സിനിമകള്‍ കണ്ടവര്‍ക്ക് ഊഹിക്കാമല്ലോ. പോരാത്തതിന് നത്തോലിയുടെ രചനാ മുറിയില്‍ കഥക്ക് ആവശ്യമില്ലാത്തത് എന്ന ലേബലില്‍ അവ എഴുതി വെച്ചിട്ടുമുണ്ട്) ഈ സിനിമയില്‍ കാണുമെന്ന്( കേള്‍ക്കാമെന്നും) പ്രതീക്ഷിച്ച് ചെല്ലുന്നവര്‍ക്ക് നിരാശരാകേണ്ടിവരും. ഛായാഗ്രഹണ മികവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ കുറവാണെങ്കിലും ആഖ്യാന രീതിയെ support ചെയ്യുന്ന ചിത്രസംയോജനം കൊണ്ട് മഹേഷ് നാരായണന്‍ എന്ന എഡിറ്ററുടെ മികവ് ചിത്രത്തില്‍ കാണാം. ഗാനങ്ങള്‍ക്ക് ചിത്രത്തിലെ സീനുകളെ വെട്ടിച്ചുരുക്കാനല്ലാതെ  പ്രേക്ഷകര്‍ക്ക് ശ്രവണ സുഖം നല്‍കാന്‍ മാത്രം മാധുര്യമുള്ളതല്ല.

 ശ്രീജാ രവിയുടെ ഡബ്ബിംഗിന്റെ സഹായത്തോടെ നായികയായി വന്ന കമലിനീ മുഖര്‍ജിയുടെ അഭിനയം കഥാ പാത്രത്തിന് യോജിച്ച രീതിയിലായിട്ടുണ്ട്. ദേവി ചന്ദനയുടെ ശബ്ദത്തിന്റെ സഹായത്തോടെ ഐശ്വര്യയുടെ അഭിനയവും നന്നായിട്ടുണ്ട്.( ഐശ്വര്യ അവതരിപ്പിച്ച ലക്ഷിയേടത്തി എന്ന മസ്സാജ് പാര്‍ല‍ര്‍ നടത്തിപ്പുകാരി യഥാര്‍ഥത്തില്‍ സൈനബത്താത്തയാണെന്ന് കാണിച്ചതിന്റെ പിന്നിലെ ഉദ്ദേശമെന്തായാലെന്താ)
തന്റെ മിക്ക സിനിമകള്‍ക്കും ( 3 kings, Beautiful, Trivandrum lodge, Poppins etc.) ഇംഗ്ളീഷില്‍ പേര് നല്‍കിയ സംവിധായകന്‍ ഈ ചിത്രത്തിന് ” നത്തോലി ഒരു ചെറിയ മീനല്ല” എന്ന് പേര് നല്കി മലയാള ഭാഷയോട് സ്നേഹം കാണിച്ചെങ്കിലും പേരിലുള്ള പുതുമയോ അവതരണ രീതിയിലുള്ള വൈവിധ്യമോ ഒരു സിനിമയുടെ വിജയത്തിന് കാരണമാകും എന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന് പ്രേക്ഷകര്‍ പറഞ്ഞാല്‍ അവരെ കുറ്റം പറയനാവില്ല.

1 thought on “Natholi ഒരു ചെറിയ…. : ആഖ്യാന രീതിയിലെ പുതുമയുമായി നത്തോലി ..”

  1. റിവ്യു ആണെങ്കില്‍ ഇങ്ങനെ പക്ഷപാതമില്ലാതെ തന്നെ വേണം… നന്നായി…

    Reply

Leave a Comment