ഹോര്‍മോണിന്റെ വികൃതികള്‍

റിമോട്ടില്‍ വിരലമര്‍ത്തുമ്പോള്‍ മാറി മാറി ടിവിയില്‍ തേളിയുന്ന ദൃശ്യങ്ങള്‍ക്കൊന്നിനും കാമുകി തന്റെ ഫോണെടുക്കാത്തതിന്റെ അസ്വസ്ഥത അവനില്‍ നിന്നും മാറ്റാനവുന്നില്ല.

‘ഈ ഗേള്‍സെല്ലാം ഇങ്ങനെയാ..’

ആരോടെന്നില്ലാതെ അവനിലെ രോഷം വാക്കുകളായി തെറിച്ചു വീണു. മസിലുകള്‍ പെട്ടെന്ന് മുഴപ്പിക്കാനായി ജിമ്മില്‍ പോയി അമിത ഭാരമെടുത്തതിന്റെ ഫലമെന്നോണം ദേഹമാസകലെയുള്ള വേദന അവനെ ആകെ അലട്ടുന്നുണ്ട്. പത്രത്തിലെ ക്ലാസിഫൈഡ് കോളത്തില്‍ നിന്നും ലഭിച്ച നമ്പര്‍ വിളിച്ച് ഒരു കിളിനാദത്തിനായി അവന്‍ കാതോര്‍ത്തു. ‘Relax Massage service’ പതിഞ്ഞ സ്വരത്തില്‍ ഇക്കിളിപ്പെടുത്തുന്ന ഒരു മണിനാദം. ആവള്‍ക്ക് അഡ്രസ്സ് പറഞ്ഞ് കൊടുത്ത് ഫോണ്‍ വെക്കുമ്പോള്‍ അവന്റെ മനസ്സില്‍ തന്റെ ശരീരമാസകലം മസ്സാജ് ചെയ്യാന്‍ വരുന്ന ആ കിളിനാദത്തിന്റെ ഉടമയായ ഒരു സുന്ദരിയുടെ ചിത്രമായിരുന്നു. അവളുടെ വിരലികളിലെ മൃദുസ്പര്‍ശമേറ്റ് കുളിരു കോരാന്‍ വെമ്പൂന്ന തന്റെ ശരീരത്തിന്റെ പ്രതിബിംഭം കണ്ണാടിയില്‍ കണ്ടപ്പോള്‍ അവന്‍ എന്തിനെന്നില്ലാതെ അഹങ്കരിച്ചു.

11C യുടെ ഡോറിനു സമീപത്തെ കാളിംഗ് ബെല്ലില്‍ പതിയെ അമരുന്ന നൈല്‍ പോളിഷ് ചെയ്ത വിരലുകള്‍. അര്‍ദ്ദ നഗ്‌നനായ റോഷന്‍ അകത്ത് നിന്ന് വാതില്‍ തുറന്നു. അവന്റെ വിരിഞ്ഞ മാറിടത്തിലേക്ക് കൊതിയോടെ നോക്കുന്ന കണ്‍മഷി എഴുതിയ കണ്ണുകള്‍. ചായം പൂശിയ ചുണ്ടുകള്‍ക്കിടയിലൂടെ ഉതിര്‍ന്നു വീണ കിളിനാദം. ‘മസ്സാജ് സര്‍വീസിന് വേണ്ടി വിളിപ്പിച്ചിരുന്നു’ തോളില്‍ ബാഗുമേന്തി ജീന്‍സും ടീഷര്‍ട്ടും ധരിച്ചു വന്ന അവളെ അവന്‍ ഒന്ന് അടിമുടി നോക്കി. പരന്ന് കിടക്കുന്ന അവളുടെ മാറിടത്തില്‍ അവന്റെ നേത്രങ്ങള്‍ സങ്കോചത്തോടെ നിന്നു.അവന്റെ മനസ്സില്‍ ആരോ മന്ത്രിച്ചു. ഇവള്‍.. ഇത് ഒരു പെണ്ണല്ല! സ്‌െ്രെതണത നിറഞ്ഞ ഒരു പുരുഷന്‍! ചായം തേച്ച് മിനുക്കിയ സ്ത്രീത്വം തുളുമ്പൂന്ന ആ യുവാവിന്റെ മുഖത്ത് നിന്നും അവന്‍ ഒരു ഭീഭത്സ ഭാവത്തോടെ തന്റെ കന്നുകള്‍ പിന്‍വലിച്ചു. ഒരു ചെറു പുഞ്ചിരിയോടെ തന്റെ ബാഗില്‍ നിന്നും പ്‌ളാസ്റ്റിക് ഷീറ്റെടുത്ത് കട്ടിലില്‍ വിരിച്ച് കൊണ്ട് ആ സ്ത്രീ രൂപം മൊഴിഞ്ഞു.

‘സര്‍ , ഈ കട്ടിലിലേക്ക് കിടക്കൂ. ഇന്ന് കുറച്ച് തിരക്കുള്ള ദിവസമാണ്. പെട്ടെന്ന് കഴിഞ്ഞാല്‍ എനിക്ക് അടുത്ത ക്ലയന്റിന്റെയടുത്ത് പറഞ്ഞ സമയത്തെത്താന്‍ പറ്റും’.

സുന്ദരിയായ സ്ത്രീയുടെ മൃദുസ്പര്‍ശം പ്രതീക്ഷിച്ചു നിന്ന തന്റെ ശരീരത്തെ തടവാന്‍ ഈ ആണും പെണ്ണും കെട്ട. അവന്റെ മുഖത്ത് നിരാശയും ദേഷവും ഇടകലര്‍ന്ന് മിന്നിമറിയുകയാണ്. ബാഗില്‍ നിന്നും മസ്സാജ് ഓയില്‍ എടുത്ത ശേഷം കട്ടിലിലേക്കാനയിക്കാനായി അവള്‍ അവ്‌ന്റെ ദൃഢഗാത്രമായ കരങ്ങളില്‍ പിടിച്ചു. പെട്ടെന്ന് അരിശം മൂത്ത് അവളുടെ കൈ തട്ടി മാറ്റി അവന്‍ അട്ടഹസിച്ചു.

‘വേണ്ട.. എന്നെ ആരും മസ്സാജ് ചെയ്യണ്ട! ഞാന്‍ വിചാരിച്ചതുപോലെ…’

അവന്റെ വാക്കുകള്‍ മുറിച്ച് കൊണ്ട് അവള്‍ നിശ്ചയ ദാര്‍ഢ്യത്തോടെ മൊഴിഞ്ഞു.

‘നിങ്ങളെ സുഖിപ്പിച്ച് കിടത്താന്‍ വന്നതല്ല ഞാന്‍.. I am a professional masseur..നിങ്ങള്‍ക്ക് എന്റെ സര്‍വ്വീസ് വേണ്ടെങ്കില്‍ വേണ്ട. പക്ഷെ പറഞ്ഞുറപ്പിച്ച കാഷ് എനിക്ക് കിട്ടാണം! വെറുതെ സമയം മെനക്കെടുത്തി..’

അവളുടെ മാറിടത്തിലേക്ക് വീഴുന്ന അഞ്ഞൂറിന്റെ നോട്ടിനെ ഭവ്യതയോടെ ചുംബിച്ചു കൊണ്ട് അവള്‍ ഇറങ്ങി. തനിക്ക് പറ്റിയ അമളിയോര്‍ത്ത് ഇതികര്‍തവ്യാമൂഢനായി നിന്ന റോഷന് നീട്ടി വളര്‍ത്തിയ മുടി ശരിയാക്കിക്കൊണ്ട് അന്ന നടയോടെ നീങ്ങുന്ന ആണത്വമില്ലാത്ത ആ യുവാവിനോട് ഒരു നിമിഷം സഹതാപം തോന്നി.

സായഹ്നത്തിലെ ഇളം കാറ്റേറ്റ് കാമുകിയുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് റോഷന്‍. അവളുടെ പിണക്കത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ജുഹു ബീച്ചിലെ തിരമാലകള്‍ക്ക് ഞായറാഴ്ചയിലെ ജനസമുദ്രത്തെ കണ്ട് ആവേശം കൂടിയുട്ടെണ്ടെന്ന് തോന്നിപ്പോകും. തന്റെ മുടിയിലൂ ടെ വിരലോടിക്കുന്ന കാമുകിയുടെ കൈകള്‍ ചുംബിക്കുന്നതിനിടയിലാണ് അവനത് ശ്രദ്ധിച്ചത്! ഒരു ഐസ് ഗോല മാറി മാറി നുകര്‍ന്ന് വരുന്ന ഒരു യുവ കോമളന്‍ . രാവിലെ തന്നെ കബളിപ്പിച്ച അവളുടെ, ആ മസ്സാജറിന്റെ അതേ ഛായ! അതെ ഇതവള്‍ തന്നെ.. പെണ്‍ വേഷത്തില്‍ വന്നെന്നെ പറ്റിക്കുകയായിരുന്നു…’ ഒന്നും പിടി കിട്ടതെ കാമുകി റോഷനെ അതിശയത്തോടെ നോക്കി.

മടിയില്‍ നിന്നും ഞൊടിയില്‍ എണീറ്റ് റോഷന്‍ ആ പ്രണയ ജോഡിക്ക് പിന്നാലെ ഓടി. പ്രണയിനിയുടെ വായിലേക്ക് മൃദുവായി ഗോല തിരുകുന്ന അയാളുടെ മുതുകത്ത് പതിയുന്ന റോഷന്റെ ശക്തമായ മുഷ്ടി. പെട്ടെന്നുള്ള അടിയില്‍ തെറിച്ച് പോകുന്ന ഗോല മണലില്‍ വീണ് അലിഞ്ഞു കോണ്ടേയിരുന്നു. തിരിച്ച് തന്നെ തല്ലാന്‍ കയ്യോങ്ങിക്കൊണ്ടു വരുന്ന ആ യുവാവിന്റെ മുഖത്ത് ഇപ്പോള്‍ രാവിലെ കണ്ട സ്‌െ്രെതണ ഭാവങ്ങളില്ല. കണ്‍മഷിയും ലിപ്‌സ് റ്റിക്കുമില്ല.

‘പെണ്‍ വേഷം കെട്ടി ആളെ പറ്റിക്കലാണല്ലേ പണി? എന്നിട്ട് ആ കാഷ് കൊണ്ട് ഗേള്‍ഫ്രണ്ടിന് ഗോല.. കേറ്റിക്കൊട്.. നാണമില്ലല്ലോ?

ഇങ്ങനെ പണമുണ്ടാക്കുന്നതിന്’ റോഷന്റെ പുച്ഛം കലര്‍ന്ന വാക്കുകള്‍ക്കു മുന്നില്‍ അയാളുടെ കൈകള്‍ ഫണം താഴ് ത്തി. ഒട്ടും അങ്കലാപ്പും രോഷവുമില്ലാത്ത അയാളുടെ മുഖം റോഷന്റെ മനസ്സില്‍ പശ്ചാത്താപം വിതറിയിട്ടു.

‘കരണ്‍ കാരണം മനുഷ്യന് പുറത്തിറങ്ങി നടക്കാന്‍ വയ്യാതായി.. ഇന്നും വേറൊരുത്തന്‍ അവ്‌നാണെന്ന് ധരിച്ച്…’

തന്റെ മുതുകത്ത് വീണ അടിയുടെ വേദന കടിച്ചു പിടിച്ചു കൊണ്ടു അരുണ്‍ അമ്മയോട് സങ്കടപ്പെട്ടു. ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനിടയില്‍ അമ്മ അവനെ ഓര്‍മ്മിപ്പിച്ചു.

‘നീ ഇപ്പോള്‍ കഴിക്കുന്ന ഈ ഭക്ഷണം പോലും കരണ്‍ കണ്ടവരുടെ മേലു തിരുമ്മിയുണ്ടാക്കിയതാ.. ആണാണെന്ന് പറഞ്ഞിട്ട് നിന്നെക്കൊണ്ടെന്തിന് കൊള്ളാം. അവന്‍ കൊണ്ടു വരുന്ന കാഷ് പിടിച്ച് പറിച്ച് കാമുകിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാനോ..അതോ അവളോടിക്കുന്ന സ്‌കൂട്ടറില്‍ അവളുടെ പിറകില്‍ മുട്ടിയിരുന്ന്..ഞാനൊന്നും അറിയുന്നില്ലെന്ന് വിചാരിക്കണ്ട.

അമ്മയുടെ ശകാരത്തിനു മുന്നില്‍ ഇളിഭ്യനായി തീന്‍ മേശയില്‍ നിന്നുമെണീക്കുന്നതിനിടയില്‍ അവന്‍ രോഷത്തോടെ അലറി.

‘മതി എനിക്കിനി വേണ്ട ഹിജഡയുടെ അത്താഴം..’

തിരിഞ്ഞു നടക്കുന്ന അരുണിന്റെ തൊട്ടു മുന്നിലായി തന്റെ സ്‌െ്രെതണത കലര്‍ന്ന പ്രതിരൂപത്തെ അപ്പോഴാണവന്‍ ശ്രദ്ധിക്കുന്നത്. ജോലി കഴിഞ്ഞ് വരികയായിരുന്ന കരണിന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് അരുണ്‍ തന്റെ മുറിയില്‍ കയറി ശക്തിയായി വാതിലടച്ചു. ആ പ്രഹരം കരണിന്റെ നെഞ്ചില്‍ ആഞ്ഞു പതിച്ചു. ഈ ലോകത്ത് തന്നെ സ്‌നേഹിക്കുന്ന ഒരേ ഒരു വ്യക്തി, തന്റെ അമ്മയുടെ തോളില്‍ മുഖമമര്‍ത്തി അവനിലെ പെണ്‍മനസ്സിലെ നൊമ്പരം അവന്‍ കടിച്ചമര്‍ത്തി.

അച്ഛന്റെ പൂമാലയിട്ട ചിത്രത്തിനു മുന്നില്‍ ഒരു ശില കണക്കെ നില്ക്കുകയാണ് കരണ്‍! കലങ്ങിയ കണ്ണുകളിലൂടെ തന്റെ മുറിയിലെ കണ്ണാടിയില്‍ തന്റെ പ്രതിബിംഭം തെളിഞ്ഞു നില്ക്കുന്നതവന്‍ കണ്ടു. ആ പ്രതിരൂപം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ അവനു തോന്നി. തന്റെ പ്രതിബിംഭത്തെ സ്വയം ശപിക്കുന്ന ഒരു മാനസിക വിഭ്രാന്തിയിലാണവനിപ്പോള്‍ . ചുണ്ടില്‍ തേച്ച ചായം കവിളിലേക്കും താടിയിലേക്കും പരത്തുന്ന അവന്റെ വിരലുകളിലെ നീണ്ട പോളീഷ് ചെയ്ത നഖങ്ങള്‍ കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് വന്യമായി ചിരിക്കുകയാണവന്‍. കലങ്ങിയ കണ്‍തടത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന കണ്‍മഷി കവിള്‍ത്തടങ്ങളില്‍ മുഴുവനായി പടര്‍ത്തുന്നതിനിടയില്‍ എന്തോ ഓര്‍മ്മ വന്ന പോലെ ഡ്രോയില്‍ നിന്നും തന്റെ ഡയറി വലിച്ചെടുത്തു. യാന്ത്രികമായി എന്തൊക്കെയോ കുത്തിക്കുറിച്ചു.

അമ്മയുടെ നിലവിളി കേട്ടാണ് അരുണ്‍ ഞെട്ടിയുണര്‍ന്നത്! കരണിന്റെ മുറിയില്‍ അവന്റെ ഡയറിയും കയ്യില്‍പ്പിടിച്ചു കൊണ്ട് വിതുമ്പുന്ന അമ്മയെയാണ് ഓടിക്കിതച്ചു വന്ന അരുണ്‍ കാണുന്നത്. ടേബിളില്‍ വച്ചിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോയില്‍ കരണിന്റെ മുഖത്ത് കണ്‍മഷി കൊണ്ട് കരി പിടിപ്പിച്ചിരിക്കുന്നു. കരണിനെ അവിടെയൊന്നും കാണാനില്ല. ഡയറി അരുണിന്റെ മുഖത്തേക്ക് നീട്ടിക്കൊണ്ട് അമ്മ പൊട്ടിത്തെറിച്ചു. ‘ ഇപ്പൊ നിനക്ക് തൃപ്തിയായല്ലൊ? അവനെല്ലാം ഇട്ടിട്ടു പോയി മോനെ.. ആ മാതൃ ഹൃദയം ദുഃഖം അടക്കാനാവാതെ തേങ്ങി. ‘ഈ വയറ്റില്‍ കിടന്നവരാ രണ്ടാളും.. അവന്റെ കുറ്റം കൊണ്ടാണോ അവനങ്ങനെയായത്? എല്ലാം ദൈവം കൊടുക്കുന്നതല്ലേ.. ഡയറില്‍ കരണ്‍ എഴുതി വച്ച വരികള്‍ അരുണിന്റെ കന്നുകളെ ഈറനണിയിച്ചു. സങ്കടം അടക്കാനാവാതെ അമ്മ വീണ്ടും ശബ്ദിച്ചു.

‘നാട്ടുകാരുടെ പരിഹാസം കേട്ട് അവന്‍ വളരണ്ടാന്ന് കരുതിയാ അദ്ധേഹം നമ്മളെ ബോംബെയിലേക്ക് കൊണ്ടു വന്നത്. എന്നിട്ടിപ്പം സ്വന്തം കൂടപ്പിറപ്പ് തന്നെ അവനെ ഹിജഡയെന്നെ..

ആ അമ്മയുടെ തൊണ്ട ഇടറി.

കരണിന്റെ ആല്‍ബം മറിച്ചു കൊണ്ടിരിക്കുമ്പോള്‍ താനും കരണുമൊത്തുള്ള പഴയ ഫോട്ടോകള്‍ അവനിലെ സഹോദര സ്‌നേഹത്തെ തൊട്ടുണര്‍ത്തി. കരണ്‍ ഡയറിയില്‍ എഴുതി വെച്ച വാക്കുകള്‍ ഓരോന്നായി കാതുകളിലേക്ക് തുളച്ചു കയറുന്നതുപോലെ അവന് തോന്നി. തെറ്റ് ചെയ്ത ഒരു കുട്ടിയെപ്പോലെ അവന്‍ നിശ്ശബ്ദനായി കരഞ്ഞു. മുറിവേറ്റ ഹൃദയവുമായി തന്റെ കൂടപ്പിറപ്പ് നാടു വിട്ടത് താന്‍ കാരണമെന്ന പശ്ചാത്താപം അവന്റെ നെഞ്ചില്‍ മുള്ളു പോലെ തറച്ചു.

കരണിന്റെ മൊബൈലില്‍ വിളിക്കുമ്പോള്‍ ‘Not Reachable’എന്ന സന്ദേശമാണ് ലഭിക്കുന്നത്. മുംബൈ നഗരത്തിന്റെ തിരക്ക് പിടിച്ച വീഥിയിലൂടെ അരുണ്‍ സഹോദരനെ തേടിയലഞ്ഞു. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഞെട്ടോട്ടത്തിനിടയില്‍ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. കടകള്‍ തോറും കയറിയിറങ്ങി ആധികാരികമായി ഭിക്ഷ വാങ്ങുന്ന ഹിജഡകളുടെ കൂട്ടത്തില്‍ അവന്റെ കണ്ണുകള്‍ പരതി. തന്റെ സഹോധരനും ഇവരോടൊപ്പം ! അനിയന്ത്രിതമായ ആശങ്ക അവനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ലോക്കല്‍ ട്രെയിനിലെ തിരക്കിനിടയിലും യാത്രക്കാരോട് സ്‌നേഹപൂര്‍വ്വം പണം ചോദിച്ചു വാങ്ങുന്ന സാരിയുടുത്ത പുരുഷന്മാര്‍.. അവരോടിപ്പോള്‍ അരുണിന് പുച്ഛമില്ല.സഹതാപം നിറഞ്ഞ സ്‌നേഹം മാത്രം.അവര്‍ക്കിടയിലും അവന്റെ നേത്രങ്ങള്‍ തന്റെ പ്രതിരൂപത്തെ പരതുന്നുണ്ടായിരുന്നു.

വിശാലമായ നഗരത്തിന്റെ മറ്റൊരു കോണില്‍ ആശുപത്രിയുടെ പടിയിറങ്ങുകയാണ് കരണ്‍. അവന്റെ മുഖത്തിപ്പോള്‍ ലിപ് സ്റ്റിക്കും കണ്‍മഷിയുമില്ല. ക്ഷീണിച്ച മുഖത്ത് പ്രതീക്ഷയുടെ നാന്പുകള്‍ തെളിയുന്നതായി കാണാം. ഫുട്പാത്തിലൂടെ നടന്നു നീങ്ങുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ അവന്റെ മനസ്സിനെ പിന്തുടരുന്നുണ്ടായിരുന്നു.

‘ഇതു ഒരു രോഗമല്ല! ക്രോമസോമിന്റെ ഘടനാപരമായ വ്യത്യാസം കൊണ്ടും ഹോര്‍മോണ്‍ വ്യതിയാനം മൂലവും ജന്മനാ ഉണ്ടാകുന്ന ഒരു ലൈഗിക അവസ്ഥയാണിത്. വിദേശങ്ങളിലൊക്കെ ഇതിന് പരിഹാരം ചെയ്യാനുള്ളാ സൗകര്യങ്ങളുണ്ട്. പണമുണ്ടെങ്കില്‍ എന്തും നടക്കും.’

അവന്റെ മനസ്സില്‍ പുതിയ ഊര്‍ജ്ജം നല്‍കിയ ഡോക്ടറുടെ വാക്കുകള്‍ ‘അവളെന്ന്’ ജനം വിളിച്ചിരുന്ന അവനെ കരുത്തനാക്കിയിരിക്കുന്നു.

നീണ്ട ട്രാഫിക് ബ്‌ളോക്കുകള്‍ക്കിടയിലൂടെ നുഴഞ്ഞ് കയറി സ്‌കൂട്ടിയോടിക്കുന്ന കാമുകിയുടെ പിറകിലിരുന്ന് സഹോധരനെ തിരയുന്ന അരുണിനെയും, ഗേള്‍ഫ്രണ്ടിന്റെ പോക്കറ്റ് മണിയുടെ ബലത്തില്‍ ജീവിതം ആനന്ദകരമാക്കുന്ന റോഷനെയും പോലെ ‘ ആണായിപ്പിറന്നവള്‍മാര്‍ക്കിടയിലൂടെ ആകാശ ഗോപുരങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന പറവകളെപ്പോലെ ഉന്നതിയിലേക്ക് ലക്ഷ്യം വച്ച് നിശ്ചയദാര്‍ഢ്യത്തോടെ കരണ്‍ ആണും പെണ്ണും നിറഞ ആ ആള്‍ക്കൂട്ടത്തിനിടയില്‍ അലിഞ്ഞു ചേര്‍ന്നു